| Saturday, 15th June 2024, 12:00 pm

ലോകകപ്പ് നേടാന്‍ കഴിയുന്ന ശക്തരായ ടീം അവരാണ്: മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നും വിജയിച്ച് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റില്‍ ആണ് ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ അടുത്ത മത്സരം ജൂണ്‍ 15ന് കാനഡയോടാണ്. ഫ്ളോറിഡയിലെ സന്‍ഡ്രല്‍ ബ്രൊവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

എന്നാല്‍ ഗ്രൂപ്പ് സിയില്‍ വമ്പന്‍ പ്രകടനം നടത്തി എല്ലാവരെയും അമ്പരപ്പിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. മൂന്ന് മത്സരങ്ങളും വിജയിച്ച് +4.230 എന്ന നെറ്റ് റണ്‍റേറ്റ് സ്വന്തമാക്കിയാണ് റാഷിദ് ഖാന്റെ നേതൃത്വത്തില്‍ അഫ്ഗാന്‍ പട വിജയക്കുതിപ്പ് നടത്തുന്നത്. നിലവില്‍ ഏറ്റവും അതികം നെറ്റ് റണ്‍റേറ്റ് ഉള്ള ടീമും അഫ്ഗാനിസ്ഥാനാണ്. ഇപ്പോള്‍ അഫ്ഗാന്‍ ടീമിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

‘അഫ്ഗാനിസ്ഥാന്‍ മികച്ച ടീമാണ്, വെസ്റ്റ് ഇന്‍ഡീസില്‍ അവര്‍ എല്ലാ മത്സരവും അമ്പരപ്പിച്ചു. അവര്‍ക്ക് സാഹചര്യങ്ങളെ മനസിലാക്കി ബുദ്ധിപൂര്‍വം കളിക്കാന്‍ കഴിയുന്നു. തീര്‍ച്ചയായും ലോകകപ്പ് നേടാന്‍ കഴിയുന്ന മികച്ച ടീമാണ്,’ കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ടി-20 മത്സരത്തില്‍ പാപുവ ന്യൂ ഗിനിയക്കെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

19.5 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ന്യൂ ഗിനിയ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജൂണ്‍ 18ന് ഗ്രൂപ് സിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ഇന്‍ഡീസിനോടാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം. ബ്യൂസേജര്‍ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

Content Highlight: Muhammad Kaif Talking About Afghanistan Team In T20 World Cup

We use cookies to give you the best possible experience. Learn more