കോഴിക്കോട്: ഏക ഭാഷയിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമം രാജ്യത്ത് നടക്കുന്നുവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാ ഭാഷകളേയും ഒരുപോലെ ബഹുമാനിക്കാനും പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമുള്ള അവസരം സൃഷ്ടിക്കുക എന്ന നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഭാഷാ സെമിനാറില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അറബി ഭാഷയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചില സിനിമകളില്‍ ഇത്തരം ശ്രമങ്ങള്‍ കാണാം. അത്തരം നീക്കങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘നാനാത്വത്തില്‍ ഏകത്വവും മതേതരത്വവും സംരക്ഷിക്കും. ഇന്ത്യയിലെ എല്ലാ ഭാഷയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റും.
അറബി ഭാഷയെയും നാനാത്വത്തില്‍ ഏകത്വത്തേയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസംരക്ഷിക്കുന്ന സര്‍ക്കാരാണിത്.