1960 ആഗസ്റ്റ് അഞ്ചിന് മുംബൈയിലെ മറാത്ത മന്ദിര്‍ തിയേറ്ററില്‍ ഒരു ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടന്നു. ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നെന്ന് ആരാധകരും നിരൂപകരും വിധിയെഴുതിയ ചിത്രം റിലീസായിട്ട് ഇന്നേക്ക് 60 വര്‍ഷമാകുന്നു.
പ്രമേയം കൊണ്ടും സാങ്കേതിക തികവുകൊണ്ടും പ്രേക്ഷക പ്രീതി ലഭിച്ച മുഗള്‍-ഇ-അസം ആണ് ചിത്രം. ഇന്ത്യന്‍ ചരിത്രത്തിലെ സുപ്രധാന കാലഘട്ടമായ മുഗള്‍കാലത്തെ പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു മുഗള്‍ ഇ അസം.
കെ. ആസിഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് കപൂര്‍, ദിലീപ് കുമാര്‍, മധുബാല, ദുര്‍ഗ ഘോട്ടെ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.
പൃഥ്വിരാജ് കപൂര്‍ അക്ബറായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മകനായ സലീം ആയി എത്തിയത് ബോളിവുഡിന്റെ എക്കാലത്തെയും പ്രിയനടന്‍ ദിലീപ് കുമാറായിരുന്നു.
സലീമിന്റെ കാമുകിയായ അനാര്‍ക്കലിയെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത് നടി മധുബാല ആയിരുന്നു. ജോധാഭായിയുടെ വേഷം ചെയ്ത ദുര്‍ഗ ഘോട്ടെയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ഗാനം ഇപ്പോഴും പലരുടെയും പ്രിയപ്പെട്ടതാണ്. ഗാനരംഗത്തില്‍ നൃത്തം ചെയ്ത മധുബാലയുടെ അഭിനയം എടുത്ത് പറയേണ്ടതാണ്.
സലീം- അനാര്‍ക്കലി പ്രണയം പശ്ചാത്തലമാക്കിയ ചിത്രത്തിന്റെ തിരക്കഥ അഞ്ച് പേര്‍ ചേര്‍ന്നാണ് ഒരുക്കിയത്. സംവിധായകന്‍ കെ ആസിഫ്, അമന്‍, കമല്‍ അമ്രോഹി, വജാഹത്ത് മിശ്ര, എഹ്‌സാന്‍ റിസ്‌വി.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ചിത്രത്തിന്റെ തിരക്കഥ ഓസ്‌കാര്‍ ലൈബ്രറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്രയധികം പേര്‍ തിരക്കഥ എഴുതിയ ചിത്രമെന്ന ഖ്യാതിയും മുഗള്‍ ഇ അസമിന് സ്വന്തമായിരിക്കുകയാണ്.
1960 ല്‍ ഇറങ്ങിയ ഈ ചിത്രത്തിന്റെ കളര്‍ പതിപ്പ് 2004 ലാണ് റിലീസ് ചെയ്തത്. ഇത് ചിത്രം കൂടുതല്‍ ജനപ്രിയമാകുന്നതിന് കാരണമായി. 2016 ല്‍ ചിത്രത്തെ ആസ്പദമാക്കി ഒരു ലൈവ് മ്യൂസിക്കല്‍ ഷോയും സംഘടിപ്പിച്ചിരുന്നു. ബോളിവുഡില്‍ ഒരു ചിത്രത്തിന് കിട്ടുന്ന അപൂര്‍വ്വ ഭാഗ്യങ്ങളിലൊന്നായ ഈ നേട്ടവും മുഗള്‍ ഇ അസം സ്വന്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക