പൊലീസിനെയും ഗുണ്ടകളെയും വകവെക്കാതെ അശോകിന്റെ മൃതദേഹം സവര്‍ണരുടെ വഴിയിലൂടെ കൊണ്ടുപോയ അനുഭവം; ഡി.വൈ.എഫ്.ഐയിലെ സുഹൃത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് റിയാസ്
Kerala News
പൊലീസിനെയും ഗുണ്ടകളെയും വകവെക്കാതെ അശോകിന്റെ മൃതദേഹം സവര്‍ണരുടെ വഴിയിലൂടെ കൊണ്ടുപോയ അനുഭവം; ഡി.വൈ.എഫ്.ഐയിലെ സുഹൃത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th March 2022, 10:19 pm

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയിലെ പഴയ സുഹൃത്തിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഡി.വൈ.എഫ്.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ബാലവേലന്‍ തിരുവനന്തപുരത്ത് ഓഫീസില്‍ കാണാന്‍ വന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് റിയാസ് തന്റെ ഓര്‍മകള്‍ പുതുക്കിയത്.

തമിഴ്‌നാട് സംസ്ഥാന ക്യാമ്പും, തൂത്തുക്കുടി വെടിവെയ്പ്പും ഡി.വൈ.എഫ്.ഐ നേതാവ് അശോകിന്റെ കൊലപാതകവും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. തൂത്തുക്കുടി വെടിവെയ്പ്പില്‍ പരിക്കേറ്റവരെ കാണാനായി ആശുപത്രിയിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞതും അന്ന് ബാലവേലന്‍ എടുത്ത ധീരമായ നിലപാടും റിയാസ് കുറിച്ചു.

ജാതിവെറിയുടെ പേരില്‍ തിരുനെല്‍വേലിയില്‍ ഡി.വൈ.എഫ്.ഐ നേതാവ് അശോകിനെ കൊലപ്പെടുത്തിയ സംഭവവും തുടര്‍ന്ന് സവര്‍ണര്‍ തടഞ്ഞ വഴിയിലൂടെ തന്നെ മൃതദേഹം കൊണ്ടുപോയതുമെല്ലാം റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്.

പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ബാലവേലനോടൊപ്പം കോയമ്പത്തൂര്‍, സേലം, മധുരൈ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങളും രാജ്യമെമ്പാടും ഡി.വൈ.എഫ്.ഐ വഴി നേടിയെടുത്ത സൗഹൃദങ്ങളെക്കുരിച്ചും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ഡി.വൈ.എഫ്.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സഖാവ് ബാലവേലന്‍ തിരുവനന്തപുരത്ത് ഓഫീസില്‍ വന്നിരുന്നു. സഖാവ് ബാലവേലനും തമിഴ്‌നാട്ടിലെ സഖാക്കളുമായുള്ള സൗഹൃദം എടുത്തുപറയേണ്ടതാണ്. 2015 ല്‍ ധര്‍മ്മപുരിയിലെ പെണ്‍ഗ്രാമത്തില്‍ വെച്ച് നടത്തിയ തമിഴ്‌നാട് സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി ബാലവേലനും തമിഴ്‌നാട് സഖാക്കള്‍ക്കുമൊപ്പം ചെലവഴിച്ച ദിനങ്ങള്‍ മറക്കാനാകാത്തതാണ്.

ജെ.എന്‍.യു വിദ്യാര്‍ത്ഥി മുത്തുകൃഷ്ണയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാലവേലനോടൊപ്പം സേലത്ത് പോയതും മുത്തുകൃഷ്ണയുടെ കുടുംബാംഗങ്ങളെ കണ്ടതും അവിടെ നടന്ന പ്രക്ഷോഭവും വലിയ അനുഭവമാണ്. തൂത്തുക്കുടി വെടിവെയ്പ് ഇന്നും നമുക്കെല്ലാം ഓര്‍മ്മയുണ്ടാകും. കുട്ടികളടക്കം 12 ഓളം പേരുടെ ജീവനെടുത്ത വെടിവെയ്പില്‍ പരിക്കേറ്റവരെ കാണാനായി ആശുപത്രിയിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. അന്ന് ബാലവേലനെടുത്ത ധീരമായ നിലപാട് എടത്തു പറയേണ്ടതാണ്.

ജാതിവെറിയുടെ പേരില്‍ തിരുനെല്‍വേലിയില്‍ ഡി.വൈ.എഫ്.ഐ നേതാവ് അശോകിനെ കൊലപ്പെടുത്തിയ സംഭവവും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അശോകിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്ന് തിരുനെല്‍വേലിയില്‍ പോയപ്പോള്‍ അശോകിന്റെ മൃതദേഹവും കൊണ്ട് സവര്‍ണരുടെ വഴിയിലൂടെ പോകാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ജാതിവെറിപൂണ്ട ഗുണ്ടകള്‍.

പൊലീസും അവര്‍ക്കൊപ്പമായിരുന്നു. മോര്‍ച്ചറി കെട്ടിടത്തില്‍ വെച്ച് തന്നെ സംസ്ഥാന കമ്മിറ്റി ചേരുകയും സ്വന്തം ജീവന്‍ പോയാലും അശോകിന്റെ മൃതദേഹം കൊണ്ടുപോകുമെന്ന് തീരുമാനിക്കുകയും ചെയ്തു. പൊലീസിനെയും ഗുണ്ടകളെയും വകവെക്കാതെ അശോകിന്റെ മൃതദേഹം അതേ വഴിയിലൂടെ സഞ്ചരിച്ചാണ് അന്ന് സംസ്‌കരിക്കാന്‍ സാധിച്ചത്. മോര്‍ച്ചറിയിലെ യോഗവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സംഘടനാപ്രവര്‍ത്തന രംഗത്തെ മറക്കാനാകാത്ത അനുഭവമാണ്.

2017 ല്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം കൊച്ചിയില്‍ വെച്ച് നടന്നപ്പോള്‍ അതിന്റെ കൊടിമര ജാഥയെ കന്യാകുമാരിയില്‍ വെച്ച് പോലീസ് തടഞ്ഞതും ബാലവേലനും സഖാക്കള്‍ക്കുമൊപ്പം പോലീസിനെ ധീരമായി നേരിട്ടതുമെല്ലാം ഓര്‍ക്കുന്നു.
പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ബാലവേലനോടൊപ്പം കോയമ്പത്തൂര്‍, സേലം, മധുരൈ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ പങ്കുകൊണ്ടതും ഓര്‍ക്കുന്നു.

ദേശീയതലത്തിലെ വിവിധ സമരപരിപാടികളുടെ പ്രചരണത്തിന്റെ ഭാഗമായി ചെന്നൈയില്‍ വെച്ച് നടന്‍ കമലഹാസന്‍, സംഗീതജ്ഞന്‍ ടി. എം. കൃഷ്ണ, നടി രോഹിണി എന്നിവരെ കണ്ടപ്പോഴും ബാലവേലന്‍ കൂടെയുണ്ടായിരുന്നു.

യുവജനപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള ഓരോ പ്രവര്‍ത്തനവും ഓരോ അനുഭവങ്ങളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഖാക്കളുമായുള്ള വ്യക്തിബന്ധം ഇതിന്റെ ഭാഗമാണ്. യുവജനപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സമ്പാദ്യവും സൗഹൃദങ്ങളാണ്. രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള സഖാക്കളുടെ സൗഹൃദം വലിയ മുതല്‍ക്കൂട്ടാണ്. ഈ അനുഭവങ്ങള്‍ ഇന്നത്തെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ഊര്‍ജമാണ്.


Content Highlight: muhammad Riyas shares his memories with a dyfi friend