നാസി ജര്‍മനിയുടെ സൂചനകള്‍ ഇന്ത്യയില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്, കരുതിയിരിക്കണം: എം.ടി
Kerala News
നാസി ജര്‍മനിയുടെ സൂചനകള്‍ ഇന്ത്യയില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്, കരുതിയിരിക്കണം: എം.ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd February 2023, 6:22 pm

തിരുവനന്തപുരം: നാസി ജര്‍മനിയുടെ സ്ഥിതി ഇന്ത്യക്ക് വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം.ടി വാസുദേവന്‍ നായര്‍. മതം എന്നാല്‍ അഭിപ്രായം എന്നാണര്‍ത്ഥമെന്നും, ഒരു മതവും കൊല്ലാന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവച്ച് ചാവേര്‍പ്പടയാളികളായി കുറേ സാധുക്കളെ കൊലക്ക് കൊടുക്കുന്നവരെ കൊണ്ട് ആരാണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നതെന്നും എം.ടി ചോദിച്ചു. മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യേത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമത്തിന്റെ ഭാഷ എല്ലാവരും കൈവെടിയണം. എല്ലാ മതങ്ങള്‍ക്കും ഒരു താത്വികമായ ഭാവമുണ്ട്. ഒരു ഫിലോസഫിയുണ്ട്. അതാണ് സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണത്തിന്റെ പിന്തുണയോടെ എതിര്‍പ്പിന്റെ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് നാസി കാലഘട്ടത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അക്കാലത്ത് പലരും ജര്‍മനി വിട്ട് അയല്‍ രാജ്യങ്ങളിലേക്ക് പോയി.

ആ സ്ഥിതി ഇന്ത്യയില്‍ വരാന്‍ പാടില്ല. വരുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനെ പ്രതിരോധിക്കാന്‍ ശക്തിയുള്ളവര്‍ ഇവിടെയുണ്ട്. അതിന്റെ ഗൗരവം അറിയുന്നവരും രംഗത്തുവരും. അതിനാല്‍ നാസി ജര്‍മനിയില്‍ സംഭവിച്ചത് പോലെ അവിടെ സംഭവിക്കും എന്നെനിക്ക് തോന്നുന്നില്ല.

എന്നാലും അതിന്റെ ചില സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതിനെ ഗൗരവത്തോടെ കാണണം. ചെറിയ സൂചനകള്‍ വലിയ വിപത്തിലേക്ക് എത്തിക്കും എന്ന് നാം കാണണം. നാം കരുതിയിരിക്കണം.

മതമെന്നാല്‍ അഭിപ്രായം എന്നാണര്‍ത്ഥം. ഒരു മതവും കൊല്ലാന്‍ പറഞ്ഞിട്ടില്ല. എല്ലാവരും സ്നേഹവും സൗഹാര്‍ദവുമാണ് പ്രചരിപ്പിക്കുന്നത്. സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവച്ച് ചാവേര്‍പ്പടയാളികളായി കുറേ സാധുക്കളെ കൊലക്ക് കൊടുക്കുന്നവരെ കൊണ്ട് ആരാണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്?

ഇതൊക്കെയാണ് തടയേണ്ടത്. യഥാര്‍ത്ഥ മതവിശ്വാസികള്‍ ഇതിനെതിരെ പൊരുതണം. ഇതൊക്കെ മനസ്സിലാക്കണം. അക്രമത്തിന്റെ ഭാഷ എല്ലാവരും കൈവെടിയണം. എല്ലാ മതങ്ങള്‍ക്കും ഒരു താത്ത്വികമായ ഭാവമുണ്ട്. ഒരു ഫിലോസഫിയുണ്ട്. അതാണ് സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത്,’ എം.ടി. പറഞ്ഞു.

Content Highlight: MT Vasudevan Nair says should be careful not to let the situation of Nazi Germany come to India