17 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ഐ.സി.സി ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കയ്ക്ക് അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടത്. വാശിയേറിയ മത്സരത്തിന്റ അവസാന ഓവറില്‍ പ്രോട്ടിയാസിന് വിജയിക്കാന്‍ 6 പന്തില്‍ 16 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മികച്ച ബൗളിങ് യൂണിറ്റും ഫീല്‍ഡിങ് യൂണിറ്റും കളിമാറ്റി മറിക്കുകയായിരുന്നു.
ഇന്ത്യ കിരീടം നേടിയതില്‍ ബൗളര്‍മാരുടെ പങ്കും വളരെ വലുതായിരുന്നു. എന്നാല്‍ പരിക്ക് കാരണം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചില്ലായിരുന്നു. പക്ഷെ ഇന്ത്യയുടെ ഐതിഹാസികമായ വിജയത്തിന് ശേഷം ഷമി ടീമിന് ആശംസയര്‍പ്പിച്ച് സംസാരിച്ചിരുന്നു. അതോടൊപ്പം താരത്തെ ഏറെ ഞെട്ടിച്ചത് ടി-20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത്തും വിരാടും വിരമിച്ചതാണെന്നും പറഞ്ഞു.
‘രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും ടി-20യില്‍ നിന്ന് വിരമിച്ചത് ഞെട്ടിക്കുന്നതായിരുന്നു. നിങ്ങളുടെ ലക്ഷ്യം നിറവേറ്റിയ ശേഷം വിടപറയുന്നത് തീര്‍ത്തും വൈകാരിക നിമിഷമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിച്ചതിന് രോഹിത്തിനും വിരാടിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മുഹമ്മദ് ഷമി പറഞ്ഞു.
അതേസമയം 2023 ഏകദിന ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമി കാലില്‍ പറ്റിയ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശേഷം വിശ്രമത്തിന് പോയ താരത്തിന് ഐ.പി.എല്ലും ടി-20 ലോകകപ്പും നഷ്ടപ്പെട്ടിരുന്നു. ഇനി വരാനിരിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഷമി തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Muhammad Shami Praises Virat Kohli And Rohit Sharma