എന്നും ഒരു യഥാര്‍ത്ഥ പോരാളിയുടെ മനസ്സ് കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദ് അലിയുടേത്. അതുകൊണ്ടു തന്നെയാണ് മരണത്തെ പോലും താന്‍ തന്റെ എതിരാളിയായാണ് കാണുന്നതെന്ന് ഉറച്ച ശബ്ദത്തില്‍ അദ്ദേഹത്തിന് ലോകത്തോട് വിളിച്ചു പറയാനായത്.
അദ്ദേഹത്തിന്റെ ഈ ഉറച്ച മനക്കരുത്ത് ലോകം വീണ്ടും വീക്ഷിച്ചു. അലിയുടെ ഒളിപിംക്‌സ് മെഡല്‍ നേട്ടം പിന്നിട്ട് 36 വര്‍ഷങ്ങള്‍ക്ക് ശേഷം. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്ന സമയം 1996 ജൂലായ് 19ന് അറ്റ്‌ലാന്റാ ഒളിംപിക്‌സിന്റെ അവസാന ദീപശിഖാ വാഹകനായിരുന്നു അദ്ദേഹം.
നീന്തല്‍ താരവും അഞ്ചു തവണ ഒളിപിംക്‌സ് മെഡല്‍ ജേതാവുമായ ജാനറ്റ് ഇവാന്‍സില്‍ നിന്നും ഏറ്റുവാങ്ങിയ ദീപശിഖയുമായി പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ വിറയ്ക്കുന്ന കൈകളാല്‍ പതിയെ നടന്നു നീങ്ങി ഒളിംപിക്‌സ് ദീപം തെളിയിച്ച അലിയുടെ ചിത്രം എല്ലാ കായിക പ്രേമികളുടെയും മനസ്സില്‍ മായാതെ നില്‍ക്കും. ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ കണ്ണ് നിറയിക്കുന്നതായിരുന്നു ആ ദൃശ്യം.
ആ നിമിഷം ഒന്നുകൂടി അനുഭവിക്കാനായി താന്‍ തന്റെ 5 ഒളിംപിക്‌സ് മെഡലുകളും നല്‍കാന്‍ തയ്യാറാണെന്നാണ് ജാനറ്റ് ഇവാന്‍സ് അന്ന് പറഞ്ഞത്.
” എന്റെ ഒരു ഒളിംപിക്‌സ് മെഡല്‍ നേട്ടത്തില്‍ പോലും ഞാന്‍ കരഞ്ഞിട്ടില്ല, എന്നാല്‍ എനിക്ക് കരച്ചില്‍ വന്നു. അദ്ദേഹത്തോടെപ്പമുണ്ടായിരുന്ന ആ നിമിഷം വളരെ ചെറുതായിരുന്നു. നിങ്ങള്‍ കണ്ടതല്ലെ എത്ര പെട്ടെന്നാണ് അദ്ദേഹം ആ ദീപം തെളിച്ചത്. 1960ലെ അദ്ദേഹത്തിന്റെ സ്വര്‍ണ മെഡല്‍ നേട്ടത്തിന് 36 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിംപിക്‌സിന്‍ വെള്ളി വെളിച്ചത്തിലേക്ക് തിരിച്ച് വരാന്‍ അദ്ദേഹം കാണിച്ച ധൈര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും സാക്ഷിയാകാന്‍ കഴിഞ്ഞത് എന്നെപ്പോലുള്ള നിരവധി യുവത്വങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതായിരുന്നു. എന്റെ ഒളിംപിക്‌സ് കരിയറിലെ മറക്കാനാകാത്ത നിമിഷമായി ആ ദൃശം ഞാന്‍ കാത്തു വെയ്ക്കും” . 1996 ലെ ആ സന്ദര്‍ഭത്തെക്കുറിച്ച് ഇവാന്‍സ് കഴിഞ്ഞ വര്‍ഷം പറഞ്ഞ വാക്കുകളാണിവ.
അതെ വളര്‍ന്നു വരുന്ന ഓരോ കായിക താരത്തിനും മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമാകുന്ന പേരാണ് മുഹമ്മദ് അലി. അലിയിലെ കരുത്തുറ്റ പേരാളിയെ കായിക ലോകത്തിന് മറക്കാനാകില്ല ഒരിക്കലും.
Muhammad Ali lights 1996 Atlanta Olympic cauldron (video)