കണ്ണൂര്‍: ഭിന്നശേഷിക്കാരിയെ തെയ്യം കാണാന്‍ അനുവദിക്കാത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കണ്ണൂരിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കമ്മിറ്റി. ആചാരക്കാരന് വീഴ്ച പറ്റിയതാണെന്ന് കമ്മിറ്റി അറിയിച്ചു.
എസ്.എം.എ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയെയായിരുന്നു കഴിഞ്ഞ ദിവസം തെയ്യം കാണാന്‍ അനുവദിക്കാതിരുന്നത്. വീല്‍ചെയറാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുനിതയെ അകത്തേക്ക് കയറ്റാതെ തടഞ്ഞത്.
വീല്‍ചെയര്‍ വാഹനമായി കണ്ടാണ് പ്രധാന ആചാരക്കാരന്‍ അനുമതി നല്‍കാതിരുന്നതെന്നും ഇത് തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചയാണെന്നും ക്ഷേത്ര കമ്മിറ്റി പറഞ്ഞു. സുനിതയെ കണ്ട് ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താചാനലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെയ്യം കാണാന്‍ അനുവദിക്കാത്തതിലെ വേദനയും വിമര്‍ശനവും ഉന്നയിച്ചുകൊണ്ട് സുനിത രംഗത്തെത്തിയുരുന്നു.
രാജ്യാന്തര സംഘടനകളുമായി ചേര്‍ന്ന് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സുനിത നടത്തുന്നുണ്ട്.
തനിക്ക് നേരിട്ട വിവേചനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തികൊണ്ട് രംഗത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് സുനിതക്ക് പിന്തുണയുമായി എത്തിയത്. വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
Content Highlight: Muchilott Korom temple committee apologizes to artist Sunitha Thrippanikkara for stopping her from watching Theyyam as she was a differntly abled person came in a wheel chair