| Saturday, 4th June 2016, 11:10 am

'ഞാന്‍ യുദ്ധം ചെയ്യില്ല, കാരണം ഒരു വിയറ്റ്‌നാംകാരനും എന്നെ നീഗ്രോയെന്നു വിളിച്ചിട്ടില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കയുടെ വംശീയതയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച വ്യക്തിത്വമാണ് മുഹമ്മദ് അലി. 1967ല്‍ അദ്ദേഹത്തെ നിര്‍ബന്ധിത സൈനിക സേവനത്തിനായി ചുമതലപ്പെടുത്തിയപ്പോള്‍ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയ്ക്കുള്ള പങ്കു ചൂണ്ടിക്കാട്ടി അദ്ദേഹം അതിനു വിസമ്മതിക്കുകയാണുണ്ടായത്. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മുഹമ്മദ് അലി ചില ശ്രദ്ധേയ പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ ആ വാക്കുകളിലേക്ക്:

വിയറ്റ്‌നാം കാരുമായി യുദ്ധം ചെയ്യാന്‍ പോകില്ല. കാരണം ഒരു വിയറ്റ്‌നാം കാരനും എന്നെ കറുത്തവര്‍ഗക്കാരാ (നീഗ്രോ) യെന്നു വിളിച്ചിട്ടില്ല.

വെളുത്തവര്‍ഗക്കാരായ അടിമമുതലാളിമാരുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിവേണ്ടി മറ്റുള്ളവരെ കൊല്ലാനും കത്തിക്കാനും സഹായിക്കാന്‍ 10000 മൈല്‍ അകലെ ഞാന്‍ പോകില്ല. ഇത്തരം പൈശാചിക അനീതിക്ക് അറുതിവരുത്തേണ്ട ദിനവും കാലവും ഇതാണ്.

♦ലൂയിവില്ലെയിലെ നിഗ്രോകളെന്നു വിളിക്കുന്നവരെ പട്ടികളെപ്പോലെ കൈകാര്യം ചെയ്യുകയും അവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സമയത്ത് എന്തിനാണ് അവര്‍ എന്നോട് സൈനിക യൂണിഫോമിടാനും വീട്ടില്‍ നിന്നും പതിനായിരം മൈല്‍ അകലെ പോയി വിയറ്റ്‌നാമിലെ കറുത്തജനതയ്‌ക്കെതിരെ ബോംബെറിയാനും വെടിവെക്കാനും ആവശ്യപ്പെടുന്നത്.

♦എന്റെ ശത്രുക്കള്‍ വെള്ളക്കാരാണ്. അല്ലാതെ വിയറ്റാം ജനതയല്ല. ഞാന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ നിങ്ങളാണ്. ഞാന്‍ നീതി കാംഷിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ നിങ്ങളാണ്. ഞാന്‍ സമത്വം ആവശ്യപ്പെടുമ്പോള്‍ എതിര്‍ക്കുന്നതും നിങ്ങളാണ്. എന്റെ മതവിശ്വാസം കാരണം നിങ്ങള്‍ അമേരിക്കയില്‍ പോലും എനിക്കുവേണ്ടി നിലകൊള്ളുന്നില്ല. മാതൃദേശത്ത് എന്റെ മതവിശ്വാസങ്ങള്‍ക്കുവേണ്ടി പോലും നിലകൊള്ളാന്‍ ആഗ്രഹിക്കാത്ത നിങ്ങള്‍ക്കുവേണ്ടി ഞാന്‍ മറ്റെവിടെയോ പോയി യുദ്ധം ചെയ്യണമെന്നു പറയുന്നു.

We use cookies to give you the best possible experience. Learn more