ബെംഗളൂരു: മുഡ (മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി) കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള കേസുകള്‍ ലോകായുക്ത അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. സിദ്ധരാമയ്യക്കെതിരെയുള്ള കേസുകളില്‍ ലോകായുക്ത അന്വേഷണം നടത്തണമെന്ന് ബെംഗളൂരു കോടതി നിര്‍ദേശിക്കുകയായിരുന്നു.
മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (മുഡ) സ്ഥലങ്ങള്‍ സിദ്ധരാമയ്യയുടെ ഭാര്യക്ക് അനധികൃതമായി അനുവദിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്തയുടെ അന്വേഷണം വേണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
മുഡ വിഷയത്തില്‍ ലോകായുക്ത അന്വേഷണം വേണമെന്ന ഗവര്‍ണര്‍ താവര്‍ചന്ദ് ഗലോട്ടിന്റെ ശുപാര്‍ശ കര്‍ണാടക ഹൈക്കോടതി ശരി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ കോടതി ജഡ്ജി സന്തോഷ് ഗജനന്‍ ഭട്ട് ലോകായുക്തയുടെ അന്വേഷണത്തിന് ഉത്തരവിട്ടത്.
സി.ആര്‍.പി.സി സെക്ഷന്‍ 156(3) പ്രകാരം അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. ഡിസംബര്‍ 24ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ലോകായുക്തയോട് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം കോടതിയുടെ നിര്‍ദേശത്തിന് പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്നും ഭയപ്പെടുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
‘അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണത്തെ ഞാന്‍ ഭയക്കുന്നില്ല. നിയമപോരാട്ടത്തിന് തയ്യാറാണ്. ഇത് ഇന്നലെയും പറഞ്ഞിരുന്നു. ഇന്നും അത് തന്നെ ആവര്‍ത്തിക്കുന്നു,’ സിദ്ധരാമയ്യ പ്രതികരിച്ചു.
1988ലെ അഴിമതി നിരോധന നിയമപ്രകാരം സിദ്ധരാമയ്യക്കെതിരെ അന്വേഷണം അനുവദിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവിനെതിരെ സിദ്ധരാമയ്യ സമര്‍പ്പിച്ച ഹരജി തള്ളുകയായിരുന്നു. ആക്ടിവിസ്റ്റുകളായ പ്രദീപ് കുമാര്‍, ടി.ജെ എബ്രഹാം, സ്‌നേഹമയി എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു ഗവര്‍ണര്‍ അനുമതി നല്‍കിയത്.
വിലയേറിയ മുഡ പ്ലോട്ടുകള്‍ അനധികൃതമായി അനുവദിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കോടതി ഹരജി തള്ളുകയും ഗവര്‍ണറുടെ അനുമതി അംഗീകരിക്കുകയുമായിരുന്നു.
മുഖ്യമന്ത്രിക്കെതിരായ അന്വേണത്തില്‍ കോടതി ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷവും വിമര്‍ശനങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. അന്വേഷണം നേര്‍വഴിക്ക് നടക്കാന്‍ സിദ്ധരാമയ്യ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Content Highlight: MUDA CASE; Court orders Lokayukata inquiry against Siddaramaiah