| Monday, 30th January 2023, 11:05 pm

ദല്‍ഹി സര്‍വകലാശായിലും പേരുമാറ്റം; ക്യാമ്പസിലെ മുഗള്‍ ഗാര്‍ഡന്‍സ് ഗൗതം ബുദ്ധ സെന്റിനറിയാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് ‘ഗൗതം ബുദ്ധ സെന്റിനറി’യെന്ന് പുനര്‍നാമകരണം ചെയ്തു. ജനുവരി 27നാണ് പേര് മാറ്റിയതായി സര്‍വകലാശാല അധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സര്‍വകലാശാലയിലെ ഗാര്‍ഡന്‍ മുഗള്‍ നിര്‍മിതിയല്ലെന്നും അതിനാലാണ് ഇത്തരത്തില്‍ പേര് മാറ്റുന്നതെന്നുമാണ് സര്‍വകലാശാലയുടെ വാദം. കഴിഞ്ഞ ദിവസം സമാന രീതിയില്‍ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് അമൃത് ഉദ്യാനാക്കി മാറ്റി കേന്ദ്രം ഉത്തരവിറക്കിയിരുന്നു. അതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ സര്‍വകലാശാലയായ ദല്‍ഹിയിലില്‍ നിന്നു സമാനമായി വാര്‍ത്ത വരുന്നത്.

ഗാര്‍ഡന്‍ കമ്മിറ്റിയുമായി നടത്തിയ നീണ്ട ചര്‍ച്ചക്കുശേഷമാണ് സര്‍വകലാശാലയിലെ ഗാര്‍ഡന്റെ പേര് മാറ്റുന്നതെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൗതമ ബുദ്ധന്റെ പ്രതിമയുള്ള ഗാര്‍ഡന്റെ പേര് ഗൗതമ ബുദ്ധ സെന്റിനറി എന്നാക്കി പരിഷ്‌കരിക്കുന്നുവെന്നാണ് ജനുവരി 27ന് പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തില്‍ രജിസ്ട്രാര്‍ വികാസ് ഗുപ്ത പറയുന്നത്.

‘ഗൗതമ ബുദ്ധന്റെ പ്രതിമ നിലകൊള്ളുന്ന ഗാര്‍ഡന്റെ പേര് ഗൗതം ബുദ്ധ സെന്റിനറി എന്നാക്കി മാറ്റാന്‍ ദല്‍ഹി സര്‍വകലാശാലയുടെ ഉത്തരവാദിത്തപ്പെട്ട സമിതി തീരുമാനിച്ചിരിക്കുന്നു,’ ഉത്തരവില്‍ പറയുന്നു.

പതിനഞ്ച് വര്‍ഷങ്ങളായി ഗാര്‍ഡനില്‍ ഗൗതമ ബുദ്ധന്റെ പ്രതിമ നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ ഗാര്‍ഡന്‍ നിര്‍മിച്ചിരിക്കുന്നത് മുഗള്‍ നിര്‍മാണ ശൈലിയിലല്ലെന്നും മുഗള്‍ നിര്‍മിതികളില്‍ സ്ഥിരമായി കാണുന്ന ഘടനയില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ദല്‍ഹി ക്യമ്പസിലെ ഗാര്‍ഡനെന്നുമാണ് പി.ടി.ഐയോട് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

‘ഒരു കുളവും ഇരുവശത്തും രണ്ട് ജലധാരകളുമാണ് മുഗള്‍ ഗാര്‍ഡനുകളുടെ രൂപകല്‍പനകളുടെ പ്രധാന പ്രത്യേകത. മുഗള്‍ ഗാര്‍ഡനുകളില്‍ ഫലവൃക്ഷങ്ങളും പുഷ്പവൃക്ഷങ്ങളും കാണപ്പെടാറുണ്ട്. താജ്മഹല്‍ അടക്കമുള്ള മുഗള്‍ രൂപകല്‍പനകളില്‍ ഈ സവിശേഷത കാണാന്‍ സാധിക്കും. എന്നാല്‍ ദല്‍ഹി ക്യാമ്പസിലെ ഗാര്‍ഡനില്‍ ഇത്തരം പ്രത്യേകതകളില്ല,’ ദല്‍ഹി സര്‍വകലാശാല ഉദ്യോഗസ്ഥര്‍ പി.ടി.ഐയോട് പറഞ്ഞു.

Content Highlight: Mughal Gardens, situated in the North Campus of Delhi University, has been renamed as ‘Gautam Buddha Centenary’

We use cookies to give you the best possible experience. Learn more