ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് ‘ഗൗതം ബുദ്ധ സെന്റിനറി’യെന്ന് പുനര്‍നാമകരണം ചെയ്തു. ജനുവരി 27നാണ് പേര് മാറ്റിയതായി സര്‍വകലാശാല അധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സര്‍വകലാശാലയിലെ ഗാര്‍ഡന്‍ മുഗള്‍ നിര്‍മിതിയല്ലെന്നും അതിനാലാണ് ഇത്തരത്തില്‍ പേര് മാറ്റുന്നതെന്നുമാണ് സര്‍വകലാശാലയുടെ വാദം. കഴിഞ്ഞ ദിവസം സമാന രീതിയില്‍ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍സിന്റെ പേര് അമൃത് ഉദ്യാനാക്കി മാറ്റി കേന്ദ്രം ഉത്തരവിറക്കിയിരുന്നു. അതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ സര്‍വകലാശാലയായ ദല്‍ഹിയിലില്‍ നിന്നു സമാനമായി വാര്‍ത്ത വരുന്നത്.
ഗാര്‍ഡന്‍ കമ്മിറ്റിയുമായി നടത്തിയ നീണ്ട ചര്‍ച്ചക്കുശേഷമാണ് സര്‍വകലാശാലയിലെ ഗാര്‍ഡന്റെ പേര് മാറ്റുന്നതെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗൗതമ ബുദ്ധന്റെ പ്രതിമയുള്ള ഗാര്‍ഡന്റെ പേര് ഗൗതമ ബുദ്ധ സെന്റിനറി എന്നാക്കി പരിഷ്‌കരിക്കുന്നുവെന്നാണ് ജനുവരി 27ന് പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തില്‍ രജിസ്ട്രാര്‍ വികാസ് ഗുപ്ത പറയുന്നത്.
‘ഗൗതമ ബുദ്ധന്റെ പ്രതിമ നിലകൊള്ളുന്ന ഗാര്‍ഡന്റെ പേര് ഗൗതം ബുദ്ധ സെന്റിനറി എന്നാക്കി മാറ്റാന്‍ ദല്‍ഹി സര്‍വകലാശാലയുടെ ഉത്തരവാദിത്തപ്പെട്ട സമിതി തീരുമാനിച്ചിരിക്കുന്നു,’ ഉത്തരവില്‍ പറയുന്നു.