മുഡ കേസ്: സിദ്ധരാമയ്യയെ ലോകായുക്ത ചോദ്യം ചെയ്യും
national news
മുഡ കേസ്: സിദ്ധരാമയ്യയെ ലോകായുക്ത ചോദ്യം ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2024, 8:18 pm

ബെംഗളൂരു: മുഡ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യുമെന്ന് ലോകായുക്താ പൊലീസ്. നവംബര്‍ ആറിന് ലോകായുക്ത ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചോദ്യം ചെയ്യുമെന്നും ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി.ജെ. ഉദേശ് മാധ്യമങ്ങളോട് പറഞ്ഞു

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിയെയും ഒക്ടോബര്‍ 25ന് ലോകായുക്ത ചോദ്യം ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ മുഡയിലെ മറ്റ് ഉദ്യോഗസ്ഥരെയും ലോകായുക്ത ചോദ്യം ചെയ്തിരുന്നു.

സെപ്റ്റംബര്‍ 25 നാണ് മുഡ കേസ് ലോകായുക്തയോട് അന്വേഷിക്കാന്‍ ബെംഗളൂരിലെ പ്രത്യേക കോടതി ആവശ്യപ്പെടുന്നത്. മൈസൂരുവിലെ വിവരാവകാശ പ്രവര്‍ത്തകയായ സ്‌നേഹമയി കൃഷ്ണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ലോകായുക്ത അന്വേഷണം പ്രഖ്യാപിക്കുന്നത്.

മൈസൂരു താലൂക്കിലെ കേസരെ വില്ലേജിലെ 464 സര്‍വേ നമ്പരിലുള്ള 3.16 ഏക്കര്‍ ഭൂമി 2004 ല്‍ സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരന്‍ ബി.എം. മല്ലികാര്‍ജുന്‍ സ്വാമിക്ക് വിറ്റതോടെയാണ് കേസ് ആരംഭിച്ചത്.

കൃഷിഭൂമിയില്‍ നിന്ന് കൃഷി ഇതര ഭൂമിയാക്കി മാറ്റുകയും പിന്നീട് മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരന്‍ ഭൂമി ബി.ആര്‍. പാര്‍വതി എന്ന സിദ്ധരാമയ്യയുടെ ഭാര്യക്ക് സമ്മാനിക്കുകയുമായിരുന്നു.

പിന്നാലെ മൈസൂര്‍ നഗര വികസന അതോറിറ്റി (മുഡ) ഏറ്റെടുക്കാതെ കൃഷി ഇതര ഭൂമിയാക്കിയ സ്ഥലത്തിന്റെ നഷ്ടപരിഹാരത്തെ തുടര്‍ന്ന് കേസ് മുന്നോട്ട് പോവുകയായിരുന്നു.

ലോകായുക്ത പൊലീസിന് പുറമെ എന്‍ഫോഴസ്‌മെന്റും കേസന്വേഷിക്കുന്നുണ്ട്. ലോകായുക്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ്, കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

അടുത്തിടെ മൈസൂരുവിലെ മുഡ ഓഫീസില്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തോളം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വ്യജരേഖകള്‍ ഉണ്ടാക്കി കോടിക്കണക്കിന് രൂപയുടെ മുഡ സൈറ്റുകള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വഴങ്ങി അനധികൃതമായി വിതരണം ചെയ്തുവെന്ന കുറ്റത്തിന് മറ്റ് ചിലര്‍ക്കെതിരെ കേസെടുക്കുകയും അവരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Content Highlight: Muda case: Siddaramaiah to be questioned by Lokayukta