Advertisement
World Test Championship
ഏറ് എന്നൊക്കെ പറഞ്ഞാല്‍ എജ്ജാദി ഏറ്, കയ്യീന്ന് ബാറ്റ് വരെ പറന്നുപോയി; ലബുഷാനെ എറിഞ്ഞിട്ട് സിറാജ് മാജിക്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 07, 11:31 am
Wednesday, 7th June 2023, 5:01 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിന് ഓവലില്‍ തുടക്കമായിരിക്കുകയാണ്. 2021-23 സൈക്കിളിന്റെ ചാമ്പ്യന്‍മാര്‍ ആരെന്നറിയാന്‍ ഇനി ശേഷിക്കുന്നത് കേവലം അഞ്ച് ദിവസത്തിന്റെ മാത്രം കാത്തിരിപ്പാണ്.

ശക്തമായ സ്‌ക്വാഡമായാണ് ഇരു ടീമും ഓവലിലേക്കിറങ്ങിയത്. തകര്‍പ്പന്‍ ബാറ്റര്‍മാരും അവരെ എറിഞ്ഞിടാന്‍ പോന്ന ബൗളര്‍മാരും എന്തിനും പോന്ന ഓല്‍ റൗണ്ടര്‍മാരും തന്നെയാണ് ഇരുടീമിന്റെയും കരുത്ത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനവുമായി മുഹമ്മദ് സിറാജ് ഇന്ത്യക്ക് ഏര്‍ളി അഡ്വാന്റേജ് നല്‍കി.

മത്സരത്തിന്റെ നാലാം ഓവറില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. നാലാം ഓവറിലെ നാലാം പന്തില്‍ സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയെ പുറത്താക്കിക്കൊണ്ടാണ് സിറാജ് ഇന്ത്യയെ ഡ്രൈവിങ് സീറ്റിലേക്കിരുത്തിയത്.

സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എസ്. ഭരത്തിന് ക്യാച്ച് നല്‍കി പുറത്താകുമ്പോള്‍ പത്ത് പന്തില്‍ നിന്നും പൂജ്യം റണ്‍സായിരുന്നു ഖവാജയുടെ സമ്പാദ്യം.

തുടര്‍ന്നും സിറാജ് തന്റെ ബ്രൂട്ടല്‍ പേസ് പുറത്തെടുത്തുകൊണ്ടേയിരുന്നു. അതിലൊരു ഡെലിവെറിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഓസീസിന്റെ വണ്‍ ഡൗണ്‍ ബാറ്ററായ മാര്‍നസ് ലബുഷാനെതിരെ സിറാജെറിഞ്ഞ പന്താണ് ചര്‍ച്ചയിലേക്കുയര്‍ന്നിരിക്കുന്നത്.

എട്ടാം ഓവറിലെ ആദ്യ പന്തിലാണ് സിറാജ് ഒരിക്കല്‍ക്കൂടി ഓസീസ് ബാറ്ററെ ഞെട്ടിച്ചത്. 143 കിലോമീറ്റര്‍ വേഗതിയിലെത്തിയ പന്തിന് എക്‌സ്ട്രാ ബൗണ്‍സ് ഉണ്ടാകുമെന്ന് ലബുഷാന്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

പന്ത് ഷോട്ട് കളിക്കാതെ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ പന്ത് താരത്തിന്റെ ഇടംകയ്യിലെ തള്ളവിരലില്‍ ചെന്നിടിക്കുകയായിരുന്നു. പന്ത് കയ്യില്‍ ചെന്നിടിച്ചതിന്റെ വേദനയില്‍ ബാറ്റ് പോലും താരത്തിന്റെ കയ്യില്‍ നിന്നും വീണുപോയിരുന്നു.

സംഭവത്തിന്റെ വീഡിയോ കാണാം.

എന്നാല്‍ പരിക്കേല്‍ക്കാതിരുന്ന ലബുഷാന്‍ ബാറ്റിങ് തുടരുകയായിരുന്നു.

 

അതേസമയം, 20 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 62 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 54 പന്തില്‍ നിന്നും 39 റണ്‍സുമായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറും, 56 പന്തില്‍ നിന്നും 22 റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.

 

Content highlight: Muhammad Siraj’s delivery hits Marnus Labuschagne’s thumb