കോഴിക്കോട്: നോട്ടു നിരോധനത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി എഴുത്തുകാരനും സാംസ്‌ക്കാരിക നായകനുമായ എം.ടി വാസുദേവന്‍ നായര്‍.
നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍പോലും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥയാണെന്ന് എം.ടി. പറഞ്ഞു. തന്നെ സന്ദര്‍ശിച്ച സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുമായുള്ള സംഭാഷണത്തിലാണ് എംടി ഇക്കാര്യം പറഞ്ഞത്.
പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടംവാങ്ങാമായിരുന്നു, എന്നാല്‍ ഇന്ന് ആരുടെ കൈയിലും പണമില്ലാതായിരിക്കുകയാണെന്നും എം.ടി പറഞ്ഞു.
എം.ടി യും ബേബിയും 15 മിനിറ്റോളം സംസാരിച്ചു.സാഹിത്യോല്‍സവത്തിനുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് ഉറപ്പുനല്‍കിയിട്ടാണ് ബേബി മടങ്ങിയത്.
തന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് എം.ടി എന്നും ഊര്‍ജമാണെന്ന് എം.എ ബേബി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ലോകമാദരിക്കുന്ന അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കാഴ്ചയാണിന്ന്. എങ്കിലും നാട്ടുകാരുടെ സ്‌നേഹവും പിന്തുണയും അദ്ദേഹത്തിനൊപ്പമുണ്ടെന്നും പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തിലും പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും എം.ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മോദിയെ തുഗ്ലക്കിനോട് ഉപമിച്ചതിന് പിന്നാലെ എം.ടിക്കെതിരെ കടുത്തനിലപാടുമായി ബി.ജെ.പിയും സംഘപരിവാറും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കി എം.ടി വീണ്ടും രംഗത്തെത്തിയത്.
നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നാണ് എംടി അന്ന് അഭിപ്രായപ്പെട്ടത്. തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി ആര്‍എസ്എസ് നേതാക്കള്‍ അദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍മീഡിയയിലും എം.ടിക്കെതിരെ അധിക്ഷേപങ്ങളുമായി എത്തിയിരുന്നു.
മോദിയെ വിമര്‍ശിക്കാന്‍ എം.ടി ആരാണെന്നായിരുന്നു ഇതിനോടുള്ള ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം. എം.ടി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്ന് കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു.