കെയ്‌റോ: 2011ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കൂട്ടക്കശാപ്പ് നടത്തിയ കേസില്‍ ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ പുനര്‍വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ മുബാറക്കിനെ കുറ്റ വിമുക്തനാക്കിയ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള പ്രോസിക്യൂഷന്റെ അപ്പീലിലാണ് ഈജിപ്തിലെ പരമോന്നത കോടതി മുബാറക്കിനെ പുനര്‍വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്. ഇത് മൂന്നാമത്തെ തവണയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. നവംബര്‍ 5 നാണ് വിചാരണ ആരംഭിക്കുക.
മുബാറക്കിനെതിരായി ഈജിപ്ത ജനത 18 ദിവസത്തോളം നടത്തിയ പ്രക്ഷോഭത്തിനിടെ 900 ത്തോളം ജനങ്ങളാണ് കൊല്ലപ്പെട്ടിരുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് തന്റെ 30 വര്‍ഷത്തെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച മുബാറക്ക് ഈജിപ്തിന്റെ ഭരണ സാരഥ്യം സൈന്യത്തിനാണ് കൈമാറിയിരുന്നത്.
മുബാറക്കിനെയും അദ്ദേഹത്തിന്റെ മൂന്ന് മക്കളെയും അഴിമതിക്കേസില്‍ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചുള്ള കോടതി വിധി കഴിഞ്ഞ മാസം വന്നിരുന്നു. 87കാരനായ മുബാറക്ക് നിലവില്‍ കെയ്‌റോയിലെ മാദി സൈനിക ആശുപത്രിയിലാണ് കഴിയുന്നത്.