| Wednesday, 17th August 2022, 8:03 pm

ബില്‍ക്കീസ് ബാനു: നിശ്ചയദാര്‍ഢ്യത്തിന്റെ പേര്

Muhammadali Kinalur

ഒട്ടും അതിശയമില്ലാതെ നമ്മള്‍ ആ വാര്‍ത്ത വായിച്ചിരിക്കുന്നു. അതിശയങ്ങളും നടുക്കങ്ങളും എന്നേ ഈ റിപ്പബ്ലിക്കിനെ വിട്ടൊഴിഞ്ഞിരിക്കയാല്‍ തികച്ചും സ്വാഭാവികമായി, ഒരുതരത്തിലുള്ള വികാരവും കലരാതെയാണ് ആ വാര്‍ത്തയിലൂടെ നമ്മള്‍ കണ്ണോടിച്ചത്. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്:

//അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലില്‍ നിന്ന് മോചിപ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്ത് കലാപത്തിലെ കുപ്രസിദ്ധ സംഭവമാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്. ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതുമുള്‍പ്പെടെയുള്ള കേസുകളിലാണ് പ്രതികള്‍ ശിക്ഷയനുഭവിച്ചിരുന്നത്.

2008ല്‍ മുംബൈ സി.ബി.ഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്// (കടപ്പാട്: asianetnews.com).

ഗുജറാത്താണ്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ്, പ്രതികള്‍ സംഘപരിവാറുകാരാണ്. വംശഹത്യാനാളുകളില്‍ ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്നയാള്‍ ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അന്ന് നരേന്ദ്ര മോദിയുടെ വലംകൈ ആയിരുന്ന വ്യക്തി ഇന്ന് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനാണ്, ആഭ്യന്തരമന്ത്രിയാണ്. അതുകൊണ്ട്, എന്തേ കുറ്റവാളികളെ പുറത്തുവിടാന്‍ ഇത്രവൈകിയത് എന്നതില്‍ മാത്രമേ അല്പമെങ്കിലും അതിശയത്തിനു വകയുള്ളൂ.

എങ്കിലും ചരിത്രം പറഞ്ഞുകൊണ്ടേയിരിക്കണമല്ലോ. അതുകൊണ്ട് നമുക്ക് ഗുജറാത്ത് 2002നെ കുറിച്ച് പറയാം, ബില്‍ക്കീസിനെ കുറിച്ച് സംസാരിക്കാം, അവര്‍ നടത്തിയ ഉജ്വലമായ പോരാട്ടത്തെ അനുസ്മരിക്കാം.

ഇന്ത്യയിലെ ജനാധിപത്യ മനുഷ്യര്‍ ഒന്നുമൊന്നും മറന്നിട്ടില്ലെന്ന്, മറക്കുകില്ലെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ പോലും കൃത്യമായ രാഷ്ട്രീയമുണ്ട്. മറവികള്‍ക്കെതിരെ ഓര്‍മകളുടെ സമരമെന്നത് പഴയ സങ്കല്പമാണ്. ഇന്ത്യനവസ്ഥയില്‍ ഓര്‍മകള്‍ ഒരു സമരമല്ല, മൂര്‍ത്തമായ രാഷ്ട്രീയ പ്രയോഗമാണ്. അത് ജനാധിപത്യത്തിന്റെ പ്രമേയവും പ്രതിരോധവുമാണ്.

ഗുജറാത്ത് കലാപം എന്ന് അടയാളപ്പെടുത്തപ്പെട്ട കുപ്രസിദ്ധമായ വംശഹത്യയുടെ വഴിയും കാലവും നമ്മളോര്‍ക്കുന്നുണ്ട്. 2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സബര്‍മതി എക്‌സ്പ്രസിലെ എസ് 6 കോച്ചിലുണ്ടായ അഗ്നിബാധയില്‍ അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന 59 കര്‍സേവകര്‍ കൊല്ലപ്പെട്ടു.

കോച്ചില്‍ എങ്ങനെ തീ പടര്‍ന്നു, കര്‍സേവകര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നതിലുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ആര്‍. സി. ബാനര്‍ജി കമ്മീഷന്‍ അഗ്നിബാധയെക്കുറിച്ച് എത്തിച്ചേര്‍ന്ന നിഗമനം അതൊരു അപകടമായിരുന്നു എന്നാണ്.

ജസ്റ്റിസ് നാനാവതിയാകട്ടെ, മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി ആയിരുന്നു അതെന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. ശേഷം ഗുജറാത്തില്‍ നടന്നത് ഇന്ത്യ കണ്ട എക്കാലത്തെയും ക്രൂരമായ വംശഹത്യ. അക്കാലത്ത് ഗുജറാത്തില്‍ അഡീഷണല്‍ ഡി.ജി.പി ആയിരുന്നു മലയാളിയായ ആര്‍.ബി. ശ്രീകുമാര്‍. അദ്ദേഹമിപ്പോള്‍ ജയിലിലാണ്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു, ഗൂഢാലോചന നടത്തി, വ്യാജരേഖ ചമച്ചു എന്നിവയാണ് ഭരണകൂടം അദ്ദേഹത്തിനുമേല്‍ ആരോപിച്ച കുറ്റങ്ങള്‍. ‘ശുദ്ധപാവങ്ങളായ’ സംഘപരിവാറുകാരെ ജയിലിലടക്കുകയും മോദിയുടെ കലാപത്തിലെ പങ്ക് ലോകത്തോട് വിളിച്ചുപറയുകയും ഇരകള്‍ക്ക് നിയമസഹായം നല്‍കുകയും ചെയ്ത ‘ഭീകരകുറ്റവാളിയെ’ ഇത്രകാലവും പുറത്തിരുത്തി എന്നതിന് സംഘപരിവാറിനോട് നമ്മള്‍ നന്ദിയുള്ളവരാകുക!

ആര്‍.ബി. ശ്രീകുമാര്‍ എന്തുകൊണ്ട് സംഘപരിവാറിന്റെ കണ്ണിലെ കരടായി എന്ന് മനസ്സിലാക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ (ഗുജറാത്ത്, ഇരകള്‍ക്ക് വേണ്ടി ഒരു പോരാട്ടം) നിന്ന് ചില കാര്യങ്ങള്‍ ഉദ്ധരിക്കട്ടെ:

”2001 നവംബറില്‍ ബി.ജെ.പിയുടെ അവസ്ഥ വളരെ മോശമായ ഘട്ടത്തിലാണ് നരേന്ദ്ര മോദിയെ ഗുജറാത്തിലേക്ക് വിട്ടത്. ഗോധ്ര സംഭവം ഉണ്ടായതിന്റെ അടുത്ത ദിവസം അവിടെ ചെന്ന മോദിക്കെതിരെ ജനരോഷം ഉണ്ടാവുകയും ചെയ്തു. ഹിന്ദുക്കള്‍ മോദിക്കെതിരെ തിരിഞ്ഞു. അപ്പോള്‍ അടുത്ത ആളുകളോട് മോദി പറഞ്ഞു: അഞ്ചുദിവസം കഴിയുമ്പോള്‍ ഇതേ ആളുകള്‍ എന്റെ പടം വീട്ടില്‍ വെച്ച് പൂജിക്കും.”

മോദിയുടെ പ്രവചനം തെറ്റിയില്ല. മൂന്നുനാളുകള്‍ കൊണ്ട് അദ്ദേഹം ‘അവതാരപ്പിറവി’യുടെ ദൗത്യം നിര്‍വഹിച്ചു. കല്ലെറിഞ്ഞവര്‍ കയ്യടിച്ചു, ഹിന്ദുത്വ ദേശീയതയുടെ പ്രതിപുരുഷനായി അദ്ദേഹം പൊടുന്നനെ രൂപപ്പെട്ടു. ദല്‍ഹിയിലെ അധികാരകേന്ദ്രത്തിലേക്ക് അദ്ദേഹം ആ രാത്രി ആദ്യത്തെ ചുവടുവെച്ചു. നമുക്ക് ശ്രീകുമാറിനെ തന്നെ വായിക്കാം.

”27ന് (2002 ഫെബ്രുവരി) വൈകീട്ട് പത്തുമണിയോടെ ചീഫ് സെക്രട്ടറി, ഡി.ജി.പി ചക്രവര്‍ത്തി, അഹമ്മദാബാദിലെ സിറ്റി പൊലീസ് കമ്മീഷണര്‍ പി.സി. പാണ്ഡെ (അദ്ദേഹം പിന്നീട് ഗുജറാത്തിലെ പൊലീസ് മേധാവിയായി), അഡീഷണല്‍ ചീഫ് സെക്രട്ടറി അശോക് നാരായണന്‍, മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറി പി.കെ. മിശ്ര ഇവരെല്ലാവരും മുഖ്യമന്ത്രിയുടെ മുന്നില്‍ യോഗം ചേര്‍ന്നു.

മുഖ്യമന്ത്രി പറഞ്ഞു: ഹിന്ദു ജനതയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ നിങ്ങള്‍ പൊലീസുകാര്‍ ഒരു വര്‍ഗീയലഹള പൊട്ടിപ്പുറപ്പെടുമ്പോള്‍ തുല്യമായി ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും അറസ്റ്റ് ചെയ്യും. അതിവിടെ പറ്റില്ല. മൂന്നു ദിവസത്തേക്ക് ഇവിടെ ഹിന്ദുക്കളുടെ പ്രതികാരാഗ്നി കത്തിപ്പടരും. നിങ്ങള്‍ ഇടപെടരുത്. ഇത് നിങ്ങളോട് പ്രത്യേകമായി ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്.”

ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന ആ ‘പ്രതികാരാഗ്‌നിയില്‍’ പൊള്ളിയടര്‍ന്നത് അനേകം മനുഷ്യര്‍. അവരിലേറെയും സ്ത്രീകള്‍. അതിലൊരാള്‍ ബില്‍ക്കീസ് ബാനു. ഗുജറാത്ത് കലാപം നടക്കുമ്പോള്‍ അവര്‍ക്ക് പ്രായം 21 വയസ്സ്. അഞ്ചുമാസം ഗര്‍ഭിണി. കലാപകാരികളില്‍ നിന്ന് രക്ഷതേടി വീടുവിട്ട് ഒളിച്ചോടുകയായിരുന്നു അവരും കുടുംബവും. അക്രമികള്‍ അവരെ പിടികൂടി. കുടുംബത്തിലെ പതിനാല് പേരാണ് ബില്‍ക്കീസിന്റെ കണ്‍മുന്നില്‍ കൊല്ലപ്പെട്ടത്.

അക്കൂട്ടത്തില്‍ ബില്‍ക്കീസിന്റെ മൂന്നുവയസ്സുള്ള മകളുമുണ്ട്. ഗര്‍ഭിണിയാണ് എന്നത് ബില്‍ക്കീസിനെ ഒഴിവാക്കാനുള്ള കാരണമായി അക്രമികള്‍ കരുതിയില്ല. അവര്‍ മാറിമാറി ബലാത്‌സംഗം ചെയ്തു. അക്രമികള്‍ ആ ഇരുപത്തൊന്നുകാരിക്ക് അപരിചിതരായിരുന്നില്ല. അടുത്ത വീടുകളില്‍ താമസിച്ചവര്‍. പരസ്പരം അറിയുന്നവര്‍. അതൊന്നും അവരുടെ കരളലിയിച്ചില്ല.

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത അവര്‍ ബാനുവിന്റെ ശരീരത്തിലും പ്രയോഗിച്ചു. ഒടുവില്‍ മരിച്ചെന്നു കരുതി ഉപേക്ഷിച്ചു. വിധി മറ്റൊന്നായിരുന്നു, ചാരത്തില്‍ നിന്ന് അവര്‍ ഉയിര്‍ത്തെഴുന്നേറ്റു; ജീവിതത്തിലേക്കും നിയമപോരാട്ടത്തിലേക്കും. ഭര്‍ത്താവ് യാക്കൂബ് റസൂല്‍ ഖാന്‍ അവള്‍ക്കൊപ്പം ഉറച്ചുനിന്നു.

നിനക്ക് എന്താണ് സംഭവിച്ചത് എന്നൊരിക്കലും അയാള്‍ അവളോട് ചോദിച്ചില്ല. പത്രക്കാരോടും അഭിഭാഷകരോടും അവള്‍ താന്‍ ശരീരത്തിലേറ്റുവാങ്ങിയ വേദനകള്‍ പറയുമ്പോള്‍ മാത്രം അയാള്‍ അതെല്ലാം കേട്ടു.

”കലാപവും മരണവും നഷ്ടപ്പെട്ട കുടുംബവും; എല്ലാം ഞാന്‍ ആ സമയത്ത് മാറ്റിനിര്‍ത്തി. ഞാനവളോട് സ്‌നേഹത്തോടെ പെരുമാറി, അവളനുഭവിച്ച വേദനകളില്‍ നിന്ന് അവളെ പുറത്ത് കൊണ്ടുവരിക എന്ന ലക്ഷ്യം മാത്രമേ അന്ന് എനിക്കുണ്ടായിരുന്നുള്ളൂ”. യാക്കൂബ് റസൂല്‍ ഖാനിന്റെ വാക്കുകള്‍.

ആ നിയമപോരാട്ടം വെറുതെയായില്ല. പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. അമ്പതുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2019 ഏപ്രില്‍ മൂന്നിന് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ഉത്തരവിട്ടു; ജീവസന്ധാരണത്തിന് സര്‍ക്കാര്‍ ജോലിയും താമസിക്കാന്‍ വീടും നല്‍കണമെന്നും ഉത്തരവിലുണ്ടായിരുന്നു.

”മകളുടെ സംസ്‌കാരം നടത്താനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും അവസാനമായി ആ നെറ്റിയിലൊന്നു ചുംബിക്കാനും കഴിഞ്ഞില്ല. എന്നെങ്കിലും മറക്കാനാവുമോ ആ വേദന? എത്ര തന്നെ നഷ്ടപരിഹാരം അനുവദിച്ചാലും ഞാന്‍ അനുഭവിച്ച വേദനകള്‍ക്കുള്ള പരിഹാരമാകുമോ? ഒരുപക്ഷേ ഒന്നുമറിയാതെ കടന്നുപോയ മകള്‍ക്കു വൈകിക്കിട്ടിയ നീതി കൂടിയായിരിക്കും ഇപ്പോഴത്തെ സുപ്രീം കോടതി വിധി” ബില്‍ക്കീസ് ബാനു അന്ന് പറഞ്ഞതാണ് ഈ വാക്കുകള്‍.

ബില്‍ക്കീസിന് രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്കാനുള്ള ഉത്തരവ് പാലിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയാറാകാത്തതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 30ന് പരമോന്നത കോടതിക്ക് സ്വരം കടുപ്പിക്കേണ്ടിവന്നു!

ആ കേസില്‍ ശിക്ഷിക്കപ്പെട്ട 11 കൊടുംകുറ്റവാളികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കൂടുതുറന്നു വിട്ടത്. ബലാല്‍സംഗം, കൊലപാതകം, ശിശുഹത്യ തുടങ്ങി കണ്ണില്‍ച്ചോരയില്ലാത്ത കഠിന കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ മനംമാറ്റം സംഭവിച്ചല്ല പുറത്തെത്തുന്നത്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൈക്കോടാലികളായി അവരിനിയും തെരുവിലുണ്ടാകും! ഇവരെ വിട്ടയച്ചതിനെതിരെ കോടതിയെ സമീപിക്കുമായിരുന്നൊരാളെ നേരത്തെത്തന്നെ അകത്താക്കിയിട്ടുണ്ട്, ടീസ്ത സെതല്‍വാദ്. ബില്‍ക്കീസ് ബാനു ഉള്‍പ്പടെ അനേകം പേര്‍ക്ക് നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കിയത് ടീസ്ത ആയിരുന്നു.

ചാരമായിപ്പോകുമായിരുന്ന ഒട്ടേറെ സംഭവങ്ങള്‍ കോടതിയിലെത്തിയത് ഈ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ പോരാട്ടം ഒന്നുകൊണ്ടു മാത്രമാണ്. അവര്‍ നീതിബോധമുള്ള മനുഷ്യരെ ഒപ്പം നിര്‍ത്തി നടത്തിയ പോരാട്ടത്തിന് കിട്ടിയ സമ്മാനമാണ് ഇപ്പോഴത്തെ ജയില്‍വാസം.

Content Highlight: Muhammadali Kinalur about Bilikis Bano and Gujarat Riot

Muhammadali Kinalur

We use cookies to give you the best possible experience. Learn more