| Saturday, 12th June 2021, 11:20 pm

എം.ടിയുടെ കഥകള്‍ നെറ്റ്ഫ്‌ളിക്‌സിലേക്ക്; സംവിധായകനായി സന്തോഷ് ശിവനും; പ്രഖ്യാപനം ക്ലബ്ബ് ഹൗസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ പ്രിയകഥാകാരന്‍ എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ ചേര്‍ത്ത് നെറ്റ്ഫ്‌ളിക്‌സില്‍ സിനിമയൊരുങ്ങുന്നു. ഛായഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സാമൂഹ്യ മാധ്യമമായ ക്ലബ്ബ്ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സന്തോഷ് ശിവന്‍ തന്റെ അടുത്ത സിനിമ നെറ്റ്ഫ്‌ളിക്‌സിനായിട്ടാണ് ഒരുങ്ങുന്നതെന്നും അത് എം.ടി. വാസുദേവന്‍ നായരുടെ കഥയെ അടിസ്ഥാനമാക്കിയാണെന്നും വെളിപ്പെടുത്തിയത്.

അഭയം തേടി എന്നതാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കഥയുടെ പേര്. നടന്‍ സിദ്ദീഖ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അതേസമയം എം.ടിയുടെ 10 കഥകളാണ് ആന്തോളജി മോഡലില്‍ സിനിമയാകുന്നതെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ അടക്കമുള്ളവരാണ് സന്തോഷ് ശിവനെ കൂടാതെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

നിലവില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലാണ് സന്തോഷ് ശിവന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ മലയാളത്തില്‍ മഞ്ജുവാര്യരെ നായികയാക്കി ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രം സന്തോഷ് ശിവന്‍ സംവിധാനം ചെയ്തിരുന്നു.

തമിഴില്‍ ഹിറ്റായ മാനഗരം എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതും സന്തോഷ് ശിവനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

MT Vasudevan Nairs stories to Netflix; Santosh Sivan Direct Movie Announcement at Club House

We use cookies to give you the best possible experience. Learn more