| Tuesday, 5th July 2022, 7:00 pm

ബഷീറിന് അത്രയ്ക്ക് ചെറുതാവാന്‍ വയ്യ

മുഹമ്മദലി കിനാലൂര്‍

എന്തിന് ബഷീറിനെ ഓര്‍ക്കണം?
എന്തിന് ബഷീറിനെ വായിക്കണം?

രണ്ട് ചോദ്യങ്ങള്‍ക്കും ഒരൊറ്റ ഉത്തരം മതിയാകും.

നമ്മില്‍ ഏറിയപേര്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത ജീവിതം ജീവിച്ചുകാണിച്ച പച്ചമനുഷ്യനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ബഷീര്‍ എഴുതിയതിനെക്കാള്‍ പതിന്മടങ്ങ് ബഷീര്‍ എഴുതപ്പെട്ടത് അതുകൊണ്ട് തന്നെയാണ്. ബഷീറിന് ആത്മകഥ എഴുതേണ്ടിവന്നില്ല. എഴുതിയ ഓരോ വരിയിലും ബഷീര്‍ തന്നെത്തന്നെ കടലാസിലേക്ക് കുടഞ്ഞിട്ടു എന്നതുകൊണ്ടാകാം. ആ കുടഞ്ഞിടല്‍ ലളിതപ്രക്രിയ ആയിരുന്നില്ല.

എഴുതുമ്പോഴെല്ലാം കരയുമായിരുന്നു ബഷീറെന്ന് ഡോ എം.എം. ബഷീര്‍ എഴുതുന്നുണ്ട്. ആ കരച്ചിലാണ് ഗഡാഗഡിയന്‍ തമാശകളായി മലയാളികളെ രസിപ്പിച്ചത്. കണ്ണുനീരിന് ചിരിപ്പിക്കാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ബഷീര്‍.

ബഷീറിനെക്കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങളില്‍ പല കാരണങ്ങളാല്‍ എനിക്ക് വ്യത്യസ്തമായി തോന്നിയ പുസ്തകമാണ് ‘എഴുതുമ്പോള്‍ എപ്പോഴും കരഞ്ഞ ഒരാള്‍’. ബഷീര്‍ സാഹിത്യത്തോടുള്ള അതിരുകടന്ന ആരാധനയോ പ്രശംസയോ ഈ പുസ്തകത്തിലില്ല. അതേസമയം ബഷീര്‍ എന്ന മനുഷ്യനെ, ബഷീറെഴുത്തിലെ വിശേഷങ്ങളെ പൊടിപ്പും തൊങ്ങലുമില്ലാതെ അവതരിപ്പിക്കുന്നുണ്ട്.

ബഷീറും ഭാര്യയും തമ്മിലുള്ള ഒരു സംഭാഷണരംഗം പകര്‍ത്തുന്നുണ്ട് ഡോക്ടര്‍ ബഷീര്‍. പുസ്തകത്തിലെ ആ ഭാഗം ഇങ്ങനെ വായിക്കാം;

‘ഉറുമ്പിനെയും ചിതലിനെയും കൊല്ലണം എന്ന് പറഞ്ഞ ഭാര്യയോട് ബഷീര്‍ പറയുന്നു;
‘ഹിംസ എനിക്കു വയ്യ’.
‘നമ്മെ ഉപദ്രവിക്കുന്നവരെ നമ്മളും ഉപദ്രവിക്കണം’.
‘അതുവേണ്ട, ദൈവംതമ്പുരാന്‍ എന്തുപറയും? സ്‌നേഹത്തോടെ പെരുമാറുക. എനിക്കീ പ്രപഞ്ചങ്ങളെയെല്ലാം സ്‌നേഹത്തോടെ ആലിംഗനം ചെയ്യാന്‍ തോന്നുന്നുണ്ട്.’
‘ഞാനും മക്കളുമാണ് പ്രപഞ്ചം എന്നു വിചാരിച്ചാല്‍ മതി. മുഷിയരുത്.’
‘അത്രയ്ക്ക് ചെറുതാവാന്‍ വയ്യ’.

ബഷീര്‍ വലിയ മനുഷ്യനായിരുന്നു. ഈ ലോകത്തെയൊന്നാകെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യാന്‍ ആഗ്രഹിച്ചയാള്‍. പാമ്പിനും പഴുതാരയ്ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നു ചിന്തിച്ചയാള്‍. ചായ കുടിച്ചാലുടനെ ബഷീര്‍ ഗ്ലാസ് കമഴ്ത്തി വെക്കുന്നതിനെ കുറിച്ച് ഡോ എം.എം. ബഷീര്‍ പറയുന്നുണ്ട്. കാരണമന്വേഷിച്ചപ്പോള്‍ ഡോക്ടര്‍ക്ക് കിട്ടിയ മറുപടി ഇങ്ങനെ;

‘ഡോക്ടറേ വല്ല വിവരവുമുണ്ടോ? ചായ കുടിച്ചാല്‍ ഉടനെ കഴുകിവെയ്ക്കണം. പെട്ടെന്നു വെള്ളം കിട്ടിയില്ലെങ്കില്‍ കമഴ്ത്തി വെക്കണം. അല്ലെങ്കില്‍ ഉറുമ്പും ഈച്ചയും അതില്‍ വീണുപോകും. ദൈവത്തിന്റെ സൃഷ്ടികളെ കൊല്ലാന്‍ നമുക്കെന്തവകാശം?’

ബഷീര്‍ ചെരുപ്പിടാന്‍ ഇഷ്ടപ്പെടാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

‘ചെരുപ്പിടാതെ നടന്നാല്‍ കാലിനടിയില്‍പ്പെടുന്ന ചെറുജീവികളെ പെട്ടെന്നു തിരിച്ചറിയാം. ചെരുപ്പിട്ടാല്‍ പാവം ജീവികള്‍ ചത്തരഞ്ഞുപോകും’.

അതുകൊണ്ട് മാത്രം ചെരുപ്പ് കയ്യില്‍ പിടിച്ചുനടന്ന ബഷീറിനെപ്പോലെ വേറെയാരുണ്ട് നമ്മുടെ സാഹിത്യമണ്ഡലത്തില്‍? നമ്മില്‍ പലര്‍ക്കും ജീവിക്കാന്‍ സാധിക്കാത്ത ജീവിതം ബഷീര്‍ ജീവിച്ചത് ഇങ്ങനെയൊക്കെയാണ്. തന്നെച്ചൊല്ലി ഒരാള്‍ക്കും, ഒരുറുമ്പിനുപോലും നോവ് ഉണ്ടാകരുത് എന്ന് ചിന്തിക്കാന്‍ സാധിച്ചു എന്നതാണ് ബഷീറിനെ ബഷീറാക്കുന്നത്. താനെങ്ങനെ വൈക്കം ബഷീര്‍ ആയി എന്ന് പറയുന്നിടത്തുപോലും അപരനോടുള്ള ആ കരുതല്‍ നമുക്ക് അനുഭവിക്കാനാകുന്നുണ്ട്.

”തലയോലപ്പറമ്പുകാരനായ ഞാന്‍ ഒരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് വൈക്കം മുഹമ്മദ് ബഷീറായത്. സര്‍ സി.പിക്കെതിരെ തിരുവിതാംകൂറില്‍ ജോറായി സമരം നടക്കുന്ന കാലം. ഞാന്‍ സചിവോത്തമനെ വിമര്‍ശിച്ചും പരിഹസിച്ചും ലേഖനങ്ങളും നാടകങ്ങളും എഴുതി. ഇതൊക്കെ എഴുതുന്ന മുഹമ്മദ് ബഷീറിനെ തേടി പൊലീസ് നടന്നു. അവര്‍ക്ക് പറവൂരുകാരന്‍ മുഹമ്മദ് ബഷീറിനെയായിരുന്നു സംശയം. ആ സാധുമനുഷ്യനെ രക്ഷിക്കാന്‍ പേര് ഒന്നുകൂടി വ്യക്തമാക്കാന്‍ തീരുമാനിച്ചു. തലയോലപ്പറമ്പ് എന്ന സ്ഥലപ്പേര് പേരിന് നീളം കൂട്ടും. അതുകൊണ്ട് താലൂക്കിന്റെ പേര് ചേര്‍ത്ത് വൈക്കം മുഹമ്മദ് ബഷീര്‍ എന്നെഴുതി. പറവൂര്‍ മുഹമ്മദ് ബഷീര്‍ രക്ഷപ്പെട്ടു.”

മലയാള സാഹിത്യം ആഢ്യത്വത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നത് ബഷീറിന്റെ കാലത്താണെന്ന് പറയാം. ബഷീറിന് ഭാഷാ നിയമങ്ങള്‍ അറിയായ്കയല്ല. എങ്കിലും ഭാഷയില്‍ നിലനിന്ന അദൃശ്യമായ മതില്‍ പൊളിക്കാന്‍ അദ്ദേഹത്തിന് ആ നിയമങ്ങള്‍ക്ക് പുറത്തുകടക്കേണ്ടിയിരുന്നു. അതില്‍ ബഷീര്‍ വിജയിക്കുകയും ചെയ്തു.

അന്നുവരേക്കും സവര്‍ണതയുടെ നാലുകെട്ടില്‍ ചുറ്റിക്കറങ്ങിയ സാഹിത്യത്തെ അദ്ദേഹം തെരുവിലേക്കും തെണ്ടികളിലേക്കും കൊണ്ടുവന്നു, അതും ഏറ്റവും സത്യസന്ധതയോടെ. എഴുത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയ സാഹിത്യകാരന്‍ എന്ന് പലരും ബഷീറിനെക്കുറിച്ച് പറയാറുണ്ട്. അദ്ദേഹം പരീക്ഷണം നടത്തുകയായിരുന്നില്ല, തികഞ്ഞ ബോധ്യത്തോടെ ഭാഷയില്‍ ഇടപെടുകയായിരുന്നു.

എഴുത്തച്ഛന് ശേഷം മലയാളഭാഷയെ നവീകരിച്ച ഒരേയൊരു എഴുത്തുകാരന്‍ ബഷീറാണെന്ന് ടി. പദ്മനാഭന്‍ പറഞ്ഞത് ഇതോട് ചേര്‍ത്തുവായിക്കണം. ഭാഷയിലെ വരേണ്യവാദികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയില്ല എന്നറിഞ്ഞുതന്നെയാണ് അദ്ദേഹം സുന്നത്ത് കല്യാണവും മുസ്‌ലിം ജീവിതവും കഥകളിലേക്ക് കൊണ്ടുവരുന്നത്. ബാല്യകാല സഖി ആദ്യം വായിച്ചുകേള്‍പ്പിച്ചത് കോട്ടയത്തെ സാഹിതീ സഖ്യത്തിലായിരുന്നുവെന്ന് എം.എം. ബഷീര്‍ പറയുന്നുണ്ട്.

സുന്നത്തുകല്യാണം നോവലില്‍ കൊണ്ടുവന്നതിനെ അവിടെ സന്നിഹിതരായിരുന്ന ചിലര്‍ കഠിനമായി വിമര്‍ശിച്ചിട്ടും നോവലില്‍ നിന്ന് ആ ഭാഗം നീക്കം ചെയ്യാന്‍ ബഷീര്‍ സന്നദ്ധമായില്ല! അതൊരു നിലപാടുറപ്പ് കൂടിയായി കാണണം. ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും എല്ലാ വ്യാകരണങ്ങളും കലക്കികുടിച്ച ഒരാളുടെ ആത്മവിശ്വാസത്തിന്റെ പ്രകാശനം തന്നെയാണത്. ഈ ധീരതയാണ് ബഷീറിനെ മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ ആക്കി മാറ്റിയത്.

Content Highlight: Muhammadali Kinalur note on Vaikom Muhammad Basheer

മുഹമ്മദലി കിനാലൂര്‍

We use cookies to give you the best possible experience. Learn more