ഭോപ്പാല്‍: സ്വന്തം ജീവന്‍ പോലും കാര്യമാക്കാതെ റെയില്‍വേ പാളത്തില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയ യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ട്രെയിന്‍ നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുമ്പ് പാളത്തില്‍ വീണ പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷിക്കാനിറങ്ങിയത് മുഹമ്മദ് മെഹബൂബ് എന്ന മുപ്പത്തിയേഴുകാരനായിരുന്നു. ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ആശാരിപ്പണിക്കാരന്‍ ആണ് മെഹൂബൂബ്.
ഫെബ്രുവരി 5ന് മഅ്രിബ് നമസ്‌കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവഴിയായിരുന്നു സംഭവം നടന്നത്. അപ്പുറത്തെ പ്ലാറ്റ്‌ഫോമില്‍ നിന്ന സഹോദരന്റെ അരികിലേക്ക് പോകാനായിരുന്നു സ്‌നേഹ എന്ന പെണ്‍കുട്ടി ട്രാക്കിലേക്ക് ക്രോസ് ചെയ്യാനിറങ്ങിയത്.
എന്നാല്‍ ട്രെയിന്‍ വരുന്നത് കണ്ട പെണ്‍കുട്ടി അന്ധാളിച്ച് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് നടന്ന സംഭവത്തില്‍ ആര്‍ക്കും പ്രതികരിക്കാനായില്ല. പക്ഷേ ഞൊടിയിടയിലുള്ള മെഹബൂബൂബിന്റെ ഇടപെടല്‍ പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ട്രാക്കിലേക്ക് ചാടി ട്രെയിന്‍ എത്തുന്നതിന് മുമ്പ് സ്‌നേഹയുടെ തല പിടിച്ച് തറയില്‍ അമര്‍ത്തി വെച്ചു. സ്‌നേഹ തല ഉയര്‍ത്തി സഹോദരനെ നോക്കാന്‍ ശ്രമിച്ചെങ്കിലും മെഹബൂബ് വിട്ടില്ല. ട്രെയിന്‍ കടന്നു പോയതിന് ശേഷം അവള്‍ കരഞ്ഞു കൊണ്ട് സഹോദരന്റെ അടുത്തേക്ക് ഓടി.
മുഹമ്മദ് വീട്ടിലേക്കും പോയി.
വീട്ടില്‍ചെന്ന് താന്‍ ഒരാളെ ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി എന്ന് പറഞ്ഞപ്പോള്‍ നല്ല കാര്യം ചെയ്തു എന്നായിരുന്നു കുടുംബം പ്രതികരിച്ചത്. യാത്രക്കാരില്‍ ആരോ വീഡിയോ പിടിച്ചതും അത് വൈറല്‍ ആയതുമൊന്നും മെഹബൂബ് അറിഞ്ഞില്ല.
അദ്ദേഹത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു. പിന്നീട് വൈറല്‍ ആയ വീഡിയോ കണ്ട് ആളുകള്‍ അന്വേഷിച്ച് വന്നപ്പോള്‍ ആണ് വീഡിയോ കണ്ട മെഹബൂബ് എത്ര അപകടകരമായ പ്രവര്‍ത്തി ആണ് താന്‍ ചെയ്തത് എന്ന് തിരിച്ചറിഞ്ഞത്. മെഹബൂബിനെ അഭിനന്ദിച്ച പോലീസുകാരും, നാട്ടുകാരും അദ്ദേഹത്തെ അഭിനന്ദിച്ചു. ഒരു എന്‍.ജി.ഒ മൊബൈല്‍ ഫോണും വാങ്ങി നല്‍കി.
സംഭവത്തിന് ശേഷം താന്‍ രക്ഷിച്ച സ്‌നേഹയെ ഇതുവരെ മെഹബൂബിന് കാണാന്‍ സാധിച്ചിട്ടില്ല.
Content Highlight: muhammad mehaboob did not know his went viral