'ചിലപ്പോള്‍ ഫോണ്‍ വിളിക്കും, ചിലപ്പോള്‍ നേരില്‍ കാണും'; പി.എം.എ സലാമിന് ജിഫ്രി തങ്ങളുടെ മറുപടി
Kerala News
'ചിലപ്പോള്‍ ഫോണ്‍ വിളിക്കും, ചിലപ്പോള്‍ നേരില്‍ കാണും'; പി.എം.എ സലാമിന് ജിഫ്രി തങ്ങളുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2023, 11:42 pm

കോഴിക്കോട്: തനിക്കെതിരെയുള്ള വിമര്‍ശനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന് മറുപടിയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭരണം നടത്തുന്നവരുമായി സൗഹൃദത്തില്‍ പോകലാണ് സമസ്തയുടെ നയമെന്നും അതിനെ ആക്ഷേപിക്കുന്ന ചിലരുണ്ടെന്നും ഒരു പ്രസംഗത്തിനിടെ ജിഫ്രി തങ്ങള്‍ പറഞ്ഞു. യു.ഡി.എഫ് ഭരിച്ചപ്പോഴും എല്‍.ഡി.എഫ് ഭരിക്കുമ്പോഴും ഭരിക്കുന്ന പാര്‍ട്ടിയോട് സമസ്ത ആശയവിനിമയം നടത്താറുണ്ടെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

‘ഇന്ത്യാ രാജ്യമാകട്ടെ, സംസ്ഥാനമാകട്ടെ ഭരിക്കുന്ന സര്‍ക്കാരുമായി സമസ്തക്ക് നല്ല ബന്ധമായിരിക്കും. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അവരുമായി ആവശ്യമുള്ള കാര്യങ്ങള്‍ അവതരിപ്പിക്കും. അത് ചിലപ്പൊള്‍ പോയി അവതരിപ്പിക്കും, ചിലപ്പോള്‍ ഫോണ്‍ ചെയ്ത് അവതരിപ്പിക്കും. അങ്ങനെ പറയുമ്പോള്‍ അതിനെ ആക്ഷേപിക്കുന്നവരും അധിക്ഷേപിക്കുന്നവരുമുണ്ട്. ഭരിക്കുന്ന സര്‍ക്കാരുമായി നല്ലരീതിയില്‍ പോകണമെന്നത് സമസ്തയുടെ ഭരണഘടനയില്‍ തന്നെയുണ്ട്,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.

തട്ടം വിവാദത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പരസ്യമായി പ്രതികരിക്കാത്തത് പരോക്ഷമായി ചൂണ്ടിക്കാണിച്ചാണ് പി.എം.എ. സലാം സമസ്തക്കെതിരെ രംഗത്തെത്തിയിരുന്നത്. മുഖ്യമന്ത്രിയോട് അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ തട്ടം വിവാദത്തില്‍ എന്ത് നിലപാടാണ് എടുക്കുക എന്ന് പി.എം.എ. സലാം ചോദിച്ചിരുന്നു.

‘മുഖ്യമന്ത്രിയുടെ ഫോണ്‍കോള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകള്‍ നമ്മുടെ സമുദായത്തില്‍ ഉണ്ട്. ഇത്തരമൊരു നയവുമായി (തട്ടം വിവാദം) നീങ്ങുന്ന പാര്‍ട്ടിയോടുള്ള സമീപനം എന്താണെന്ന് അവര്‍ പറയണം,’ എന്നാണ് പി.എം.എ. സലാം പറഞ്ഞിരുന്നത്.