തിരുവനന്തപുരം: എതിരഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ എഴുത്തുകാരും ബുദ്ധിജീവികളും കൊല ചെയ്യപ്പെടുന്നുവെന്ന് സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍.
സാമൂഹ്യ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ പെരുമാള്‍ മുരുകന് എഴുത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. പെരുമാള്‍ മുരുകനോട് ആ സമൂഹം ചെയ്തത് വലിയ തെറ്റാണെന്നും, ഇത്തരം വെല്ലുവിളികളെ എഴുത്തുകാരന്‍ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാണ്. കാര്യങ്ങള്‍ വളരെ അപകടത്തിലേക്കാണ് പോകുന്നതെന്നും എം.ടി പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പെരുമാള്‍ മുരുകനെപ്പോലുള്ള ഒരെഴുത്തുകാരന് സാമൂഹ്യ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ എഴുത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. എതിരഭിപ്രായങ്ങള്‍ പറയുന്നതിന്റെ പേരില്‍ എഴുത്തുകാരും ബുദ്ധിജീവികളും കൊല ചെയ്യപ്പെടുന്നു.
പൊതുവേ സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ന്നു കൊണ്ടിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാണ്. കാര്യങ്ങള്‍ വളരെ അപകടത്തിലേക്കാണ് പോകുന്നത്.
പെരുമാള്‍ മുരുകനോട് ആ സമൂഹം ചെയ്തത് വലിയ തെറ്റ്. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം എടുത്ത നിലപാടിനോടും എനിക്ക് യോജിപ്പില്ല.
ഇത്തരം വെല്ലുവിളികളെ എഴുത്തുകാരന്‍ നേരിടണം എന്നാണ് എന്റെ അഭിപ്രായം. അതയാളുടെ ബാധ്യതയാണ്. അയാള്‍ നിശ്ശബ്ദനാകരുത്. ഞാനിനി എഴുതില്ല എന്ന നിലപാട് സ്വീകരിക്കരുത്,’ എം.ടി പറഞ്ഞു.
നിലിവിലെ പാഠ്യപദ്ധതികളെക്കുറിച്ചും എം.ടി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പരീക്ഷകള്‍ തന്നെ ആവശ്യമില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നതെന്നും, എല്ലാവരെയും ജയിപ്പിക്കണം എന്ന ചിന്തയാണ് ഇവിടെ ഇപ്പോള്‍ വാഴുന്നതെന്നും എം.ടി വിമര്‍ശിച്ചു.
നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ ജയിക്കാനുള്ള മത്സരബുദ്ധി വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. അത് ജീവിതത്തിന്റെ അനിവാര്യതയാണെന്നും എം.ടി പറഞ്ഞു.
‘രാജ്യസഭയിലേക്ക് എഴുത്തുകാരെ പരിഗണിക്കുന്ന ഒരു പതിവുണ്ടായിരുന്നു. ജി. ശങ്കരക്കുറുപ്പ്, അതിനുശേഷം ആര്‍.കെ. നാരായണ്‍ എന്നിവരൊക്കെ രാജ്യസഭയിലെത്തി. ഒരേയൊരു തവണയാണ് ആര്‍.കെ. നാരായണ്‍ രാജ്യസഭയില്‍ പ്രസംഗിച്ചത്.
പുസ്തകക്കെട്ടുകള്‍ ചുമന്നുചുമന്ന് നമ്മുടെ കുട്ടികളുടെ നട്ടെല്ല് വളയുന്നു. ഇത് പരിഹരിക്കാന്‍ നിങ്ങള്‍ വിദഗ്ദര്‍ ഇടപെടണമെന്നായിരുന്നു അദ്ദേഹം അന്ന് ആവശ്യപ്പെട്ടത്. ഈ വിഷയം ഏറെ പ്രധാനപ്പെട്ടതുമാണ്. എന്റെ വീട്ടിലെ ഏഴാം ക്ലാസുകാരിയുടെ പുസ്തകക്കെട്ടുകളെടുത്ത് നോക്കിയപ്പോള്‍ ഇക്കാര്യം എനിക്കും ബോധ്യപ്പെട്ടു.
സാഹിത്യമൊക്കെ പാഠപുസ്തകത്തിലുണ്ട്. പക്ഷേ, കവിതകള്‍ ആരും മനഃപാഠം പഠിക്കേണ്ട. പണ്ട് കവിതകള്‍ മനഃപാഠം പഠിച്ച് പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ടായിരുന്നു. പോയ് പോയ് പരീക്ഷ തന്നെ ആവശ്യമില്ല എന്നനിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. എല്ലാവരെയും ജയിപ്പിക്കണം എന്ന ചിന്തയാണ് ഇവിടെ ഇപ്പോള്‍ വാഴുന്നത്.
ആരോഗ്യകരമായ ഒരു മത്സരം ഈ ജീവിതത്തിലില്ലെങ്കില്‍, ജീവിതം കൊണ്ട് എന്തര്‍ഥമാണുള്ളത്? ചാടാനും ഓടാനും തയാറായ ഏത് കുട്ടിയെയും നാം ഗെയിംസിനും ഒളിമ്പിക്സിനും അയക്കാറുണ്ട്.
യോഗ്യതാ മാര്‍ക്ക് കടക്കുന്നവര്‍ക്ക് ഇവിടെയെല്ലാം മത്സരിക്കാം. എന്നാല്‍, നമ്മുടെ പഠനസാഹചര്യം ഒന്നു നോക്കൂ. നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ ജയിക്കാനുള്ള മത്സരബുദ്ധി വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. അത് ജീവിതത്തിന്റെ അനിവാര്യതയാണ്. അനാരോഗ്യകരമായത് നമുക്കൊഴിവാക്കാം. പക്ഷേ, ഇതൊക്കെ അറിവിന്റെ ലോകത്തേക്ക് കടക്കുമ്പോഴുള്ള ഒരു മത്സരമാണ്,’ എം.ടി പറഞ്ഞു.
Content Highlight: MT Vasudevan Nair About Writer Perumal Murugan