| Friday, 1st January 2021, 6:04 pm

പ്രസിഡന്റിനെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പാര്‍ട്ടിയല്ല ബി.ജെ.പി; വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം പാടില്ലെന്നും എം.ടി രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രസിഡന്റിനെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു പാര്‍ട്ടിയല്ല ബി.ജെ.പിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.

ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ടാകും. പക്ഷേ പാര്‍ട്ടി എന്ന് പറയുന്നത് കൂട്ടായ്മയിലൂടെ ഉണ്ടാകുന്നതാണ്. ആ കൂട്ടായ്മയിലൂടെയാണ് കേരളത്തിലെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അതുകൊണ്ട് എവിടെയെങ്കിലും മാറ്റം ഉണ്ടാകണമെന്നുണ്ടെങ്കില്‍ പൊതുസാഹചര്യമനുസരിച്ച് അവരവര്‍ തീരുമാനിക്കേണ്ടതാണെന്നും ഇങ്ങനെ മാറണം, അങ്ങനെ മാറണം എന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും എം.ടി രമേശ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയില്‍ പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പിക്ക് ഒരുപാട് നേതാക്കന്‍മാരൊന്നും ഇല്ല. അതേസമയത്ത് അവരേക്കാള്‍ പതിന്മടങ്ങ് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുള്ള പാര്‍ട്ടിയാണ്. ജീവിതത്തിലൊരിക്കലും ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആവില്ലെന്ന് ഉറപ്പുണ്ടായിട്ടും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍മാര്‍.

ആ പ്രവര്‍ത്തകരുടെ വികാരം കൂടി മനസിലാക്കിക്കൊണ്ട് എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടാകണം. അതേസമയം തന്നെ ഒരുമിച്ച് പോകാനുള്ള പ്രവണതയും എല്ലാവരിലും ഉണ്ടാകണം. ഇത് പരസ്പര പൂരകമാണ്, എം.ടി രമേശ് പറഞ്ഞു.

ബി.ജെ.പി നേതൃനിരയിലേക്ക് ആര് വരണമെന്ന് അഭിപ്രായം പറയുന്ന ഘടകമല്ല ആര്‍.എസ്.എസെന്നും ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് ആര്‍.എസ്.എസിന് നിലപാടുണ്ടെന്നും അതിനപ്പുറത്തേക്ക് പ്രസിഡന്റ് ആരാകണം സെക്രട്ടറി ആരാകണമെന്ന് അവര്‍ തീരുമാനിക്കാറില്ലെന്നും എം.ടി രമേശ് പറഞ്ഞു.

സംസ്ഥാന ബി.ജെ.പിയില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഞാന്‍ ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അകത്ത് പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ട ഉത്തരവാദിത്തം തനിക്കുമുണ്ടെന്നും എം.ടി രമേശ് പറഞ്ഞു.

രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല, എതിരാളികള്‍ മാത്രമാണ് ഉള്ളത് എന്നാണ് വിശ്വാസം. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം അവസാനിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം.

മുന്‍പ് കേരളത്തിലെ പല പാര്‍ട്ടികളില്‍ ഉള്‍പ്പെടുന്ന നേതാക്കന്‍മാര്‍ തമ്മില്‍ വലിയ സൗഹൃദം ഉണ്ടായിരുന്നു. എതിര്‍പ്പുകളും രാഷ്ട്രീയവും മാറ്റി വച്ച് സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് വ്യക്തിപരമായും അവരുടെ കുടുംബങ്ങളെ പോലും ആക്ഷേപിക്കുന്ന ശൈലി കാണാം. അത് ഒരിക്കലും ഗുണകരമല്ല. അതൊട്ടും ശരിയല്ല’ എം.ടി.രമേശ് പറഞ്ഞു.

ഇത് സംസ്ഥാന അധ്യക്ഷനുള്ള മറുപടിയായി കൂട്ടിവായിക്കാമോ എന്ന ചോദ്യത്തിന് താന്‍ ആര്‍ക്കുമുള്ള സന്ദേശമായിട്ട് പറഞ്ഞതല്ലെന്നും പൊതുനിലപാട് പറഞ്ഞതാണെന്നുമായിരുന്നു എം.ടി രമേശിന്റെ മറുപടി.

കേരളത്തില്‍ യു.ഡി.എഫിന്റെ തകര്‍ച്ചയില്‍ ബി.ജെ.പിക്ക് തന്നെയാണ് നേട്ടമുണ്ടാകാന്‍ പോകുന്നതെന്നും രാജ്യമെമ്പാടും കോണ്‍ഗ്രസ് തകരുന്നിടത്ത് ബി.ജെ.പിയാണ് വിജയിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു.

Content Highlight: MT Remesh About Internal Issues In BJP

We use cookies to give you the best possible experience. Learn more