കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും സുകൃതം. ഒരു ഊഴം കൂടി ബാക്കിവെക്കാതെ സാഹിത്യ ലോകത്തിനോട് അദ്ദേഹം വേര്‍പിരിഞ്ഞിരിക്കുകയാണ്.
അദ്ദേഹത്തിന്റെ വിടവാങ്ങലിന് പിന്നാലെ എം.ടി എഴുതിയ തിരക്കഥകളും സംവിധാനം ചെയ്ത സിനിമകളുമെല്ലാം കേരള സമൂഹം ഓര്‍ത്തെടുത്തു.
എന്നാല്‍ എം.ടി. വാസുദേവന്‍ നായരെന്ന ആക്ടിവിസ്റ്റിനെ കുറിച്ചും ഇപ്പോള്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരളമൊന്നാകെ പ്രതിഷേധിച്ച കാലഘട്ടം. കേരളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരെല്ലാം ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു.
പെരിങ്ങോമിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കലാ-സാംസ്‌കാരിക-സാഹിത്യ രംഗങ്ങളിലെ ഭൂരിഭാഗം മനുഷ്യരും ആ കാലഘട്ടത്തില്‍ രംഗത്തെത്തിയിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി 1992 നവംബര്‍ ഒന്ന് മുതല്‍ നാല് വരെയുള്ള ദിവസങ്ങളിലായി പെരിങ്ങോമില്‍ നിന്നും കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കാല്‍നടയായി മാര്‍ച്ച് നടന്നിരുന്നു.
മാര്‍ച്ചിന്റെ അവസാനത്തില്‍ ഓരോ ദിവസവും പ്രതിക്ഷേധത്തിന്റെ പൊതുയോഗം അവസാനിച്ചത് പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രസംഗത്തിലൂടെ ആയിരുന്നു. നവംബര്‍ ഒന്നിന് പയ്യന്നൂരില്‍ നടന്ന ബഹുജന മാര്‍ച്ചിനെ മുന്‍നിരയില്‍ നിന്ന് നയിച്ചത് എം.ടിയെന്ന കേരളത്തിലെ ആക്ടിവിസ്റ്റാണ്.
ആണവ സാങ്കേതികവിദ്യയുടെ സംഹാരശേഷിയെക്കുറിച്ചും അതിന്റെ ജനാധിപത്യ വിരുദ്ധ സ്വഭാവത്തെക്കുറിച്ചും ഹ്രസ്വമെങ്കിലും ശക്തമായ രീതിയില്‍ സംസാരിച്ച എം.ടിയെ ഓര്‍ത്തെടുത്തത് പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. സഹദേവനാണ്.
സുകുമാര്‍ അഴീക്കോട്, സുഗത കുമാരി, ജി. കുമാരപ്പിള്ള, ആര്‍.എം. മനയ്ക്കലാത്ത്, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് തുടങ്ങിയ വ്യക്തികള്‍ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നെന്നും സഹദേവന്‍ പറയുന്നു.
മലയാളത്തിലെ ഒരു പ്രമുഖമായ വാരികയില്‍ താന്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭ മാര്‍ച്ച് പെരിങ്ങോം ആണവ നിലയത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ളതാണെന്നും സഹദേവന്‍ ചൂണ്ടിക്കാട്ടി. വാരികയുടെ പേര് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സഹദേവന്‍ പറയുന്നുണ്ട്.
നിലവില്‍ കേരളത്തിലെ ചീമേനിയില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കവുമായി അധികാരികള്‍ മുന്നോട്ടുവരുമ്പോള്‍ എം.ടിയുടെ വിയോഗം ആണവ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമായി അനുഭവപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത് ആണവ വിരുദ്ധ പ്രവര്‍ത്തകരെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നുവെന്നും സഹദേവന്‍ ചൂണ്ടിക്കാട്ടി.
എം.ടി ഉള്‍പ്പെടെയുള്ള സാഹിത്യകാരന്മാര്‍ നടത്തിയ സാമൂഹിക-മാനുഷിക-പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി ആളുകള്‍ ഓര്‍ത്തെടുക്കുന്നുമുണ്ട്.
ഇന്നലെ പത്തുമണിയോടെയാണ് എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. കിഡിനിയുടെയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം വഷളായതിന് പിന്നാലെ അദ്ദേഹം വിടപറയുകയായിരുന്നു.
Content Highlight: MT Vasudevan nair as an activist