തിരുവനന്തപുരം: ബി.ജെ.പിക്ക് കേരളത്തില്‍ ജയിക്കാനായി കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് എം ടി രമേശ്. കേന്ദ്ര നേതാക്കളെയൊന്നും ഇറക്കാതെ തന്നെ ബി.ജെ.പി വിജയിച്ചിരിക്കുമെന്നും എം.ടി രമേശ് പറഞ്ഞു.
അതേസമയം നടന്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ തയ്യാറാകുന്ന പക്ഷം ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബി.ജെ.പി ആയിരിക്കുമെന്നും എം ടി രമേശ് പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളെ മോഹന്‍ലാല്‍ പ്രശംസിച്ചിട്ടുണ്ടെന്നും എം.ടി രമേശ് പറഞ്ഞു.
മോഹന്‍ലാലിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള നീക്കം സജീവമായി നടക്കുന്നുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
“തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാല്‍ ഞങ്ങളുടെ റഡാറിലുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. അദ്ദേഹം തീരുമാനമൊന്നും പറഞ്ഞിട്ടില്ല” എന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്.
മോഹന്‍ലാലിനെ ഇറക്കി സീറ്റ് നേടാമെന്ന് പ്രതീക്ഷ ദേശീയ നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന. അതേസമയം, ഇക്കാര്യത്തില്‍ ലാല്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇതേ വിഷയത്തില്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ ബി.ജെ.പി നേതാക്കളുമായി ലാലിന് നല്ല ബന്ധമാണുള്ളത്. ജന്മദിനാശംസകള്‍ നേര്‍ന്നു ട്വിറ്ററില്‍ സന്ദേശമയച്ചപ്പോള്‍ മോദി പ്രത്യേകം നന്ദി പറഞ്ഞതും, ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുമെല്ലാം ലാലിന്റെ രാഷ്ട്രീയ പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.