തിരുവനന്തപുരം: അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച സംഭവം ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തുറന്ന കത്തുമായി മന്ത്രി മുഹമ്മദ് റിയാസ്. ‘ആര്‍.എസ്.എസ്’ മനസില്ലാത്ത മതനിരപേക്ഷ കോണ്‍ഗ്രസുകാര്‍ വായിക്കാന്‍, സ്‌നേഹത്തോടെ’ എന്ന തലക്കെട്ടിലെഴുതിയ കത്ത് റിയാസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
കേരളത്തിലെ സര്‍ക്കാരിനെ ആക്രമിക്കാന്‍ ആവോളം സമയം കണ്ടെത്തുന്ന എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനും അതിന്റെ നൂറിലൊരംശമെങ്കിലും ആത്മാര്‍ത്ഥത ഈ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബി.ജെ.പിയില്‍ പോകാതെ നോക്കാന്‍ കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം കത്തില്‍ എഴുതി.
ഇടതുപക്ഷത്തിനെതിരായ ബി.ജെ.പിയുടെ വിജയങ്ങള്‍ ആഘോഷിക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെങ്കില്‍, ബി.ജെ.പി കോണ്‍ഗ്രസിനെ തോല്‍പ്പിക്കുമ്പോള്‍ സങ്കടപ്പെടുന്നവരാണ് സി.പി.ഐ.എമ്മുകാരെന്നും മുഹമ്മദ് റിയാസ് കുറിച്ചു.
പി.എ. മുഹമ്മദ് റിയാസ് പങ്കുവെച്ച കത്തിന്റെ പൂര്‍ണരൂപം
‘ആര്‍.എസ്.എസ്’ മനസില്ലാത്ത മതനിരപേക്ഷ കോണ്‍ഗ്രസുകാര്‍ വായിക്കാന്‍, സ്‌നേഹത്തോടെ,
അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരിക്കുകയാണ്. അണ്ടര്‍-22 സംസ്ഥാന ക്രിക്കറ്റ് ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍ കൂടിയായ കിരണ്‍ റെഡ്ഢി ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണ് മാധ്യമ വാര്‍ത്തകള്‍. കേരളത്തിലെ സി.പി.ഐ.എമ്മിനെയും ഇടതുപക്ഷ സര്‍ക്കാരിനെയും ആക്രമിക്കാന്‍ ആവോളം സമയം കണ്ടെത്തുന്ന എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനും അതിന്റെ നൂറിലൊരംശമെങ്കിലും ആത്മാര്‍ത്ഥത ഈ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബി.ജെ.പിയില്‍ പോകാതെ നോക്കാന്‍ കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എസ്.എം. കൃഷ്ണ(കര്‍ണാടക)ദിഗംബര്‍ കാമത്ത്(ഗോവ)വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്)എന്‍ഡി തിവാരി (ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്), പ്രേമഖണ്ഡു(അരുണാചല്‍ പ്രദേശ് ), ബിരേന്‍ സിംഗ് ( മണിപ്പൂര്‍),ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്(പഞ്ചാബ്) എന്നീ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രായ്ക്കുരാമാനം ബി.ജെ.പിയിലേക്ക് പോയകാര്യം മറന്നിട്ട് പറയുന്നതല്ല ഇക്കാര്യം.ബി.ജെ.പി വിരുദ്ധ ചേരി ദുര്‍ബലമാവരുത് എന്നതിനാല്‍ പറയേണ്ടിവരുന്നതാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ദുഖിച്ചവരാണ് ഞങ്ങള്‍. എന്നാല്‍ 2018ല്‍ ത്രിപുരയില്‍ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട് ബി.ജെ.പിയാണ് അധികാരത്തില്‍ വന്നതെന്നറിഞ്ഞിട്ടും ഞങ്ങളുടെ തോല്‍വിയില്‍ സന്തോഷം കൊണ്ട് തുള്ളി ചാടിയിടത്ത് എത്തി കേരളത്തിലെ പല കോണ്‍ഗ്രസുകാരുടെയും രാഷ്ട്രീയ നിലപാട്.
മഞ്ചേശ്വരത്തും പാലക്കാട്ടും ബി.ജെ.പി പരാജയപ്പെട്ടപ്പോള്‍ ആശ്വാസം കൊണ്ടവരാണ് ഇടതുപക്ഷം. എന്നാല്‍ നേമത്ത് ഞങ്ങള്‍ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചപ്പോള്‍ തുള്ളിച്ചാടാന്‍ നിങ്ങളില്‍ സന്തോഷം കണ്ടില്ല.
ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം.കിരണ്‍ കുമാര്‍ റെഡ്ഢിയുടെ ബി.ജെ.പി പ്രവേശനം തടയാനും, പറ്റുമെങ്കില്‍ മതനിരപേക്ഷ ചേരിയില്‍ ഉറച്ചുനിര്‍ത്താനുമുള്ള എന്തെങ്കിലും ഇടപെടല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlight: Muhammad Riyas has written an open letter to Congress workers pointing out the incident of Kiran Kumar Reddy’s resignation from Congress