| Sunday, 24th June 2018, 6:37 pm

'അമിത് ഷാ... ആദ്യം നിങ്ങളുടെ മന്ത്രിമാരെ വിലയിരുത്തൂ'; അമിത് ഷായ്ക്ക് മറുപടിയുമായി മെഹ്ബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുവില്‍ വികസനം കൊണ്ടുവരുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയമായിരുന്നെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്തവാനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ബി.ജെപി മന്ത്രിമാരുടെ പ്രവര്‍ത്തനം ആദ്യം വിലയിരുത്തിയിട്ടുമതി മറ്റുള്ളവരെ വിലയിരുത്താന്‍ എന്നായിരുന്നു മുഫ്തിയുടെ പ്രതികരണം.

” പഴയസഖ്യം ഞങ്ങളെ പലവിധത്തില്‍ ചൂഷണം ചെയ്തു. സഖ്യത്തോടുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥയില്‍ അവര്‍ ഒരിക്കലും സഹകരിച്ചില്ല. അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കാതെ അതിനെ മൃദുസമീപനം എന്ന് മുദ്രകുത്തുന്നത് വിഷമകരമാണ്.”

ALSO READ: ഇഷ്ടമുള്ളപ്പോഴെല്ലാം ഓടിച്ചെല്ലാനുള്ള ഇടമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്: മുഖ്യമന്ത്രിയോട് ഒ. രാജഗോപാല്‍

നേരത്തെ ജമ്മുവില്‍ വികസനം കൊണ്ടുവരുന്നതില്‍ മുഫ്തി സര്‍ക്കാര്‍ വിവേചനം കാണിച്ചുവെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ജമ്മു വികസനവുമായുള്ള പന്തയത്തില്‍ തോറ്റുപോയെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഇക്കാരണം കൊണ്ടാണ് തങ്ങള്‍ പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

“വികസനത്തില്‍ യാതൊരു തുല്യതയുമില്ല. ഇത്തരത്തിലൊരു സര്‍ക്കാരിന്റെ ഭാഗമാകുന്നതിലും നല്ലത് പ്രതിപക്ഷത്തിരിക്കുന്നതാണ്. ലഡാക്കിലും ജമ്മുവിലും വികസനം വന്നില്ലെങ്കില്‍ തങ്ങളെന്തിനാണ് സര്‍ക്കാരിന്റെ ഭാഗമാകുന്നത്.” ഇതായിരുന്നു അമിത് ഷായുടെ പ്രതികരണം.

ALSO READ: കോണ്‍ഗ്രസ്സ് സഖ്യകക്ഷികളെ ‘ഡ്രൈവിംഗ് സീറ്റി’ലിരുത്തണം; ബി.ജെ.പിക്കെതിരെ വിശാലസഖ്യം യാഥാര്‍ത്ഥ്യമാക്കണം: തേജസ്വി യാദവ്

എന്നാല്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ബി.ജെ.പി അധ്യക്ഷന്‍ പറയുന്നതെന്നായിരുന്നു മുഫ്തിയുടെ മറുപടി.

” ലഡാക്കിനോടും ജമ്മുവിനോടും വിവേചനം കാണിച്ചുവെന്ന ആരോപണത്തില്‍ യാതൊരു വസ്തുതയുമില്ല. 2014 ലെ വെള്ളപ്പൊക്കത്തിനുശേഷം താഴ്‌വരയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അതിനര്‍ത്ഥം അവിടെ വികസനത്തില്‍ വീഴ്ച വരുത്തി എന്നല്ല”- മുഫ്തി പറഞ്ഞു.

ALSO READ: എന്‍റെ ഹിന്ദുമതത്തിനു ഹിന്ദുത്വയുമായി ബന്ധമില്ല; ഹിന്ദുത്വയുടെ തുടക്കം സവര്‍ക്കറിലൂടെയെന്ന് ദിഗ്‌വിജയ് സിംഗ്‌

ബി.ജെ.പിയുടെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും പ്രവര്‍ത്തനങ്ങളാണ് അമിത് ഷാ നടത്തേണ്ടതെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.

പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറിയതിനു പിന്നാലെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം മെഹ്ബൂബ മുഫ്തി രാജിവെച്ചിരുന്നു.

റംസാനിനുശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന പി.ഡി.പിയുടെ നിലപാടാണ് സഖ്യം പിരിയാനിടയാക്കിയത്.

87 സീറ്റുകളാണ് ജമ്മു കശ്മീരിലുള്ളത്. ഇതില്‍ 28 സീറ്റുകളിലാണ് പി.ഡി.പി വിജയിച്ചത്. 25 സീറ്റുകളില്‍ ബി.ജെ.പിയും 15 സീറ്റുകളില്‍ നാഷണല്‍ കോണ്‍ഗ്രസും 12 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more