ഈ കൈകൾ ചോരില്ല സാർ! ചരിത്രവിജയത്തിനൊപ്പം ഐതിഹാസികനേട്ടവുമായി അഫ്ഗാന്റെ വല്ല്യേട്ടൻ
Cricket
ഈ കൈകൾ ചോരില്ല സാർ! ചരിത്രവിജയത്തിനൊപ്പം ഐതിഹാസികനേട്ടവുമായി അഫ്ഗാന്റെ വല്ല്യേട്ടൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 25th June 2024, 4:24 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ സെമിയില്‍. ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാന്‍ ടി-20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. ഒടുവില്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ മത്സരം 19 ഓവറാക്കി ചുരുക്കുകയായിരുന്നു. ഒടുവില്‍ 114 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സിന് പുറത്താവുകയായിരുന്നു.

അഫ്ഗാന്‍ ബൗളിങ്ങില്‍ നാലു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ക്യാപ്റ്റന്‍ റാഷിദ് ഖാനും നവീന്‍ ഉള്‍ ഹക്കുമാണ് ബംഗ്ലാദശിനെ തകര്‍ത്തത്. മത്സരത്തില്‍ രണ്ട് ക്യാച്ചുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാനിസ്ഥാന്റെ വെറ്ററന്‍ താരം മുഹമ്മദ് നബി നടത്തിയത്. ബംഗ്ലാദേശി ക്യാപ്റ്റന്‍ നജുമുല്‍ ഹുസൈന്‍ ഷാന്റോ, ടാന്‍സിം ഹസന്‍ സാക്കിബ് എന്നിവരുടെ ക്യാച്ചുകളാണ് നബി കൈപ്പിടിയിലാക്കിയത്.

ഇതിനുപിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അഫ്ഗാന്‍ താരത്തെ തേടിയെത്തിയത്. ടി-20യില്‍ വിക്കറ്റ് കീപ്പർ എന്ന നിലയില്‍ അല്ലാതെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് മുഹമ്മദ് നബി സ്വന്തമാക്കിയത്. 70 ക്യാച്ചുകള്‍ ആണ് താരം നേടിയത്. 68 ക്യാച്ചുകള്‍ നേടിയ മുന്‍ ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലിനെ മറികടന്നു കൊണ്ടായിരുന്നു നബിയുടെ മുന്നേറ്റം.

ടി-20യില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അല്ലാതെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരം, ടീം, ക്യാച്ചുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ഡേവിഡ് മില്ലര്‍-സൗത്ത് ആഫ്രിക്ക-79

മുഹമ്മദ് നബി- അഫ്ഗാനിസ്ഥാന്‍-70*

മാര്‍ട്ടിന്‍ ഗപ്റ്റില്‍- ന്യൂസിലാന്‍ഡ്-68

ജോര്‍ജ് ഡോക്‌റെല്‍-അയര്‍ലാന്‍ഡ്-65

രോഹിത് ശര്‍മ- ഇന്ത്യ- 65

ടിം സൗത്തി-ന്യൂസിലാന്‍ഡ്- 65

അതേസമയം ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വേണ്ടി റഹ്‌മാനുള്ള ഗുര്‍ബാസ് 55 പന്തില്‍ 43 റണ്‍സാണ് നേടി നിര്‍ണയകമായി. മൂന്ന് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. സദ്രാന്‍ 29 പന്തില്‍ 18 റണ്‍സും നേടി.

49 പന്തില്‍ 54 റണ്‍സ് നേടിയ ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

ജൂണ്‍ 27ന് നടക്കുന്ന ബ്രയിന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിഫൈനലില്‍ സൗത്ത് ആഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍.

Also Read: ഇന്നത്തെ വിജയം നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്ഢ്യത്തിന്റെയും തെളിവാണ്; സച്ചിന് ടെണ്ടുല്ക്കര്

Also Read: ബിലാലിന്റെ ഷൂട്ടിന് വേണ്ടി എല്ലാം റെഡിയായിരുന്നു, ആ ഒരൊറ്റക്കാരണം കൊണ്ട് ഷൂട്ട് മുടങ്ങി : മംമ്ത മോഹന്ദാസ്

Content Highlight: Muhammad Nabi Great Record in T20