| Sunday, 31st July 2022, 7:35 pm

'പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ', ഗാന രചയിതാവിന്റെ ആദ്യ തിരക്കഥ; ടു മെന്‍ റിലീസിനൊരുങ്ങുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പണ്ടെങ്ങാണ്ടൊരു നാടുണ്ടാര്‍ന്നേ, ആ നാട്ടില്‍ പുഴയുണ്ടാര്‍ന്നേ… എന്ന് തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ രചയിതാവ് മുഹാദ് വെമ്പായം തിരക്കഥാകൃത്താവുന്നു. മുഹാദ് ആദ്യമായി എഴുതിയ ചിത്രമായ ടു മെന്‍ ഓഗസ്റ്റ് 5ന് റിലീസിനൊരുങ്ങുകയാണ്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് രണ്ട് തവണ നേടിയിട്ടുള്ള മുഹാദ് ഒരു നാടകത്തിനുവേണ്ടി എഴുതിയ പാട്ടാണ് യുട്യൂബില്‍ ഹിറ്റായത്. നല്ലയോര്‍മകള്‍ ഇല്ലാതാവുന്ന നാടിനെ ഗൃഹാതുരത്വത്തോടെ അവതരിപ്പിക്കുന്ന ഈ പാട്ട, നാടന്‍പാട്ട് എന്ന രീതിയിലാണ് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.

റേഡിയോ ജോക്കിയായും നാടക പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച മുഹാദിന്റെ ദീര്‍ഘനാളത്തെ പ്രവാസ ജീവിതം ടു മെന്‍ എന്ന ചിത്രം എഴുതാന്‍ സഹായകരമായി. സാധാരണ കാണുന്ന ഗള്‍ഫ് കഥകളില്‍ നിന്നും വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തോടെയുള്ള റോഡ് മൂവിയാണ് മുഹാദ് ഒരുക്കിയിട്ടുള്ളത്.

ഒരു യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ കഥയാണ് ടു മെന്‍. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ. സതീഷ് സംവിധാനം ചെയ്ത ‘ടു മെന്‍’ പൂര്‍ണമായും ദുബായിയില്‍ ആണ് ചിത്രീകരിച്ചത്. എം.എ. നിഷാദും ഇര്‍ഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമി നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റിങ്- വി. സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികള്‍. പി.ആര്‍. ആന്‍ഡ് മാര്‍ക്കറ്റിങ് -കണ്ടന്റ് ഫാക്ടറി, പി. ആര്‍. ഒ. – എ. എസ്. ദിനേശ്.

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ദ നെയിം എന്ന ചിത്രമാണ് മുഹാദ് എഴുതുന്ന അടുത്ത പ്രൊജക്ട്.

Content Highlight: Muhadh’s first film Two Men is all set to release on August 5

We use cookies to give you the best possible experience. Learn more