'വിളച്ചിലെടുക്കല്ലേ' ഡയലോഗ് വന്നതെങ്ങനെ; തിരക്കഥാകൃത്ത് ഷാഫി പറയുന്നു
Film News
'വിളച്ചിലെടുക്കല്ലേ' ഡയലോഗ് വന്നതെങ്ങനെ; തിരക്കഥാകൃത്ത് ഷാഫി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th September 2023, 4:34 pm

ഈ ആഴ്ച മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്. ഇതുവരെ ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകളും ട്രെയ്‌ലറും വലിയ ശ്രദ്ധ നേടിയിരുന്നു.

ട്രെയ്‌ലറിലെ ‘വിളച്ചിടെക്കല്ലേ’ എന്ന ഡയലോഗ് വന്നതിന് പിന്നിലെ കഥ പറയുകയാണ് തിരക്കഥാകൃത്തുക്കളിലൊരാളായ മുഹമ്മദ് ഷാഫി. പ്രധാനപ്പെട്ട രംഗത്തിനനുസരിച്ച് എഴുതിയ ഡയലോഗ് ആണ് അതെന്നും താന്‍ വിചാരിച്ചതിന് മുകളില്‍ മമ്മൂട്ടി ഡയലോഗ് പറഞ്ഞുവെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ഷാഫി പറഞ്ഞു.

ട്രെയ്‌ലറിലെ ‘വണ്ടിയെടുക്കെടാ ജോസേ’, ‘വിളച്ചിലെടുക്കല്ലേ’ എന്നീ ഡയലോഗുകള്‍ എങ്ങനെയാണ് വന്നത് എന്നായിരുന്നു അവതാരകയുടെ ചോദ്യം.

‘ജോസ് എന്ന കഥാപാത്രമാണ് കൂടുതലും വണ്ടിയെടുക്കുന്നത്. അസീസാണ് ജോസ് ആയി അഭിനയിക്കുന്നത്. അദ്ദേഹമാണ് കൂടുതല്‍ സമയവും വണ്ടിയെടുക്കുന്നത്. എന്നാലും എല്ലാവരും മാറി മാറി ഓടിക്കുന്നുണ്ട്. ഒരു ക്രൂഷ്യല്‍ മൊമെന്റിലാണ് ആ ഡയലോഗ് പറയുന്നത്.

അങ്ങനെ ഒരു മൊമെന്റിലാണ് വിളച്ചിലെടുക്കല്ലേ എന്നും പറഞ്ഞത്. വിളച്ചിലെടുക്കല്ലേ എന്ന ഡയലോഗിന്റെ ടോണ്‍ സാറ് തന്നെ സെറ്റ് ചെയ്തതാണ്. എഴുതിയത് വേറെ ഒരു പരിപാടി ആയിരുന്നു. ടോണ്‍ എഴുതാന്‍ പറ്റില്ലല്ലോ. എന്നാലും വിളച്ചിലെടുക്കല്ലേ എന്ന് പറയുമ്പോള്‍ മനസില്‍ ഒരു ടോണ്‍ ഉണ്ടാവുമല്ലോ. അതിന്റെ മുകളില്‍ സാര്‍ പറഞ്ഞു. ആ സീക്വന്‍സിലും നല്ലതാണ്. രസമായി സാര്‍ അത് പറഞ്ഞു,’ ഷാഫി പറഞ്ഞു.

സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി എ.എസ്.ഐ. ജോര്‍ജ് മാര്‍ട്ടിനായാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ എത്തുന്നത്.

യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.

കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

Content Highlight: Muhammad Shafi is telling the story behind the dialogue ‘Vilachitekkalle’ IN KANNUR SQUAD