രണ്ടാമൂഴം; എം.ടി -ശ്രീകുമാര്‍ മേനോന്‍ കേസ് ഒത്തുതീര്‍പ്പായി; തിരക്കഥ എം.ടിക്ക് മടക്കി നല്‍കും
Malayalam Cinema
രണ്ടാമൂഴം; എം.ടി -ശ്രീകുമാര്‍ മേനോന്‍ കേസ് ഒത്തുതീര്‍പ്പായി; തിരക്കഥ എം.ടിക്ക് മടക്കി നല്‍കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th September 2020, 1:20 pm

കൊച്ചി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതിര്‍പ്പിലേക്ക്.

എം.ടി വാസുദേവന്‍ നായര്‍ക്ക് തിരിക്കഥ തിരികെ നല്‍കാനും ശ്രീകുമാര്‍ മേനോന് എം.ടി അഡ്വാന്‍സ് തുക മടക്കി നല്‍കാനും തീരുമാനമായി. ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കോടതികളിലെ കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കാനും തീരുമാനിച്ചു.

കഥയ്ക്കും തിരക്കഥയ്ക്കുമുള്ള പൂര്‍ണ അവകാശം എം.ടിക്കായിരിക്കും. ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ല. മഹാഭാരതത്തെ കുറിച്ച് സിനിമ ചെയ്യാമെങ്കിലും ഭീമന്‍ കേന്ദ്ര കഥാപാത്രം ആകരുത്. അതേസമയം കോടതി നടപടികള്‍ക്ക് ശേഷം പ്രതികരിക്കുമെന്നായിരുന്നു വിഷയത്തില്‍ എം.ടി പറഞ്ഞത്.

2014 ലായിരുന്നു രണ്ടാമൂഴം സിനിമയാക്കാന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനകം സിനിമ എന്നായിരുന്നു കരാര്‍. എന്നാല്‍ ആ സമയപരിധിക്കുള്ളില്‍ സിനിമ പൂര്‍ത്തിയായില്ല.

ഇതിന് ശേഷമാണ് സിനിമയില്‍ നിന്ന് പിന്മാറുകയാണെന്ന് എം.ടി അറിയിച്ചത്. തിരക്കഥ തിരിച്ച് ആവശ്യപ്പെട്ട് പിന്നീട് എം.ടി കേസ് നല്‍കുകയും ചെയ്തു. വിഷയത്തില്‍ ആര്‍ബിട്രേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് പ്രശ്‌നം ഇരുവിഭാഗങ്ങളും ചര്‍ച്ച ചെയ്ത് ഒത്ത് തീര്‍പ്പ് ആക്കിയത്. ഒത്തുതീര്‍പ്പായ വിവരം കക്ഷികള്‍ സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരുന്നത്.

Content Highlight:  MT – Sreekumar Menon case settled, The script will be returned to MT