Kerala News
എ.കെ.ജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവാണ് കുമ്മനം: എം.ടി രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 09, 06:06 am
Saturday, 9th March 2019, 11:36 am

കോഴിക്കോട്: എ.കെ.ജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവാണ് കുമ്മനം രാജശേഖരനെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്.

കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്നും അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതെന്നും എം.ടി രമേശ് പറഞ്ഞു.

എ.കെ.ജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്നായിരുന്നു എം.ടി രമേശ് പറഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജ.പിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരനും പ്രതികരിച്ചിരുന്നു.


അഭിനന്ദന്റെ യൂണിഫോം പാക്കിസ്ഥാന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചതായി വ്യാജ വാര്‍ത്ത


കുമ്മനത്തിന്റെ വരവ് പാര്‍ട്ടിക്ക് ഉണര്‍വേകുമെന്നും കോണ്‍ഗ്രസിന്റെ ശശി തരൂരിനെ കുമ്മനം തോല്‍പ്പിച്ചിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും വി. മുരളീധരന്‍ പറഞ്ഞിരുന്നു.

കുമ്മനത്തിന്റെ വരവിനെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും പ്രതികരിച്ചത്. കുമ്മനം മത്സരിക്കണമെന്ന നിര്‍ദേശത്തെ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നെന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ബി.ജെപിയും ഇഷ്ടപ്പെടുന്ന നേതാവാണ് അദ്ദേഹമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.



മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജി വച്ച് കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. കുമ്മനം മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം പാലക്കാട്ട് നടന്ന യോഗത്തില്‍ അമിത് ഷായ്ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കുമ്മനം രാജശേഖരനെ തിരികെ കൊണ്ടുവരണമെന്ന നിലപാട് ആര്‍.എസ്.എസ് നേതൃത്വവും ആവര്‍ത്തിച്ചിരുന്നു.

കുമ്മനത്തെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അന്ന് കുമ്മനം സ്ഥാനം ഏറ്റെടുത്തത്. നിലവില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ലോക്‌സഭാ സീറ്റു നേടാനുള്ള അന്തരീക്ഷമുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് താന്‍ ആഗ്രഹിച്ചിരുന്നെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി ആഗ്രഹിക്കുന്നതും അത് തന്നെയാണെന്ന് തോന്നിയെന്നും അങ്ങനെയാണ് രാജി തീരുമാനിച്ചതെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.