| Thursday, 5th January 2023, 4:25 pm

അറബിയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്; അത്തരം ശ്രമങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന സര്‍ക്കാരാണിത്: മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏക ഭാഷയിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമം രാജ്യത്ത് നടക്കുന്നുവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാ ഭാഷകളേയും ഒരുപോലെ ബഹുമാനിക്കാനും പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമുള്ള അവസരം സൃഷ്ടിക്കുക എന്ന നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഭാഷാ സെമിനാറില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

അറബി ഭാഷയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചില സിനിമകളില്‍ ഇത്തരം ശ്രമങ്ങള്‍ കാണാം. അത്തരം നീക്കങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘നാനാത്വത്തില്‍ ഏകത്വവും മതേതരത്വവും സംരക്ഷിക്കും. ഇന്ത്യയിലെ എല്ലാ ഭാഷയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റും.

അറബി ഭാഷയെയും നാനാത്വത്തില്‍ ഏകത്വത്തേയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസംരക്ഷിക്കുന്ന സര്‍ക്കാരാണിത്.

അറബി ഭാഷ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചുവരുന്നു. അറബി ഭാഷയ്ക്ക് മറ്റെല്ലാ ഭാഷകള്‍ക്കും കൊടുക്കുന്നതു പോലുള്ള പ്രാധാന്യം കൊടുത്ത് അതിനെ സംരക്ഷിക്കാന്‍ പ്രത്യേകം ഇടപെടണം,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മുന്‍ എം.എല്‍.എയും അറബി ഭാഷാ സാഹിത്യോത്സവം ചെയര്‍മാനുമായ വി.കെ.സി മമ്മദ് കോയ അധ്യക്ഷത വഹിച്ചു.

Content Highlight: Muhammad Riyas said Attempts are being made to portray Arabic as a terrorist language

We use cookies to give you the best possible experience. Learn more