| Monday, 17th April 2017, 3:25 pm

1000 കോടി മുതല്‍ മുടക്കില്‍ എം.ടിയുടെ രണ്ടാമൂഴം സിനിമയാകുന്നു; ഭീമനായി മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒടുവില്‍ അത് സംഭവിച്ചു. എം.ടി.വാസുദേവന്‍നായരുടെ “രണ്ടാമൂഴം” “മഹാഭാരതം” എന്ന പേരില്‍ സിനിമയാകുന്നു. മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിട്ടാണ് മഹാഭാരതം ഒരുങ്ങുന്നത്.

മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രം പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ് ആയിരം കോടി രൂപ(150 മില്യണ്‍ യു.എസ്. ഡോളര്‍) മുതല്‍മുടക്കി നിര്‍മിക്കുന്നത്.

എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രം അണിയിച്ചൊരുക്കുക. രണ്ടുവര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടെയും തിരക്കിലാണ് വി.എ.ശ്രീകുമാര്‍ മേനോന്‍.

രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020-ല്‍ ആണ് റിലീസ്. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.

ഏതാണ്ട് 20വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് “രണ്ടാമൂഴം” എഴുതുന്നത്. അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ.

ഇത് അത്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാകൂ. അതുകൊണ്ടാണ് ഇത്രയും നാള്‍ “രണ്ടാമൂഴം” എന്ന സിനിമ സംഭവിക്കാതിരുന്നത്.

രണ്ടാമൂഴം” എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ് തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പെന്നും ഈ കഥയില്‍ ബി.ആര്‍.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമുണ്ടെന്നും എം.ടി.പ്രതികരിച്ചു.

ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല ചില ഹോളിവുഡ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഭീമനെ അവതരിപ്പിക്കാനുള്ള അവസരം ഭാഗ്യമായി കാണുന്നെന്ന് മോഹന്‍ലാലും പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more