മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത, നവോത്ഥാന പാരമ്പര്യമുള്ള ഹിന്ദു സംഘടനകളുടെ യോഗത്തില്‍ നിന്ന് നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍.എസ്.എസ്) വിട്ടുനിന്നു. ഇക്കാര്യത്തില്‍ സുകുമാരന്‍ നായര്‍ ചെയ്തതാണ് ശരി. എന്‍.എസ്.എസിനെ യോഗത്തിലേക്ക് വിളിച്ച മുഖ്യന് ചരിത്രബോധമില്ലെങ്കിലും സുകുമാരന്‍ നായര്‍ക്ക് അതുണ്ട്. കണ്ട പറയനും പുലയനും ശ്രീനാരായണീയനും പങ്കെടുക്കുന്ന മീറ്റിംഗില്‍ അവര്‍ക്കൊപ്പം പോയിരിക്കാന്‍ ആഢ്യനും അഭിമാനിയുമായ സുകുമാരന്‍ നായരെ കിട്ടില്ല. കേരള നവോത്ഥാനത്തിനൊപ്പം എന്നെങ്കിലും നിലകൊണ്ട സംഘടനയല്ല എന്‍.എസ്.എസ്. പിണറായി വിജയന് അതറിയില്ലെങ്കിലും സുകുമാരന്‍ നായര്‍ക്ക് അതറിയാതെ നിര്‍വ്വാഹമില്ലല്ലോ.
1914 ഒക്ടോബര്‍ 31നാണ് എന്‍.എസ്.എസ് രൂപീകൃതമാകുന്നത്. അതിനു മുമ്പേ തന്നെ എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ച് (1903 മെയ് 15) ഈഴവര്‍ സംഘടിക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. നായന്മാര്‍ ഒരുഗതിയും പരഗതിയുമില്ലാതെ കാലം കഴിക്കുന്നത് മന്നത്ത് പദ്മനാഭ പിള്ളക്ക് സഹിച്ചില്ല. അങ്ങനെയാണ് എന്‍.എസ്.എസ് പിറക്കുന്നത്.
സമുദായോദ്ധാരണത്തെക്കാള്‍ രാഷ്ട്രീയത്തിലായിരുന്നു മന്നത്തിന്റെ കണ്ണ്. അതും നായന്മാര്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയം. ഈഴവരെയും ക്രൈസ്തവരെയും കശക്കുന്നതിലായിരുന്നു മന്നത്തിന്റെ മിടുക്ക്. 1932 ലെ നിവര്‍ത്തന പ്രക്ഷോഭകാലത്താണ് അത് ശരിക്കും വെളിപ്പെടുന്നത്. നിവര്‍ത്തന പ്രക്ഷോഭകരുടെ എതിര്‍പക്ഷത്തായിരുന്നു മന്നത്തപ്പന്‍. അതിന്റെ തുടര്‍ച്ചയായാണ് 1938 ജൂലായില്‍ മന്നം “നാഷണല്‍ കോണ്‍ഗ്രസ്” രൂപീകരിക്കുന്നത്.
കൈനിക്കര പദ്മനാഭ പിള്ള, കോട്ടൂര്‍ കുഞ്ഞു കൃഷ്ണപിള്ള, കെ ജി പദ്മനാഭ പിള്ള എന്നീ അസ്സല്‍ നായന്മാരെ കൂട്ടിയാണ് മന്നം പാര്‍ട്ടി രൂപീകരിച്ചത്. മന്നത്തിന് അപ്പോള്‍ പ്രായം 66 വയസ്. സര്‍ സി.പിയോടുള്ള വിധേയത്വമായിരുന്നു “നാഷണല്‍ കോണ്‍ഗ്രസ്”-ന്റെ അടിത്തറ. ക്രിസ്ത്യാനി-ഈഴവ വിരോധമായിരുന്നു അതിന്റെ മാനിഫെസ്റ്റോ. “ക്രിസ്ത്യാനികളുടെയും ഈഴവരുടെയും പാര്‍ട്ടി”യായ സ്റ്റേറ്റ് കോണ്‍ഗ്രസിന് ബദലായാണ് “മന്നം കോണ്‍ഗ്രസ്” വരുന്നത് എന്നുമോര്‍ക്കണം.
സ്വാതന്ത്ര്യപ്പുലരിയാകുമ്പോഴേക്ക് മന്നം സര്‍ സി.പിയുടെ തിരുവിതാംകൂര്‍ ഭരണത്തെ തള്ളിപ്പറഞ്ഞു സ്വാതന്ത്ര്യദാഹിയായി. 948 ജനുവരിയില്‍ മന്നത്തിന് കുമ്പഴ-വള്ളിക്കോട് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് വിജയം. 1950ന്റെ തുടക്കത്തിലാണ് ആര്‍ ശങ്കറുമായി ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലം രൂപീകരിക്കുന്നത്. ആര്‍ ശങ്കര്‍ കോണ്‍ഗ്രസുകാരനാണ്. മന്നത്തെ പോലെ തന്നെ പഴയ സി.പി ഭക്തനാണ്. എസ്.എന്‍.ഡി.പി യോഗം നേതാവാണ്. ആയിടെയാണ് ശബരിമലക്ഷേത്രത്തില്‍ അഗ്‌നിബാധയുണ്ടായത്. ഹിന്ദുമഹാമണ്ഡലത്തിന് അത് വീണുകിട്ടിയ വടിയായി. അവരത് പ്രചാരണായുധമാക്കി.
1957-ല്‍ കേരളം പിറന്നു. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും നേര്‍ക്കുനേര്‍ കളത്തില്‍. “ക്രിസ്ത്യാനി കോണ്‍ഗ്രസി”നെ അടിക്കാന്‍ കമ്മ്യൂണിസ്റ്റെങ്കില്‍ കമ്മ്യൂണിസ്റ്റ്.. മന്നത്തിന്റെ മനസ് സി.പി.ഐക്കൊപ്പമായത് അങ്ങനെയാണ്. ആ അടുപ്പം നീണ്ടുപോയില്ല. ഭൂപരിഷ്‌കരണനിയമം(കര്‍ഷകബന്ധ ബില്ല്) നായര്‍ പ്രമാണിത്തത്തെയാണ് സാരമായി ബാധിക്കുക എന്ന് വെളിപാടുണ്ടായതോടെ മന്നം കമ്മ്യൂണിസ്റ്റ് വിരോധിയായി. തന്റെ നോമിനിയെ (മക്കപ്പുഴ വാസുദേവന്‍ പിള്ള) ദേവസ്വം ബോര്‍ഡില്‍ എടുക്കാത്തതും പാലക്കാട്ട് എന്‍ജിനീറിങ് കോളേജിന് അനുമതി കൊടുക്കാത്തതും മന്നത്തെ കൂടുതല്‍ മുറിപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിനെതിരെ ക്രൈസ്തവ സഭകള്‍ തുടങ്ങിവെച്ച, അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ വിമോചന സമരത്തിന്റെ മുന്‍നിരയിലേക്ക് മന്നം വരുന്നത് അങ്ങനെയാണ്. രാജ്യദ്രോഹികളായ കമ്മ്യൂണിസ്റ്റുകളെ റഷ്യയിലേക്ക് കെട്ടുകെട്ടിക്കാതെ തനിക്കിനി വിശ്രമമില്ലെന്ന് മന്നത്തപ്പന്‍ ഉഗ്രശപഥം ചെയ്തു. സമരവും സംഘര്‍ഷവുമായി കേരളം ഇളകിമറിഞ്ഞു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണകൂടം 1959 ജൂലൈ 31 ന് കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടു. അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭരിക്കാന്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും സോഷ്യലിസ്റ്റായ പട്ടം താണുപ്പിള്ള മുഖ്യമന്ത്രിയാകുന്നതിലും മന്നത്തിന്റെ ജാതിബോധം ഒരു ഘടകമായിരുന്നു. അല്ലെങ്കില്‍ ക്രിസ്ത്യാനിയായ പി.ടി ചാക്കോയോ ഈഴവനായ ആര്‍ ശങ്കറോ മുഖ്യമന്ത്രി ആയേനെ).
പട്ടം പഞ്ചാബിലേക്ക് പോയ ഒഴിവില്‍ ആര്‍ ശങ്കര്‍ മുഖ്യനായപ്പോള്‍ മന്നത്തിന്റെ ജാതിബോധം തിളച്ചതും ശങ്കറിനെ വലിച്ച് താഴെയിട്ടതും ചരിത്രമാണ്. ഇടക്ക് കേരള കോണ്‍ഗ്രസിനെ സഹായിക്കാനിറങ്ങിയെങ്കിലും ഒടുവില്‍ കോണ്‍ഗ്രസില്‍ തന്നെ അഭയം കണ്ടു. കേ.കോ.ക്കാര്‍ നായര്‍ നേതാവിനെ മന്നം ജൂദാസ് എന്ന് വിളിച്ചധിക്ഷേപിച്ചു.
വേഷങ്ങള്‍ പലതും മാറിയെങ്കിലും മന്നത്തിന്റെ ജാതിബോധം മാത്രം മാറിയില്ല. മന്നത്തിന്റെ പിന്‍ഗാമികളുടെ അവസ്ഥയും അതുതന്നെ. എന്‍.എസ്.എസ് വിലപേശിയും കണ്ണുരുട്ടിയും തങ്ങളുടെ ആവശ്യങ്ങള്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പങ്കാളിത്തം, മന്ത്രിസഭയിലെ നായര്‍ പ്രാതിനിധ്യം..) വാങ്ങിക്കൊണ്ടേയിരുന്നു. കോണ്‍ഗ്രസുകാര്‍ “നായര്‍ മുതലാളി”ക്ക് മുമ്പില്‍ എപ്പോഴും പഞ്ചപുച്ഛമടക്കി നിന്നു, ആജ്ഞകള്‍ അനുസരിച്ചു, ആവശ്യങ്ങള്‍ നിറവേറ്റി.
കഴിഞ്ഞ മന്ത്രിസഭയില്‍ രമേശ് ചെന്നിത്തലയെന്ന ഉത്തമനായ നായരെ ഉള്‍പെടുത്താന്‍ സുകുമാരന്‍ നായര്‍ കൈമെയ് മറന്ന് രംഗത്തിറങ്ങിയത് ഓര്‍ക്കുക. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മീറ്റിങ്ങില്‍ എന്‍.എസ്.എസ് പങ്കെടുത്തില്ല. അതുകൊണ്ട് ആ മീറ്റിംഗിനെ വിമര്‍ശിക്കാനും പങ്കെടുത്ത സംഘടനകളെ ജാതി സംഘടനകള്‍ എന്ന് വിശേഷിപ്പിക്കാനും (അതില്‍ സത്യമുണ്ട് താനും) ചെന്നിത്തലക്ക് ധൈര്യമുണ്ടായി. എന്‍.എസ്.എസ് പങ്കെടുക്കുകയും രമേശ് ചെന്നിത്തല ജാതി സംഘടനകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നെങ്കില്‍ അടുത്ത മണിക്കൂറില്‍ പെരുന്നയില്‍ പോയി ഏത്തമിടേണ്ടി വന്നേനെ പ്രതിപക്ഷനേതാവ്.
ചുരുക്കമിതാണ്: കേരളത്തിന്റെ നവോത്ഥാനത്തിന് വേണ്ടി ചെറുപരിശ്രമമെങ്കിലും സംഭാവന ചെയ്ത സംഘടനയല്ല എന്‍.എസ്.എസ്. “നായര്‍ ജാതിയാണഖില സാരമൂഴിയില്‍” എന്നതാണ് ആ സംഘടനയുടെ തത്വശാസ്ത്രം. അങ്ങനെയൊരു സംഘടന മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെങ്കില്‍ അതാകുമായിരുന്നു ആ ഒത്തുചേരലിലെ വലിയ അശ്ലീലം. അതൊഴിവാക്കിയതിന് കേരള സര്‍ക്കാര്‍ സുകുമാരന്‍ നായരോട് കടപ്പെട്ടിരിക്കുന്നു. വിളിച്ച സര്‍ക്കാരിനില്ലാത്ത ചരിത്രബോധം, വരാതിരുന്ന നായര്‍ക്കുണ്ടെന്ന് മുകളില്‍ പറഞ്ഞത് വെറുതെയല്ല.