'ഇവരെപോലുളളവര്‍ ഇനി കേരള പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല'; മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്യണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ
Kerala
'ഇവരെപോലുളളവര്‍ ഇനി കേരള പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല'; മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്യണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2017, 6:06 pm

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരെയുണ്ടായ അതിക്രമത്തില്‍ കടുത്ത വിമര്‍ശനവുമായി സിപിഐയുടെ യുവ എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു മുഹ്‌സിന്റെ പ്രതികരണം.

ഒരു മനുഷ്യന്‍ എന്ന നിലയില്‍ പൊലീസ് നടപടിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഹ്സിന്‍ ഫെയ്സ്ബു്ക് ലൈവില്‍ പറയുന്നു. വളരെ വിഷമത്തോട് കൂടിയാണ് ലൈവില്‍ വന്നതെന്ന് പറഞ്ഞുകൊണ്ടാണ് മുഹ്സിന്‍ പൊലീസിനെതിരെയുളള തന്റെ പ്രതിഷേധം അറിയിക്കുന്നത്.

“പാമ്പാടി നെഹ്റു കോളെജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ അമ്മ മൂന്നുമാസമായിട്ടും തന്റെ മകനെ കൊന്ന പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തി. ഇതിനെ പൊലീസ് വളരെ ക്രൂരമായിട്ടാണ് നേരിട്ടത്. അവരെ വലിച്ചിഴച്ചാണ് അവിടെനിന്നും മാറ്റിയത്. ഒരു പ്രതിഷേധം നടത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് അവരവിടെ ന്യായമായ ഒരാവശ്യത്തിന് വേണ്ടിയാണ് അവിടെ വന്നത്. വളരെ സമാധാനപൂര്‍വമാണ് അവിടെ പ്രതിഷേധിക്കുന്നത്. എന്തിനാണ് അവരെ അവിടെ നിന്നും നീക്കേണ്ടത്. ഇവിടെ വെറുതെ നീക്കുക മാത്രമല്ല, വളരെ ക്രൂരമായിട്ടാണ് പൊലീസ് അവരെ അവിടെ നിന്നും നീക്കിയത്.” മുഹ്‌സിന്‍ പറയുന്നു.

തന്റെ മകന്റെ മരണത്തിന് കാരക്കാരായവരെ ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല. തീര്‍ച്ചയായും അതിന്റെ വേദന മഹിജയ്ക്കുണ്ടാകും. അതിനോട് മിനിമം കാണിക്കേണ്ട മര്യാദയും സഹാനുഭൂതിയും കാണിക്കാതെയാണ് പൊലീസിന്റെ നടപടിയെന്നും തീര്‍ച്ചയായും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇതില്‍ പ്രതിഷേധിക്കുന്നുണ്ടെന്നും മുഹ്‌സിന്‍ പറയുന്നു.


Also Read: ‘ഭരിക്കാനറിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്കണം സാര്‍…’; പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധാഗ്നി ആളുന്നു


കേരളത്തിലെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍വെച്ച് നടന്ന സംഭവം ഒരു ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്നതല്ല. ഇതിന് കാരണക്കാരായ പൊലീസുകാരെ അവിടെ നിന്നും നീക്കം ചെയ്യണം. കാലങ്ങളായുളള പൊലീസിന് ധാര്‍ഷ്ട്യത്തിന്റെ മര്‍ദ്ദനത്തിന്റെ രീതിയുണ്ട്.

നയപരമായ ഒരു മാറ്റം അതിനുവരാതെ മാറ്റമുണ്ടാകില്ല. തീര്‍ച്ചയായും ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് നമ്മളേവരും. ഇനി ഇതുപോലുളള ജിഷ്ണുമാര്‍ ഉണ്ടാകാന്‍ പാടില്ല. മനുഷ്യന്‍ എന്ന നിലയ്ക്കുളള പൊലീസിന്റെ നടപടിയെ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരത്തിലുളള പൊലീസിന്റെ നടപടി തീര്‍ച്ചയായും ചോദ്യം ചെയ്യണം. ഇവരെപോലുളളവര്‍ ഇനി കേരള പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുഹ്സിന്‍ പറയുന്നു.