കരുവന്നൂരില്‍ സി.പി.ഐ.എമ്മിനെന്ത് എന്നതിനേക്കാള്‍ എന്നെ അലോസരപ്പെടുത്തുന്നത് ‘സഹകരണ’ത്തില്‍ ബി.ജെ.പിക്കെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ്.
കാരണങ്ങള്‍ പറയാം.
1. കേന്ദ്രത്തില്‍ സഹകരണത്തിനൊരു മന്ത്രിയുണ്ട്, അങ്ങേരുടെ പേര് അമിത് ഷാ എന്നാണ്. ദേശീയരാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ(ചിലപ്പോള്‍ മോദിക്കും മുകളില്‍) ആളെത്തന്നെ ആര്‍.എസ്.എസ് ആ വകുപ്പ് ഏല്‍പിച്ചത് ഒന്നും കാണാതെയല്ല.
2. ഗുജറാത്തിന്റെ അധികാരത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പടിയടച്ചു പിണ്ഡംവെയ്ക്കാന്‍ അമിത്ഷാ ആദ്യം ചെയ്തത് ഗുജറാത്തിലെ സഹകരണ പ്രസ്ഥാനത്തെ വരുതിയിലാക്കുകയാണ്.
3. അടിത്തട്ട് മനുഷ്യരെ ഇത്രമേല്‍ ചേര്‍ത്തുനിര്‍ത്തുന്ന, സഹകരണസംഘങ്ങള്‍ക്ക് പകരം വെക്കാവുന്ന മറ്റൊരു കൂട്ടായ്മയില്ല രാജ്യത്ത്. അവിടെ ഉണ്ടാകുന്ന ഏത് ചെറിയ ഇളക്കവും രാഷ്ട്രീയമായ പ്രതിധ്വനികള്‍ സൃഷ്ടിക്കും.
4. സഹകരണബാങ്കുകളില്‍ നിന്നുള്ള അനുകൂല്യങ്ങള്‍/ സഹായങ്ങള്‍/ ലോണുകള്‍ ഇല്ലാതാകുമോ എന്ന് ഭയന്ന് പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ടുകൊടുത്തിട്ടുണ്ട് ഒരു ഘട്ടത്തില്‍ ഗുജറാത്തിലെ സാധാരണക്കാരായ മുസ്‌ലിങ്ങള്‍ പോലും. അത്ര ആഴത്തില്‍ വേരുണ്ട് സഹകരണ പ്രസ്ഥാനത്തിന്.
5. മഹാരാഷ്ട്രയില്‍ ബി.ജെ.പി ആദ്യം വീഴ്ത്തിയത് സഹകരണമേഖലയില്‍ എന്‍.സി.പിക്ക് ഉണ്ടായിരുന്ന മേല്‍ക്കൈയ്യാണ്. അതിനുശേഷമാണ് ആ പാര്‍ട്ടിയെ പിളര്‍ത്തി ഒരുപക്ഷത്തെ ഒപ്പം നിര്‍ത്തിയത്.
6. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ കയ്യിലൊതുക്കുക ബി.ജെ.പിയുടെ അജണ്ടയാണ്. ഒരു എം.പിയെയോ എം.എല്‍.എയെയോ ഉണ്ടാക്കുന്നതിനേക്കാള്‍ അവര്‍ ഇപ്പോള്‍ താല്‍പര്യപ്പെടുക സഹകരണമേഖലയെ കൈപ്പിടിയിലാക്കാന്‍ തന്നെയാണ്.
എം.പിയും എം.എല്‍.എയും പിറകെ ഉണ്ടായിക്കോളുമെന്ന് അമിത്ഷായെ ആരും പഠിപ്പിക്കേണ്ടതില്ല. അതുകൊണ്ട് ഇപ്പോഴത്തെ ഇ.ഡി നടപടിക്ക് കയ്യടിക്കാനില്ല. കരുവന്നൂരിലെ ഭരണസമിതിയുടെ കെടുകാര്യസ്ഥതയെ ന്യായീകരിക്കാനുമില്ല.
‘ഗുജറാത്തിലും പഞ്ചാബിലും മഹാരാഷ്ട്രയിലും അടിസ്ഥാന ജനസമൂഹത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന്റെ മറ്റൊരു പേരാണ് സഹകരണ പ്രസ്ഥാനം. എന്നാല്‍ കേരളത്തിലാകട്ടെ കോടികള്‍ പാര്‍ട്ടിഫണ്ടിലേക്ക് വകമാറ്റാനുള്ള കേന്ദ്രങ്ങളും.
‘കപ്പലിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്’ എന്ന് 2021ല്‍ ലേഖനമെഴുതിയിട്ടുണ്ട് സംഘ് ജിഹ്വ ജന്മഭൂമി. അമിത്ഷാ ഗുജറാത്തിലെ സഹകരണ മേഖലയെ ശക്തിപ്പെടുത്തിയതിനെ കുറിച്ചുമുണ്ട് ലേഖനത്തില്‍. ആ ‘ശാക്തീകരണം’ ബി.ജെ.പി കേരളത്തിലും പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് വരികള്‍ക്കിടയില്‍ വായിക്കാന്‍ തൃശൂരിലെ ചില സി.പി.ഐ.എം നേതാക്കള്‍ക്ക് കഴിയാതെ പോയോ എന്ന് പാര്‍ട്ടി പരിശോധിക്കുമായിരിക്കും!
Content Highlight: Muhammadali Kinalur’s write up on karuvannur bank issue