| Thursday, 23rd September 2021, 2:09 pm

ദരിദ്രശരീരങ്ങള്‍ക്കുമേല്‍ ഹിന്ദുത്വക്ക് സിംഹാസനം | മുഹമ്മദലി കിനാലൂര്‍

മുഹമ്മദലി കിനാലൂര്‍

സെന്‍ട്രല്‍ വിസ്ത പ്രോജക്ട് കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള 3.5 കിലോമീറ്ററിനുള്ളിലെ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുന്നത്. ചെലവ് പ്രതീക്ഷിക്കുന്നത് 20,000 കോടിയിലേറെ രൂപയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം പണിതുകൊണ്ടാണ് തുടക്കം. 861.90 കോടി രൂപയ്ക്കാണ് ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡിന് നിര്‍മാണക്കരാര്‍ നല്‍കിയിരിക്കുന്നത്. ജോലി ആരംഭിച്ചുകഴിഞ്ഞു.

2022 നവംബറിലെ പാര്‍ലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിലാകും നടക്കുകയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന മന്ത്രിയുടെ വസതിയും ഭൂഗര്‍ഭ ടണലുകളും സെന്‍ട്രല്‍ സെക്രട്ടറിയേറ്റും ഉപരാഷ്ട്രപതിയുടെ വസതിയും പാര്‍ലമെന്റ് അംഗങ്ങളുടെ ഓഫീസുമുള്‍പ്പടെ ബൃഹദ് പദ്ധതി ആയാണ് സെന്‍ട്രല്‍ വിസ്ത ആവിഷ്‌കരിച്ചിരിക്കുന്നത്.

888 സീറ്റുകള്‍ ആര്‍ക്കുള്ളതാണ്?

നിലവില്‍ 543 മെമ്പര്‍മാരാണ് ലോക്സഭയില്‍ ഉള്ളത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ മന്ദിരത്തില്‍ 888 അംഗങ്ങള്‍ക്കുള്ള സീറ്റ് ഒരുക്കുന്നുണ്ട്. അതിനര്‍ഥം ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നു എന്നാണ്. 2020 ഡിസംബറില്‍ the quint ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. മണ്ഡലങ്ങളുടെ എണ്ണത്തില്‍ വലിയ മാറ്റം വരാനിടയുള്ള പത്ത് സംസ്ഥാനങ്ങളെ അതില്‍ എണ്ണുന്നുണ്ട്. അത് ഇങ്ങനെയാണ്. സംസ്ഥാനം, ഇപ്പോഴത്തെ മണ്ഡലങ്ങളുടെ എണ്ണം, പുനര്‍നിര്‍ണയത്തിനു ശേഷം വരാനിരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം, വര്‍ധന എന്നീ ക്രമത്തില്‍. ഉത്തര്‍പ്രദേശ്: 80-143-63, മഹാരാഷ്ട്ര: 48-84-36, വെസ്റ്റ് ബംഗാള്‍: 42-73-31, ബീഹാര്‍: 40-70-30, രാജസ്ഥാന്‍: 25-48-23, മധ്യപ്രദേശ്: 29-51-22, കര്‍ണാടക: 28-49-21, തമിഴ്നാട്: 39-58-19, ഗുജറാത്:26-44-18, തെലങ്കാന: 17-28-11.

വര്‍ധിപ്പിക്കാനിടയുള്ള സീറ്റുകളുടെ 80 ശതമാനവും ഈ പത്ത് സംസ്ഥാനങ്ങളിലായിരിക്കും. ഇതില്‍ തമിഴ്നാടും തെലങ്കാനയും ഒഴികെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ നേട്ടം ഉണ്ടാക്കിക്കൊടുക്കാറുണ്ട്. സീറ്റുകളുടെ എണ്ണത്തില്‍ ഒന്നാമതുള്ള ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ കൈയിലാണ്. ആകെയുള്ള 80 പാര്‍ലമെന്റ് സീറ്റില്‍ 62 ഇടങ്ങളിലും വിജയിച്ചത് ബി.ജെ.പി. അവരുടെ വോട്ടുവിഹിതം 49.98%.

രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ബി.ജെ.പി അധികാരം പങ്കിടുന്നില്ല എന്നേയുള്ളൂ. അവിടെ നിന്ന് ബി.ജെ.പിക്ക് 23 ലോക്സഭാ മെമ്പര്‍മാരും 27.84% വോട്ടുവിഹിതവുമുണ്ട്. ബി.ജെ.പി നയിക്കുന്ന മുന്നണിക്ക് 2019 ല്‍ ലഭിച്ച വോട്ടുവിഹിതം 51.34% ആണ് എന്നതും മറന്നുകൂടാത്തതാണ്. മണ്ഡലങ്ങളുടെ എണ്ണത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്ന വെസ്റ്റ് ബംഗാളില്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി മമത ബാനര്‍ജി ഉയര്‍ത്തുന്നുണ്ട്. പക്ഷേ അവിടെ നിന്ന് ബി.ജെ.പിക്ക്18 ലോക്സഭാ എം.പിമാരുണ്ട്; 40.64% വോട്ടുവിഹിതവും(2019).

ബീഹാറില്‍ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അവിടെ മുന്നണി നിലനില്‍ക്കാന്‍ വേണ്ടി നിതീഷ് കുമാറിനെ മുഖ്യമന്ത്രി ആക്കി എന്നേയുള്ളൂ. മണ്ഡലങ്ങളുടെ എണ്ണത്തില്‍ ഉണ്ടായേക്കാവുന്ന വര്‍ധന ബി.ജെ.പിക്ക് ദേശീയ രാഷ്ട്രീയത്തില്‍ നല്‍കുന്ന ”ലൈഫ്’ ചെറുതാകില്ല എന്നുതന്നെയാണ് പറഞ്ഞുവരുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭാഹാളില്‍ 345 കസേരകള്‍ കൂടുതലിടുന്നു എന്നതിനര്‍ഥം ബി.ജെ.പി അധികാരം വിട്ടൊഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേ ഇല്ല എന്നുകൂടിയാണ്.

നടുവൊടിഞ്ഞ സമ്പദ് വ്യവസ്ഥ, നെട്ടോട്ടമോടുന്ന ജനം

2016 നവംബര്‍ 8 ന് രാത്രിയിലാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകുന്നത്. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയും, അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇല്ലാതാക്കും എന്നിങ്ങനെയുള്ള അവകാശവാദങ്ങളുടെ അകമ്പടിയോടെയാണ് ആ പ്രഖ്യാപനം ബി.ജെ.പിയും അവരോടൊട്ടി നില്‍ക്കുന്ന മാധ്യമങ്ങളും ആഘോഷിച്ചത്. പക്ഷേ, ആ അവകാശവാദങ്ങള്‍ ഭീമാബദ്ധത്തെ മറച്ചുപിടിക്കാനുള്ള വ്യാജകവചങ്ങളായിരുന്നു എന്ന് പിന്നീടുണ്ടായ സംഭവഗതികള്‍ വെളിപ്പെടുത്തി.

15.42 ലക്ഷം കോടിയുടെ നോട്ടുകളാണ് ആ രാത്രിപ്രഖ്യാപനത്തില്‍ വിപണിമൂല്യം ഇല്ലാതായിപ്പോയത്. അതില്‍ 15.3 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തി. തിരിച്ചെത്തിയിട്ടില്ലാത്തത് 0.7 ശതമാനം മാത്രം. അതായത് 10720 കോടി രൂപ. ലക്ഷക്കണക്കിനു ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ 10720 കോടി രൂപ റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയില്ല എന്നതില്‍ അതിശയകരമായി ഒന്നുമില്ല.

കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും അവകാശപ്പെട്ടതൊന്നും നോട്ടുനിരോധത്തിലൂടെ സാധ്യമായില്ല. പക്ഷേ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാന്‍ ആ ഒരൊറ്റ പ്രഖ്യാപനം മതിയായിരുന്നു. ആ വീഴ്ചയില്‍ നിന്ന് ഇന്നും കരകേറിയിട്ടില്ല നമ്മുടെ സമ്പദ്രംഗം. വിപണിയിലുണ്ടായിരുന്ന കറന്‍സിയുടെ 80 ശതമാനത്തോളം നോട്ടുകള്‍ പര്യാപ്തമായ ബദല്‍ സംവിധാനം പോലുമൊരുക്കാതെ നിരോധിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ആഘാതത്തെക്കുറിച്ച് ചെറുആലോചനകള്‍ പോലുമുണ്ടായില്ല എന്നുറപ്പാണ്. വിത്ത് കുത്തിയെടുത്ത് തിന്നേണ്ട അവസ്ഥയിലേക്ക് രാജ്യം ആപതിക്കുന്നത് അങ്ങനെയാണ്.

കഷ്ടകാലത്തിന്റെ കൊടുംചൂടില്‍ രാജ്യമുരുകവേയാണ് ഇരട്ട പ്രഹരമായി കൊവിഡ് മഹാമാരി വരുന്നത്. ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന മട്ടിലായി അതോടെ സമ്പദ്വ്യവസ്ഥ. തൊഴില്‍ നഷ്ടം, വരുമാന നഷ്ടം, പട്ടിണി, കടം പെരുകല്‍, ആത്മഹത്യകള്‍. വറുതിയുടെയുടെയും കെടുതിയുടെയും പെയ്ത്തായിരുന്നു പിന്നീട്. ഭരണകൂടത്തിനും മഹാമാരിക്കുമിടയില്‍ ഇന്ത്യന്‍ ജീവിതം കൂടുതല്‍ കൂടുതല്‍ ദരിദ്രമായി. കൊവിഡ് ഒരു വര്‍ഷം പിന്നിട്ട വേളയില്‍, അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനം പുറത്തുവന്നിരുന്നു. ഞെട്ടിക്കുന്ന വിവരമാണ് ഈ വര്‍ഷം ഏപ്രിലില്‍ പുറത്തുവന്ന പഠനത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ തോത് 45 വര്‍ഷം മുമ്പത്തെ അവസ്ഥയിലേക്ക് മുഖം കുത്തിയിരിക്കുന്നു എന്നായിരുന്നു അവരുടെ പ്രധാന കണ്ടെത്തല്‍.

വരുമാനത്തെ ആസ്പദിച്ച് ഇന്ത്യയിലെ ജനങ്ങളെ അഞ്ചു കാറ്റഗറികളായി വര്‍ഗീകരിച്ചായിരുന്നു പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനം. ദിവസേന 150 രൂപയില്‍ കുറഞ്ഞ വരുമാനം ലഭിക്കുന്നവരായിരുന്നു ആദ്യ കാറ്റഗറി. 150 രൂപയില്‍ അധികം ദിവസേന ലഭിക്കുന്നവര്‍ രണ്ടാം കാറ്റഗറി. മൂന്നാമത് വിഭാഗത്തില്‍ 750 രൂപ മുതല്‍ 1500 രൂപ വരെ ദിനേന ലഭിക്കുന്നവര്‍. 3700 രൂപവരെ ദിവസേന ലഭിക്കുന്നവര്‍ നാലാം കാറ്റഗറി. 3700 രൂപയിലധികം ദിവസേന ലഭിക്കുന്നവര്‍ അഞ്ചാം വിഭാഗത്തില്‍.

കൊവിഡ് കാലത്ത് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം പെരുകി എന്ന് വായിക്കുമ്പോള്‍ നിത്യേന ചോറുണ്ടവര്‍ ചപ്പാത്തിയിലേക്ക് മാറി എന്നര്‍ഥമാക്കരുത്. ദിവസേന 150 രൂപയില്‍ താഴെ മാത്രം വരുമാനമുള്ള 6 കോടി മനുഷ്യരുടെ ഗണത്തിലേക്ക് 7.5 കോടി മനുഷ്യര്‍ കൂടി വന്നുചേര്‍ന്നു എന്നതാണ് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണപ്പെരുക്കത്തിന്റെ യഥാര്‍ത്ഥ ചിത്രം. അഥവാ രാജ്യത്തെ ജനസംഖ്യയില്‍ 13.5 കോടി മനുഷ്യരുടെ നിത്യവരുമാനം 150 രൂപയില്‍ താഴെയാണ്.

അമര്‍ത്തി വായിക്കണം ആ വരുമാനത്തുക- 150 രൂപ പോലും ദിവസേന കിട്ടാത്ത ഹതഭാഗ്യരുണ്ടിവിടെ. ഒരു കുടുംബം പുലര്‍ന്നുപോകാന്‍ 150 രൂപ മതിയാകില്ലെന്നുറപ്പ്? ഫലം വ്യക്തിഗതകടം പെരുകുന്നു എന്നതാണ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം മേടിക്കുന്നു. കൊള്ളപ്പലിശക്കാര്‍ക്ക് ഭൂമിയും പുരയിടവും തീറെഴുതുന്ന നിസ്സഹായതയിലേക്ക് വലിച്ചെറിയപ്പെടുന്ന മനുഷ്യര്‍. കോടികളില്‍ പെരുക്കിത്തീര്‍ക്കാനാകാത്തത്രയും മനുഷ്യര്‍. അങ്ങനെയൊരു രാജ്യത്താണ് ഇരുപതിനായിരം കോടി രൂപയിലേറെ തുക ചെലവിട്ട്, രാജ്യതലസ്ഥാനം പൊളിച്ചുപണിയുന്നത്.

വിസ്മൃതമാകുന്ന നിര്‍മിതികള്‍

വിശ്രുതരായ രാഷ്ട്രനായകരുടെ പേരുകളില്‍ അറിയപ്പെടുന്ന ഒട്ടേറെ കെട്ടിടങ്ങള്‍, ചരിത്ര നിര്‍മിതികള്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റും. ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആര്‍ട്സ്, നാഷനല്‍ ആര്‍കൈവ്സ് അനക്സ്, നാഷനല്‍ മ്യൂസിയം, ശാസ്ത്രി ഭവന്‍, വിജ്ഞാന്‍ ഭവന്‍ തുടങ്ങിയവ നിലം പൊത്തുന്ന ചരിത്രനിര്‍മിതികളില്‍ ചിലതുമാത്രം. സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെ കെട്ടിപ്പൊക്കുന്ന പുതിയ കെട്ടിടങ്ങള്‍ക്ക് പഴയ പേര് നിലനിര്‍ത്തുമോ എന്നത് കണ്ടറിയണം.

ചരിത്രത്തില്‍ വലിയ കയ്യേറ്റങ്ങള്‍ നടക്കുന്ന കാലത്ത്, ധീരദേശാഭിമാനികളുടെ പേരുകള്‍ വെട്ടിമാറ്റപ്പെടുന്ന കാലത്ത്, നെഹ്റുവിനെ ഒഴിവാക്കി സവര്‍ക്കറെ ദേശീയ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കുന്ന ചരിത്രാഭാസത്തിന്റെ കാലത്ത് ഒരു കെട്ടിടത്തിന്റെ പേരില്ലാതാകുമ്പോള്‍ ആ പേരിലേക്കുള്ള വേരുകള്‍ കൂടിയാണ് അറുത്തുമാറ്റപ്പെടുക. സെന്‍ട്രല്‍ വിസ്ത വെറുമൊരു നിര്‍മാണമല്ല, ഹിന്ദുത്വ അജണ്ടകളിലേക്കുള്ള വഴിവെട്ടല്‍ കൂടിയാണ് എന്ന് ജനാധിപത്യവാദികള്‍ ആശങ്കപ്പെടുന്നതും ഇക്കാരണം കൊണ്ടുതന്നെ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muhammadali Kinaloor writes about Central Vista Project

മുഹമ്മദലി കിനാലൂര്‍

We use cookies to give you the best possible experience. Learn more