മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ചരമവാര്‍ഷികദിനമായിരുന്നു നവംബര്‍ 23. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിച്ച മഹാനുഭാവന്‍മാരായ നേതാക്കളുടെ നിരയില്‍ ജ്വലിച്ചുനില്‍ക്കുന്ന മഹാവ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
ഒന്നാം ലോക മഹായുദ്ധവും ഒക്ടോബര്‍ വിപ്ലവവും രൂപപ്പെടുത്തിയ തിളച്ചുമറിയുന്ന രാഷ്ട്രീയ സാഹചര്യം ഉന്നത പ്രഭാവന്‍മാരായ ജനനേതാക്കളുടെ ഒരു വലിയ നിരയെത്തന്നെ സൃഷ്ടിച്ചു. സാമൂഹ്യപരിഷ്‌കരണത്തിനും ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരായും ഉയര്‍ന്നുവന്ന സാമൂഹ്യപ്രസ്ഥാനങ്ങളുടെയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും തീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് ഈ നേതാക്കളെല്ലാം വളര്‍ന്നുവന്നത്.
കെ.കേളപ്പന്‍, പി.കൃഷ്ണപ്പിള്ള, ഇ.എം.എസ്, കെ.ദാമോദരന്‍, എ.കെ.ജി, മുഹമ്മദ് അബ്ദുറഹ്മാന്‍ തുടങ്ങിയ എത്രയോ മഹാവ്യക്തിത്വങ്ങള്‍.
മുഹമ്മദ് അബ്ദുറഹ്മാന്‍ ജന്മംകൊണ്ട് കൊടുങ്ങല്ലൂര്‍കാരനായിരുന്നു. കൊടുങ്ങല്ലൂരിനടുത്തുള്ള അഴീക്കോടാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. ഖിലാഫത്തിന്റെയും നിസ്സഹകരണപ്രസ്ഥാനത്തിന്റെയും ആഹ്വാനം കേട്ട് ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്ത് ചാടിയ മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കോഴിക്കോടായിരുന്നു.
അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ പോരാട്ടങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ആസ്ഥാനം കോഴിക്കോട് നഗരമായിരുന്നു. അല്‍ അമീന്‍ ലോഡ്ജും ജോസ് വില്ലയും കേന്ദ്രീകരിച്ചാണ് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് മലബാറിലെ ദേശീയ പ്രസ്ഥാനത്തിന് അദ്ദേഹം നേതൃത്വം നല്‍കിയത്.
ഖിലാഫത്ത് കമ്മറ്റി സെക്രട്ടറി, കെ.പി.സി.സി അദ്ധ്യക്ഷന്‍, തൊഴിലാളി നേതാവ്, കര്‍ഷക പ്രക്ഷോഭകന്‍, സമുദായ പരിഷ്‌കര്‍ത്താവ്, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
മദ്രാസ് ഗവ:പ്രസിഡന്‍സി കോളേജില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം ഐ.സി.എസ് മോഹങ്ങള്‍ ഉപേക്ഷിച്ച് ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയത്. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ബഹിഷ്‌കരണാഹ്വാനമനുസരിച്ച് അദ്ദേഹം കലാശാലാ പഠനം ഉപേക്ഷിക്കുകയായിരുന്നു.
മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ‘ഖിലാഫത്ത് & ജസീറത്തുല്‍ അറബ് ‘എന്ന ലഘു ഗ്രന്ഥമാണ് അദ്ദേഹത്തിലെ ദേശീയവാദിയെ അവേശഭരിതനാക്കിയത്.രാഷ്ട്രീയാദര്‍ശങ്ങളിലേക്ക് അദ്ദേഹത്തിന്റെ വിജ്ഞാന തൃഷ്ണയെ ഉണര്‍ത്തിയെടുത്തത്.
ദേശീയ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് കമ്മറ്റിയുടെയും ആഹ്വാനമനുസരിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ അഗ്‌നി പഥങ്ങളിലൂടെ നടന്നുനീങ്ങിയ അദ്ദേഹം പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കിയിട്ടില്ല. പ്രിയതമയുടെ അകാലവേര്‍പാട് ഉള്‍പ്പെടെ എല്ലാവ്യക്തിപരമായ വേദനകളെയും വിഷമങ്ങളെയും മാറ്റിവച്ച് നാടിന്റെ സ്വാതന്ത്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകി.
ദേശീയ അടിമത്വത്തിന്റെ അപമാനകരമായ സാഹചര്യങ്ങളില്‍നിന്നും രാജ്യത്തെയും ജനങ്ങളെയും മോചിപ്പിക്കാനുള്ള ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിര്‍ദ്ദയമായ മര്‍ദ്ദനമുറകള്‍ക്ക് അദ്ദേഹം വിധേയനായി. കണ്ണൂര്‍, ബെല്ലാരി, ആലിപ്പൂര്‍, രാജമഡ്രി, വെല്ലൂര്‍ തുടങ്ങിയ ജയിലറകളില്‍ വര്‍ഷങ്ങളോളം അദ്ദേഹത്തിന് കഴിയേണ്ടിവന്നു.
തടവറകള്‍ക്കും മര്‍ദ്ദനമുറകള്‍ക്കും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ ബോധത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.
ദേശാഭിമാനത്തിന്റെ ഇതിഹാസം സൃഷിച്ച അദ്ദേഹത്തിന്റെ ജീവിതവും സമരവും സാമ്രാജ്യത്വമൂലധനത്തിന്റെ നവകോളനിവല്‍ക്കരണത്തിന്റേതായ വര്‍ത്തമാന സാഹചര്യത്തില്‍ പുരോഗമന ശക്തികള്‍ക്ക് എന്നും മാര്‍ഗ്ഗദര്‍ശകമാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രമാണ് ഹിന്ദുവര്‍ഗ്ഗീയ വാദത്തെയും മുസ്ലീം വര്‍ഗ്ഗീയ വാദത്തെയും വളര്‍ത്തിയെടുത്തത്. ഹിന്ദു-മുസ്ലീം മൈത്രിക്കും ദേശീയ പ്രസ്ഥാനത്തിന്റെ മുന്നോട്ട് പോക്കിനും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന കണിശമായ നിലപാട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഖിലാഫത്തിന്റെയും മലബാര്‍ കലാപത്തിന്റെയും മറവില്‍ വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ പ്രവണതകള്‍ക്കെതിരെ അദ്ദേഹം എന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ മലബാറിലെ പ്രസിദ്ധ നാവിക കുടംബമായിരുന്ന കോട്ടക്കല്‍ മരക്കാര്‍ വംശത്തില്‍പെട്ടവര്‍ ആയിരുന്നു. സാമൂതിരിയുടെ പോര്‍ച്ചുഗീസ് സേവക്കെതിരെ കലാപം ചെയ്ത് മലബാറില്‍നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയ കലന്തന്‍ പോക്കറെ കൊടുങ്ങല്ലൂര്‍ രാജാവ് എല്ലാ സൗകര്യങ്ങളും നല്‍കി അവിടെ താമസിപ്പിച്ചു.
കൊച്ചി രാജ്യത്തെ പ്രദേശിക നാടുവാഴിയായ പാലിയത്തച്ചന്റെ സുഹൃത്തായിരുന്നു കലന്തന്‍പോക്കര്‍. അദ്ദേഹം പാലിയത്തച്ചന്റെ സൈന്യാധിപനായ കുഞ്ഞാലി നയനയുടെ മകളെ വിവാഹം ചെയ്തു. ഇങ്ങനെയാണ് കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ കറുകപ്പാടം തറവാട് രൂപപ്പെട്ടതെന്നാണ് ചരിത്രം.
മുഹമ്മദ് അബ്ദുറഹ്മാന് ജന്മം നല്‍കിയ ഈ തറവാട് വിദേശാധിപത്യത്തിനെതിരെ ജീവിതാന്ത്യംവരെ പോരാടിയ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ വംശാവലിയില്‍പെട്ടതാണെന്ന് ചുരുക്കം.
ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ കേരള ഘടകം രൂപംകൊള്ളുന്നത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഇടപെടലോടെയാണ്. 1920 ഡിസംബറില്‍ നാഗപ്പൂരില്‍നടന്ന എ.ഐ.സി.സി സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
മലബാര്‍ ഖിലാഫത്ത് കമ്മറ്റിയുടെ പ്രതിനിധി എന്ന നിലയിലാണ് അദ്ദേഹം നാഗപ്പൂര്‍ എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുത്തത്. അലിഗര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് അദ്ദേഹം നേരിട്ട് നാഗപ്പൂരിലെത്തുകയായിരുന്നു. നാഗപ്പൂര്‍ എ.ഐ.സിസിയില്‍ പ്രസംഗിച്ച ഏറ്റവും പ്രായംകുറഞ്ഞ ആള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ആയിരുന്നു.
അദ്ദേഹവും സമ്മേളന പ്രതിനിധിയായ കെ.മാധവന്‍നായരും ചേര്‍ന്ന് നല്‍കിയ നിവേദനത്തിലാണ് എ.ഐ.സി.സിയോട് കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ അവശ്യം എ.ഐ.സി.സിയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടല്‍മൂലം കഴിഞ്ഞു.
പിന്നീട് മൗലാനാം അബ്ദുള്‍ കലാം ആസാദിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് അദ്ദേഹം അലിഗറിലെ ചരിത്രപഠനം ഉപേക്ഷിച്ച് കേരളത്തിലേക്ക് തിരിക്കുന്നത്. 1921 ഏപ്രില്‍ 23, 24 തിയ്യതികളില്‍ ഒറ്റപ്പാലത്തുനടന്ന കോണ്‍ഗ്രസിന്റെ 1ാം രാഷ്ട്രീയ സമ്മേളത്തിലൂടെയാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ കേരള രാഷ്ട്രീയത്തിലേക്കുള്ള ഔപചാരികമായുള്ള കടന്നുവരവ്.
കോഴിക്കോട് താമസമാക്കിയ അദ്ദേഹം മലബാറിലെ ദേശീയ പ്രസ്ഥാനത്തിന് ഊര്‍ജ്ജസ്വലമായ നേതൃത്വം നല്‍കി. ചാലപ്പുറം കോണ്‍ഗ്രസ് എന്ന് പരിഹസിക്കപ്പെട്ടിരുന്ന കോണ്‍ഗ്രസിലെ ആഭിജാത നേതൃത്വത്തെ ചോദ്യം ചെയ്യുകയും കോണ്‍ഗ്രസിനെ ഒരു ബഹുജന പ്രസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
അനുരജ്ഞനത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിച്ച് പരിചയമുണ്ടായിരുന്ന ഞായറാഴ്ച കോണ്‍ഗ്രസിനെ സമരോത്സുകമായ ഒരു പ്രസ്ഥാനമാക്കാന്‍ ദേശീയ പ്രസ്ഥാനത്തിനകത്തെ എല്ലാ പ്രതികൂല ഘടകങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം മുന്നിട്ടിറങ്ങി.
മലബാറിലെയും കൊച്ചിരാജ്യത്തെയും മുക്കിലും മൂലയിലും സഞ്ചരിച്ച് ഖിലാഫത്തിന്റെയും നിസ്സഹകരണത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചു. സ്വന്തം സമുദായത്തിലെ അവശതകള്‍ക്കും യാഥാസ്ഥിതികതക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. മുസ്ലീം ജനസമൂഹത്തെ ദേശീയ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചു. സമുദായ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ബ്രിട്ടനുമായി സന്ധിചെയ്യുന്ന തരത്തിലാവരുതെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു.
സമുദായ സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന തരത്തില്‍ മതസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസിലെ ദേശീയ വാദികളെ അദ്ദേഹം എല്ലായ്പോഴും ഓര്‍മ്മിപ്പിച്ചു. ഇതുകൊണ്ടൊക്കെത്തന്നെ കോണ്‍ഗ്രസിലെ വലതുപക്ഷക്കാര്‍ക്കും മുസ്ലീം ലീഗെന്ന സാമുദായിക സംഘടനക്കും അബ്ദുറഹ്മാന്‍ സാഹിബിനെ സഹിക്കാന്‍ കഴിയുമായിരുന്നില്ല.
1921 ല്‍ തിരൂരങ്ങാടിയിലും പൂക്കോട്ടൂരുമെല്ലാം മാപ്പിളകൃഷിക്കാര്‍ ബ്രിട്ടീഷ് പട്ടാളക്കാരാല്‍ കൊലചെയ്യപ്പെട്ടപ്പോള്‍ അവിടങ്ങളിലെല്ലാം എല്ലാ ഭരണകൂട നിരോധനങ്ങളെയും തൃണവല്‍ക്കരിച്ചുകൊണ്ട് അദ്ദേഹം ഓടിയെത്തി. കോണ്‍ഗ്രസിന്റെ ആഭിജാത വിഭാഗങ്ങള്‍ മലബാറിലെ മാപ്പിളമാര്‍ക്ക് നേരെ നടക്കുന്ന കൂട്ടക്കൊലകള്‍ക്ക് നേരെ കുറ്റകരമായമൗനം പാലിച്ചത് അദ്ദേഹത്തെ രോഷാകുലനാക്കി.
മലബാറിലെ മാപ്പിള കര്‍ഷകരെ വേട്ടയാടുന്ന അത്യന്തം ദാരുണമായ സംഭവഗതികളെക്കുറിച്ച് ഒന്നന്വേഷിക്കാനോ ഭരണകൂടഭീകരതയില്‍ അനാഥരാക്കപ്പെട്ടവരെ ആശ്വസിപ്പിക്കാനോ പോലുമുള്ള സന്മനസ്സ് പലകോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ടായില്ല.
ഉപ്പിനുപോലും നികുതികൂട്ടി ജനങ്ങളെയാകെ കൊള്ളയടിക്കുന്ന ബ്രിട്ടീഷ് നയങ്ങള്‍ക്കെതിരെ നിയമലംഘന പ്രസ്ഥാനമാരംഭിക്കാന്‍ ഐ.ഐ.സി.സി തീരുമാനിച്ചതോടെ കേരളത്തിലും ഉപ്പുസത്യാഗ്രഹം ആരംഭിക്കാന്‍ കെ.പി.സി.സി തയ്യാറെടുത്തു. പയ്യന്നൂരിലായിരുന്നു തുടക്കം.
1930 ഏപ്രില്‍ മാസത്തില്‍ പയ്യന്നൂരിലാരംഭിച്ച ഉപ്പുസത്യാഗ്രഹം പ്രതീക്ഷിച്ചത്ര ബഹുജന ശ്രദ്ധ നേടുന്നില്ലെന്ന് വന്നപ്പോഴാണ് കോഴിക്കോട് കടപ്പുറത്ത് ഉപ്പുനിയമം ലംഘിക്കാന്‍ തീരുമാനമുണ്ടായത്. ഇടതുപക്ഷ കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഉപ്പുസത്യഗ്രഹിത്തിന്റെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിച്ചത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു.
കെ.കേളപ്പനും കൃഷ്ണപ്പിള്ളയും മുഹമ്മദ് അബ്ദുറഹ്മാന്‍ തുടങ്ങി ഉന്നത കോണ്‍ഗ്രസ് നേതാക്കളും ഡെപ്യൂ. പോലീസ് സൂപ്രണ്ട് ആമുവിന്റെ നേതൃത്വത്തിലുള്ള പോലീസ് വ്യൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് ഉപ്പുകുറുക്കി. നിര്‍ദ്ദയമായ പോലീസ് നടപടിയില്‍ സത്യാഗ്രഹികള്‍ പിടഞ്ഞുവീണു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന് നേരെ പൈശാചികമായ മര്‍ദ്ദനമാണ് നടന്നത്.
ബ്രിട്ടീഷ് പോലീസില്‍നിന്നും സ: കൃഷ്ണപ്പിള്ള ത്രിവര്‍ണ്ണ പതാക മാറോട് ചേര്‍ത്ത് പിടിച്ച് സംരക്ഷിച്ചു. കേരളത്തിന്റെ ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തപങ്കിലവും ത്യാഗനിര്‍ഭരവുമായ നിരവധി അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്ത മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഇതിഹാസ തുല്യമായ ചരിത്രത്തില്‍ ഒരു അഗ്‌നി നക്ഷത്രം പോലെ മുഹമ്മദ് അബ്ദുറഹ്മാന്‍ ജ്വലിച്ചു നില്‍ക്കുന്നു. സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള മര്‍ദ്ദിത ജനതകളുടെ പോരാട്ടത്തിന് വഴികാട്ടിയായി.
സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം എല്ലാവിഭാഗം ജനങ്ങളുടെയും സാമ്പത്തിക തുല്യതയാണെന്ന് അബ്ദുറഹ്മാന്‍ സാബിബ് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹമെന്നും കോണ്‍ഗ്രസിലെ സോഷ്ലിസ്റ്റുകളോടൊപ്പമായിരുന്നു. എ.ഐ.സി.സി അംഗമെന്ന നിലക്ക് അദ്ദേഹം എം.എന്‍. റോയി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകാരോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിന്റെ ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗ്ഗ നിലപാടുകളെ എതിര്‍ത്തിരുന്നു.
കേരളത്തില്‍ ഇടതുപക്ഷ കെ.പി.സി.സിയുടെ അദ്ധ്യക്ഷനായിരുന്നല്ലോ അദ്ദേഹം. 1936 ല്‍ കെ.ദാമോദരന്‍ മലയാളത്തിലാക്കിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അച്ചടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍-അമീന്‍ പ്രസ്സിലാണ് നടന്നത്.
മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രസ്സുകള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ അച്ചടി ജോലി ഏറ്റെടുക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മലയാളത്തില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്റെ പ്രസ്സില്‍ അച്ചടിച്ചുതന്നത്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി സ്വാതന്ത്ര്യ സമരത്തിന്റെ ഗതിവേഗം കൂട്ടണമെങ്കില്‍ കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കണമെന്നും ദുര്‍ബല ജനവിഭാഗങ്ങളുടെ അവശതകള്‍ പരിഹരിക്കാനുള്ള സമരങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.
വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയുമെല്ലാം സംഘടിതരാക്കി ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ അണിനിരത്തണമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി സംഘടനയായ കേരളവിദ്യാര്‍ത്ഥി സംഘത്തിന്റെ അഖിലകേരള സമ്മേളനത്തിന്റെ സ്വാഗതസംഘ അദ്ധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
1937 ല്‍ സൗമേന്ദ്രനാഥ ടാഗോറിന്റെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് നടന്ന കേരള വിദ്യാര്‍ത്ഥി ഫെഡറേഷന്റെ 1ാം സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ അദ്ദേഹമായിരുന്നു.
കോഴിക്കോട്ടെ മുന്‍സിപ്പാലിറ്റി നടത്തിയിരുന്ന സ്‌കൂളുകളിലെ അദ്ധ്യാപകരെ സംഘടിപ്പിച്ചത് അദ്ദേഹമായിരുന്നു. കലിക്കറ്റ് മുന്‍സിപ്പല്‍ ടീച്ചേഴ്സ് യൂനിയന്റെ സ്ഥാപക പ്രസിഡന്റായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അദ്ധ്യാപക യൂനിയന്റെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഔദ്യോഗിക ജീവചരിത്രകാരന്‍മാര്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ലാത്തതാണ് അദ്ദേഹത്തിന്റെ ട്രേഡ് യൂനിയന്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍. അഖില മലബാര്‍ മോട്ടോര്‍ തൊഴിലാളി യൂനിയന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. വയനാട്ടിലെയും ഏറനാട് വള്ളുവനാട് താലൂക്കുകളിലെ തോട്ടം തൊഴിലാളികളെ ട്രേഡ് യൂനിയന്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് നടത്തിയിരുന്നു.
ചരിത്രത്തിലാദ്യമായി കെ.പി.സി.സിക്ക് ഒരു തൊഴിലാളി വിഭാഗം ഉണ്ടാക്കിയത് അബ്ദുറഹ്മാന്‍ സാഹിബ് പ്രസിഡന്റായതിന് ശേഷമാണ്. കോഴിക്കോട്ടെയും കണ്ണൂരിലെയും ഫാക്ടറി തൊഴിലാളി പണിമുടക്കുകള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി ഒത്തുതീര്‍പ്പാക്കുന്നതില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഇടപെട്ടിരുന്നു.
തൊഴിലാളികളെ വര്‍ഗ്ഗപരമായി സംഘടിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ എല്ലാപ്രവര്‍ത്തനങ്ങളോടും അനുഭാവപൂര്‍വ്വമായ നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലക്ക് അദ്ദേഹം സ്വീകരിച്ചിരുന്നത്.
കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. 1924 ല്‍ മലബാറില്‍ ഉയര്‍ന്നുവന്ന കുടിയാന്‍ പ്രക്ഷോഭത്തിന് അദ്ദേഹം സജീവ പിന്തുണ നല്‍കി. കൊച്ചി രാജ്യം കുടിയാന്‍ സംഘത്തെ അദ്ദേഹം പിന്തുണച്ചിരുന്നു.
1932 ല്‍ കൊടുങ്ങല്ലൂരില്‍ നടന്ന കര്‍ഷക തൊഴിലാളി പ്രക്ഷോഭത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. അന്നത്തെ കൊച്ചി ദിവാനുമായി ചര്‍ച്ചനടത്തി ആ സമരം വിജയത്തിലെത്തിച്ചത് അബ്ദുറഹ്മാന്‍ സാഹിബ് ആയിരുന്നു. മലബാര്‍ കുടിയായ്മാ നിയമത്തില്‍ കുടയാന്‍മാര്‍ക്കനുകൂലമായ ഭേദഗതികള്‍ നടത്താന്‍ അദ്ദേഹം മദ്രാസ് ഗവണ്‍മെന്റിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കുട്ടികൃഷ്ണമേനോന്റെ നേതൃത്വത്തിലുള്ള മലബാര്‍ കുടിയായ്മാ കമ്മറ്റിയുടെ ധനിക കര്‍ഷകര്‍ക്കനുകൂലമായ റിപ്പോര്‍ട്ടിന് എതിരായി സ:ഇ.എം.സിനൊപ്പം അബ്ദുറഹ്മാന്‍ സാഹിബും വിയോജനക്കുറിപ്പ് എഴുതുകയുണ്ടായി.
കണ്ണൂരിലും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മലമേഖലകളിലും നടന്ന കര്‍ഷകസമരത്തില്‍ അദ്ദേഹം നേരിട്ട് പങ്കെടുത്തു. കെ,എ.കേരളീയന്‍, സി.എച്ച്.കണാരന്‍ തുടങ്ങിയ കര്‍ഷക നേതാക്കളോടൊപ്പം മലബാറിലെ കാര്‍ഷിക സമരങ്ങളില്‍ സാഹിബ് മുന്‍പന്തിയിലുണ്ടായിരുന്നു.
സാമ്രാജ്യത്വത്തെയും ജന്മിത്വത്തെയും എതിര്‍ക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും സമര മുന്നണികള്‍ വഴി ദേശീയ സ്വാതന്ത്ര്യസമരത്തെ കോണ്‍ഗ്രസിലെ വലതു പക്ഷക്കാരില്‍ നിന്നും ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉറപ്പിച്ചെടുക്കാനുമാണ് സാഹിബ് ശ്രദ്ധിച്ചത്.
content highlights: Muhammad Abdurahman; The Malabar Lion who fought against the right-wing communal forces