കോഴിക്കോട്: സമസ്ത ആദര്‍ശ സമ്മേളനത്തില്‍ മുജാഹിദ് പ്രസ്ഥാനത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുജാഹിദ് പ്രസ്ഥാനം സമ്മേളനം വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നും, അത് വിജയിക്കാതെ പോയാല്‍ സമസ്തയുടെ മുകളില്‍ കയറാമെന്ന് വിചാരിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
തെറിപറയാനും കുതിര കയറാനും സമസ്തയുണ്ടെന്ന് ആരും വിചാരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദിനോട് ആശയപരമായ ശത്രുതയുണ്ട്. അവരെ സമീപിക്കേണ്ട രീതികള്‍ മുന്‍കാമികള്‍ കാണിച്ചുതന്നിട്ടുണ്ടെന്നും മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഫാസിസ്റ്റ് സംഘടനകള്‍ക്ക് വേദിയൊരുക്കുകയാണ് മുജാഹിദ് സമ്മേളനം ചെയ്തതെന്നും സമ്മേളനത്തില്‍ സംസാരിച്ച നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ബാബരി മസ്ജിദ് പോലുള്ള വിഷയങ്ങളില്‍ സമുദായത്തെ ഒറ്റു കൊടുത്തവരാണ് മുജാഹിദ് പ്രസ്ഥാനം. ബാബരി മസ്ജിദ് കേസിലെ വിധി മുസ്‌ലിം സമുദായത്തിന് നേരെയുള്ള കടന്നാക്രമണം ആയിരുന്നു. പക്ഷേ ആ വിധിയെ സംബന്ധിച്ചിടത്തോളം ആള്‍ ഇന്ത്യാ അഹ്‌ലേ ഹദീസിന്റെ പ്രസിഡന്റും കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ റോള്‍ മോഡലുമായ മൗലാനാ അസ്ഹറലി ഇമാം പറഞ്ഞത് ആ വിധി സ്വാഗതാര്‍ഹമാണെന്നും അന്തസ്സുള്ള വിധിയാണെന്നുമായിരുന്നുവെന്നും നാസര്‍ ഫൈസി പറഞ്ഞു.