| Tuesday, 2nd January 2024, 8:58 am

ബംഗ്ലാദേശിൽ നൊബേൽ പുരസ്‌കാര ജേതാവിന് ആറ് മാസം തടവ്; രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് നൊബേൽ പുരസ്‌കാര ജേതാവ് മുഹമ്മദ്‌ യൂനുസിന് ആറ് മാസം തടവ് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ മുഹമ്മദ്‌ യൂനുസും അദ്ദേഹം സ്ഥാപിച്ച ഗ്രാമീൺ ടെലികോമിലെ മൂന്ന് സഹപ്രവർത്തകരും തങ്ങളുടെ തൊഴിലാളികൾക്ക് ക്ഷേമ ഫണ്ട് നടപ്പാക്കിയില്ല എന്ന് കോടതി കണ്ടെത്തി.

അപ്പീൽ നൽകുന്നതിന് വേണ്ടി നാല് പേർക്കും കോടതി ജാമ്യം നൽകി. തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുഹമ്മദ്‌ യൂനുസ് പറഞ്ഞു.

‘എനിക്കെതിരെയുള്ള വിധി നിയമ നടപടികൾക്കും യുക്തിക്കും വിരുദ്ധമാണ്. അനീതിക്കെതിരെ സംസാരിക്കാനും രാജ്യത്തെ ഓരോ പൗരന്റെയും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിലകൊള്ളാനും ഞാൻ ബംഗ്ലാദേശി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു,’ വിധി പുറത്തുവന്നതിന് ശേഷം യൂനുസ് പറഞ്ഞു.

പാവപ്പെട്ടവരുടെ ബാങ്കർ എന്നറിയപ്പെടുന്ന 83കാരനായ യൂനുസ് ദാരിദ്ര്യത്തിൽ നിന്ന് കോടിക്കണക്കിന് ജനങ്ങളെ മോചിപ്പിക്കാൻ സഹായിക്കുന്ന മൈക്രോ ഫിനാൻസ് ലോണുകളുടെ അമരക്കാരനാണ്.

2006ൽ ഈ സംവിധാനത്തിന് പ്രൊഫ. യൂനുസിനും അദ്ദേഹത്തിന്റെ ഗ്രാമീൺ ബാങ്കിനും സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ പുരസ്‌കാരം ലഭിച്ചിരുന്നു.

പ്രൊഫ. യൂനുസിന്റെ അന്താരാഷ്ട്ര സ്വീകാര്യതയെ തകർക്കാനുള്ള നീക്കമാണ് ഇതെന്നും തൊഴിൽ നിയമ ലംഘനങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും പേരിൽ അദ്ദേഹത്തിനെതിരെ 100ലധികം കേസുകൾ ഉണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അബ്ദുള്ള അൽ മാമുൻ ബി.ബി.സിയോട് പറഞ്ഞു.

നേരത്തെ പ്രൊഫ. യൂനുസിനെ ചോരകുടിയൻ എന്നും പിടിച്ചുപറിക്കുന്ന പലിശ നിരക്കാണ് പാവപ്പെട്ട ജനങ്ങളിൽ നിന്ന് ഗ്രാമീൺ ബാങ്ക് ഈടാക്കുന്നത് എന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.

മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൺ, വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ ഉൾപ്പെടെ 170 ആഗോള വ്യക്തിത്വങ്ങൾ പ്രൊഫ. യൂനുസിനെതിരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയ്ക്ക് കത്തെഴുതിയിരുന്നു.

പ്രൊഫ. യൂനുസിനെതിരായ നിയമനടപടികൾ പരിശോധിക്കുവാൻ അന്താരാഷ്ട്ര വിദഗ്ധരെ ഹസീന സ്വാഗതം ചെയ്തു.

ബംഗ്ലാദേശ് പ്രധാനമന്ത്രിയും നൊബേൽ പുരസ്കാര ജേതാവും തമ്മിലുള്ള ഉരസലിന് കാരണമെന്താണെന്ന് വ്യക്തമല്ല. ഷെയ്ഖ് ഹസീനയുടെ ഭരണകക്ഷി അവാമി ലീഗിനെതിരെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുവാൻ ഒരിക്കൽ യൂനുസ് ശ്രമിച്ചിരുന്നു എന്നതാണ് സർക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യത്തിന് കാരണമെന്നാണ് യൂനുസിന്റെ അനുയായികൾ ആരോപിക്കുന്നത്.

Content Highlight: Muhammad Yunus, Nobel laureate sentenced to jail in Bangladesh

Latest Stories

We use cookies to give you the best possible experience. Learn more