മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിയില്ല. മുസ്‌ലീം ലീഗ് ഉന്നതാധികാരയോഗത്തിലാണ് തീരുമാനം.
മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മുഈന്‍ അലി പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. യോഗത്തില്‍ പാണക്കാട് കുടുംബം മുഈന്‍ അലിയെ പിന്തുണച്ചു.
കെ.എം. ഷാജിയും എം.കെ. മുനീറും മുഈന്‍ അലിയെ പിന്തുണച്ചുവെന്നാണ് വിവരം. അതേസമയം മുഈന്‍ അലി ഉയര്‍ത്തിയ ആരോപണത്തെക്കുറിച്ച് അന്വേഷിക്കും.
മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്തും രംഗത്തെത്തിയിരുന്നു. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അന്‍വര്‍ സാദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മുഈന്‍ അലി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ലീഗ് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. മുഈന്‍ അലിയെ അധിക്ഷേപിച്ചയാള്‍ക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകള്‍ പാര്‍ട്ടിയില്‍ പാടില്ലെന്നും പോസ്റ്റില്‍ പറയുന്നു.
ആദ്യമായാണ് ഒരു യൂത്ത് ലീഗ് നേതാവ് പരസ്യമായി മുഈന്‍ അലിയെ അനുകൂലിച്ച് രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ചന്ദ്രികയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മുഈനലി പറഞ്ഞിരുന്നു.
നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഫിനാന്‍സ് മാനേജര്‍ സമീറിനെ വെച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ ധനകാര്യ മാനേജ്മെന്റ് ആകെ പാളിയെന്ന് അദ്ദേഹം പറഞ്ഞു.
‘പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്,’ മുഈനലി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിനിടയില്‍ റാഫി പുതിയകടവ് എന്ന മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ മുഈനലി തങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
ലീഗിന്റെ അഭിഭാഷക സംഘടനയായ കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാ ആയിരുന്നു കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നത്.
വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ മുഹമ്മദ് ഷാ ആയിരുന്നു സംസാരിച്ചിരുന്നത്. നിലവിലെ ആരോപണങ്ങള്‍ക്ക് ലീഗിന്റെ വിശദീകരണം എന്ന നിലക്കാണ് അദ്ദേഹം സംസാരിച്ചത്. തുടര്‍ന്നായിരുന്നു മുഈനലി തങ്ങള്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.
മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് റാഫി പിന്നീട് രംഗത്തെത്തിയിരുന്നു. ഹൈദരലി തങ്ങളുടെ വിഷമങ്ങള്‍ക്ക് കാരണം മുഈനലിയാണ്. മുഈനലി ലീഗ് നേതാക്കളെ അനാവശ്യമായി വിമര്‍ശിച്ചത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ഇടപെട്ടത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിര്‍ക്കുമായിരുന്നുവെന്നും റാഫി പറഞ്ഞിരുന്നു.
മുഈനലി തനിക്ക് ബന്ധമില്ലാത്ത വിഷയങ്ങളില്‍ സംസാരിക്കുകയാണെന്ന രീതിയില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ചന്ദ്രികയില്‍ മുഈനലിക്ക് ചുമതല നല്‍കിയതിനെ കുറിച്ചുള്ള കത്ത് പുറത്തുവന്നതോടെ ഈ വാദങ്ങളുടെ വാദങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.
അതേസമയം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുക്കാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.