| Friday, 23rd February 2018, 4:23 pm

'സ്വന്തം മണ്ണില്‍ തിരിച്ചെത്തിയതില്‍ സന്തോഷം'; ഞങ്ങള്‍ക്കിന്ന് ജയിച്ചേ തീരൂ; മഞ്ഞപ്പടയുമായുള്ള അങ്കത്തിനു മുന്നേ മനസ് തുറന്ന് റാഫി; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ഐ.എസ്.എസ്സിലെ ഹെഡ്മാസ്റ്റര്‍ എന്നറിയപ്പെടുന്ന മലയാളി സൂപ്പര്‍ താരം മുഹമ്മദ് റാഫി ഇന്നൊരിക്കല്‍ കൂടി കൊച്ചിയില്‍ ബൂട്ടണിയുകയാണ്. കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിനെയും മഞ്ഞക്കടലിനെയും ത്രസിപ്പിച്ച റാഫി ഇത്തവണ കളത്തിലിറങ്ങുന്നത് കേരളത്തിനെതിരെയാണെന്നത് ബ്ലാസ്റ്റേഴ്‌സിനെയും ആരാധകരുടെയും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കത്തിനും ഇടയില്ല.

സീസണില്‍ അടുത്ത റൗണ്ടിലേക്കുള്ള മുന്നേറ്റത്തിനു ഇരുടീമുകള്‍ക്കും ജയം അനിവാര്യമായ മത്സരത്തില്‍ വിജയിക്കാനുറച്ചാണ് ചെന്നൈയിന്‍ എഫ്.സി ബ്ലാസ്റ്റേഴ്‌സിനെതിരെ ബൂട്ടുകെട്ടുന്നത്. ബ്ലാസ്റ്റേഴ്‌സിനെ നേരിടാന്‍ കൊച്ചിയില്‍ എത്തിയതിനു പിന്നാലെ ഹോം ഗ്രൗണ്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുഹമ്മദ് റാഫി.

മത്സരത്തില്‍ ചെന്നൈയിനു വിജയിച്ചേ മതിയാകൂവെന്നും തങ്ങള്‍ അത് നേടുമെന്നുമാണ് റാഫി പറയുന്നത്. ഐ.എസ്.എല്‍ മീഡിയയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് റാഫി മത്സരത്തെക്കുറിച്ച് മനസ് തുറന്നത്.

“ചെന്നൈയിന് ജയിച്ചേ മതിയാകൂ, പ്ലേ ഓഫ് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്, ഇന്നത്തെ മത്സരത്തിനായി തയ്യാറാണ്.” റാഫി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സില്‍ ഒരുപാട് മികച്ച താരങ്ങള്‍ ഇത്തവണ ഉണ്ടെന്നും അതുകൊണ്ട് മത്സരം എളുപ്പമായിരിക്കില്ല എന്നും മുന്‍ ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ നടക്കുന്ന മത്സരം കാണാന്‍ തന്റെ കുടുംബവും ഗ്യാലറിയിലെത്തുന്നുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച ആരാധകര്‍ ഉണ്ടെന്നും എല്ലാവുടെയും ആ ആരാധകരെ കാണാമെന്നും റാഫി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more