ഇംഗ്ലണ്ടിനെതിരെയുള്ള നാല് വിക്കറ്റ് നേട്ടം; ചരിത്രനേട്ടം അക്കൗണ്ടിലാക്കി ഷമി
Cricket
ഇംഗ്ലണ്ടിനെതിരെയുള്ള നാല് വിക്കറ്റ് നേട്ടം; ചരിത്രനേട്ടം അക്കൗണ്ടിലാക്കി ഷമി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th October 2023, 2:05 pm

ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഈ പ്രകടനത്തിലൂടെ പുതിയ നേട്ടത്തിലേക്കാണ് ഷമി കാലെടുത്തുവെച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നാല് വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഇന്ത്യന്‍ പേസര്‍ സ്വന്തമാക്കിയത്.

13 മത്സരങ്ങളില്‍ നിന്നും ആറ് തവണയാണ് ഷമി നാല് വിക്കറ്റുകള്‍ നേടിയത്. ഷമിക്കൊപ്പം ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. സ്റ്റാര്‍ക്ക് 24 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടത്തിലെത്തിയത്.

മത്സരത്തില്‍ 7 ഓവറില്‍ രണ്ട് മെയ്ഡൻ ഓവര്‍ ഉള്‍പ്പെടെ 22 റണ്‍സ് വിട്ട് നല്‍കിയായിരുന്നു ഷമി നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവരുടെ വിക്കറ്റുകളാണ് ഷമി പിഴുതെടുത്തത്. ഈ ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഒന്‍പത് വിക്കറ്റുകളാണ് ഷമി നേടിയിട്ടുള്ളത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് ഇന്ത്യ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 റൺസിന്‌ പുറത്താവുകയായിരുന്നു. ഷമി നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും കുല്‍ദീവ് യാദവ് രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഇന്ത്യ 100 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

തുടര്‍ച്ചയായ ആറു മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് അപരാജിത കുതിപ്പാണ് ഇന്ത്യന്‍ ടീം നടത്തുന്നത്. അതേസമയം അഞ്ച് മത്സരങ്ങളും തോറ്റ നിലവിലെ ചാമ്പ്യന്‍മാര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Content Highlight: Muhammad shami create record most four wickets taken bowler in world cup