അന്താരാഷ്ട്ര മെഡലുകള്‍ ഉള്‍പ്പെടെ എല്ലാ നേട്ടങ്ങളും ഗംഗാ നദിയില്‍ ഒഴുക്കി പ്രതിഷേധിക്കാന്‍ ശ്രമിച്ച ഗുസ്തി താരങ്ങള്‍ ഓര്‍മിപ്പിച്ചത് അമേരിക്കന്‍ ബോക്‌സര്‍ മുഹമ്മദ് അലി ക്ലേയെ. ലൈംഗികാരോപണ വിധേയനായ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാരോപിച്ചാണ് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജറംഗ് പൂനിയ തുടങ്ങിയ താരങ്ങള്‍ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത്.
ഒരു മാസമായി സമരം ചെയ്തിട്ടും നീതി നിഷേധം തുടര്‍ന്നപ്പോഴാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ ഗുസ്തി താരങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ രാജ്യത്തിന്റെ അഭിമാന താരങ്ങളെ കര്‍ഷക നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
ഗുസ്തി താരങ്ങളുടെ ഈ ശ്രമം വര്‍ണവിവേചനം നേരിട്ടതിനെ തുടര്‍ന്ന് തന്റെ ഒളിമ്പിക് മെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ മുഹമ്മദ് അലിയെ ഓര്‍മപ്പെടുത്തുന്നുണ്ട്.
ബോക്‌സിങ്ങില്‍ തന്റെ 18ാം വയസിലാണ് മുഹമ്മദ് അലി ഒളിമ്പിക് മെഡല്‍ നിടുന്നത്. സ്വന്തം നാട്ടില്‍ നിന്ന് വര്‍ണവിവേചനം നേരിട്ടതിനെ തുടര്‍ന്നാണ് നദിയിലേക്ക് തന്റെ മെഡല്‍ വലിച്ചെറിഞ്ഞ് അലി പ്രതിഷേധിച്ചത്. ഈ പ്രതിഷേധം ലോകത്തെ തന്നെ പിടിച്ചുലച്ചതാണ്.
അലിയുടെ കുട്ടിക്കാലത്ത് അമേരിക്കയില്‍ വര്‍ണ വിവേചനം രൂക്ഷമായിരുന്ന സമയമായിരന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകളും പാര്‍ക്കുകളും പള്ളികളും വരെ അക്കാലത്തുണ്ടായിരുന്നു.
ഒരു തവണ കറുത്തവര്‍ഗക്കാരനായത് കൊണ്ട് ഒരു റെസ്റ്റോറന്റിലെ ഭക്ഷണം അലിക്ക് നിഷേധിച്ചു. ഇതിന് പിന്നാലെയാണ് തന്റെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് താരം പ്രതിഷേധിച്ചത്.
ജീവിതത്തിലെടുത്ത നിലപാട് പോലെ തന്നെ ബോക്‌സിങ് ഇടിക്കൂട്ടിലും അലി അജയ്യനായിരുന്നു. 14 വര്‍ഷം നീണ്ട കരിയറിനിടെ എണ്ണമറ്റ കിരീടങ്ങള്‍ താരം സ്വന്തമാക്കി. അലിയെ സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്റഡ് പോയ നൂറ്റാണ്ടിന്റെ കായിക താരമായി തെരഞ്ഞെടുത്തിരുന്നു.
മുഹമ്മദ് അലിയുടെ പ്രധാനകിരീട നേട്ടങ്ങള്‍
-1960 – ല്‍ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്.
-1964 – ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ കിരീടം.
-1974 – ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ കിരീടം.
-1978 – ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ കിരീടം.
Content Highlight: Muhammad Ali is reminded of the attempt of wrestlers to protest by throwing their medals in the Ganges