കോഴിക്കോട്: പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിന് പാണക്കാട് മുഈനലി തങ്ങളുടെ പരോക്ഷ മറുപടി. സമസ്തയുടെ ആദര്‍ശ വിശദീകരണ യോഗത്തില്‍ വെച്ചാണ് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ പാണക്കാട് മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കിയിട്ടുള്ളത്.
പാണക്കാട് കുടുംബത്തിന്റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരും പോകുന്നില്ലെന്നും പ്രായമാകുമ്പോള്‍ കാഴ്ചകള്‍ക്ക് മങ്ങല്‍ വരുമെന്നും അത് ചികിത്സിച്ചാല്‍ മാറുമെന്നുമാണ് മുഈനലി തങ്ങള്‍ പറഞ്ഞിട്ടുള്ളത്. എം.എസ്.എഫിന്റെ പൈതൃകം എന്ന ചടങ്ങില്‍ വെച്ചായിരുന്നു പാണക്കാട് കുടുംബത്തിന് നേരെ നടക്കുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ച് കൊണ്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം. ഈ പ്രസംഗത്തിനാണ് ഇപ്പോള്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ മറുപടി വന്നിട്ടുള്ളത്.
എം.എസ്.എഫിന്റെ വേദിയില്‍ പാണക്കാട് കുടുംബത്തെ പുകഴ്ത്തിക്കൊണ്ട് മറ്റൊരു ലീഗ് നേതാവായ അബ്ദുസമദ് സമദാനി നടത്തിയിട്ടുള്ള പ്രസംഗത്തിനും മുഈനലി തങ്ങള്‍ പരോക്ഷമായി മറുപടി നല്‍കുന്നുണ്ട്. പാണക്കാട് കുടുംബം ചന്ദ്രനോളം ഉയരത്തിലാണെന്നും അവരെ ആര്‍ക്കും സ്പര്‍ശിക്കാനാകില്ലെന്നുമായിരുന്നു സമദാനി പ്രസംഗിച്ചത്. എന്നാല്‍ ഇവിടെ ആരും അത്ര ഉയരത്തിലൊന്നുമല്ല എന്നാണ് മുഈനലി തങ്ങള്‍ സമസ്ത വേദിയില്‍ പ്രസംഗിച്ചത്. സമാനമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള മുഈനലി തങ്ങളുടെ പ്രസംഗം കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കുമുള്ള മറുപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
സമസ്ത-ലീഗ് തര്‍ക്കം വലിയ തോതില്‍ വാര്‍ത്തകളില്‍ നിറയുന്ന ഘട്ടത്തില്‍ തന്നെയാണ് ഇപ്പോള്‍ പാണക്കാട് കുടുംബത്തില്‍ നിന്നും സമസ്തയുമായി അടുത്ത് നില്‍ക്കുന്ന പാണക്കാട് മുഈനലി തങ്ങളുടെ ഈ മറുപടിയെന്നത് ശ്രദ്ധേയമാണ്.
പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ നിന്നുള്ള മാറ്റിനിര്‍ത്തലും, ജിഫ്രി തങ്ങള്‍ പങ്കെടുത്ത പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയതും, ഏറ്റവും ഒടുവില്‍ സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ടുമെന്ന പ്രയോഗവുമെല്ലാം ഈ തര്‍ക്കം രൂക്ഷമാക്കിയിരിക്കെയാണ് ഇപ്പോള്‍ പാണക്കാട് കുടുംബത്തില്‍ നിന്നു തന്നെ സമസ്തയെ പ്രതിരോധിച്ച് കൊണ്ടും ലീഗ് നേതാക്കളെ വിമര്‍ശിച്ചുമുള്ള മുഈനലി തങ്ങളുടെ പ്രതികരണമുണ്ടായിരിക്കുന്നത്. നേരത്തെയും ഇത്തരം തില പ്രസ്താവനകള്‍ നടത്തി മുഈനലി തങ്ങള്‍ ലീഗിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
content highlights: Mueenali Thangals indirect replay to kunjalikkutty and samadani