കോഴിക്കോട്: കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ പത്മജ വേണുഗോപാലിനൊപ്പം അദ്ദേഹവും ബി.ജെ.പിയിൽ ചേർന്നേനെയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ്.
പത്മജയെക്കാൾ കൂടുതൽ കോൺഗ്രസിന്റെ ചതിക്ക് വിധേയനായ വ്യക്തിയാണ് കരുണാകരനെന്ന് ബി.ജെ.പിയുടെ കോഴിക്കോട് ലോക്സഭാ സ്ഥാനാർത്ഥി കൂടിയായ രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരുപക്ഷേ കരുണാകരനോട് കാണിച്ച നന്ദികേടിനേക്കാൾ വലിയൊരു നന്ദികേട് കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാവിനോടും ആരും കാണിച്ചിട്ടില്ല.
അദ്ദേഹം വളർത്തിവലുതാക്കിയ നേതാക്കന്മാരെല്ലാവരും അദ്ദേഹത്തെ കൈയൊഴിഞ്ഞിട്ടാണ് അവസാനകാലത്ത് ഈ ലോകത്തോട് വിട പറഞ്ഞത്.
അതുകൊണ്ട് കരുണാകരൻ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം തന്നെ വരുമായിരുന്നു.
ഇന്നിപ്പോൾ കരുണാകരന്റെ പാരമ്പര്യവുമായിട്ടാണ് പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് വന്നിട്ടുള്ളത്. ഇത് കേരളത്തിലെ കോൺഗ്രസിന്റെ തകർച്ചയുടെ തുടക്കമാണ്.
ഒരുപാട് കോൺഗ്രസുകാർ മനസുകൊണ്ട് ഇപ്പോഴും ബി.ജെ.പിയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. അവരെല്ലാവരും ഇനിയുള്ള ദിവസങ്ങളിൽ ബി.ജെ.പിയിലേക്ക് വരിക തന്നെ ചെയ്യും,’ എം.ടി. രമേഷ് പറഞ്ഞു.
കരുണാകരനോട് ബി.ജെ.പിക്ക് രാഷ്ട്രീയപരമായ വിയോജിപ്പുണ്ടെങ്കിലും അന്നും ഇന്നും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം എന്ന് തങ്ങൾ സമ്മതിക്കുന്നതായി രമേഷ് പറഞ്ഞു.
കേരളത്തിലെ വികസനങ്ങൾക്ക് തുടക്കമിട്ട വ്യക്തിയാണ് അദ്ദേഹമെന്നും നെടുമ്പാശേരി വിമാനത്താവളം അതിന് ഉദാഹരണമാണെന്നും രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിനകത്തെ ഹിന്ദു നേതാക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് പത്മജ പറഞ്ഞതെന്നും മുസ്‌ലിം ലീഗിനും സംഘടിത മുസ്‌ലിം സമുദായ സംഘടനകൾക്കും വേണ്ടി വഴിവിട്ട് ആരുടെയും മുമ്പിൽ മുട്ടുമടക്കി ഓച്ഛാനിച്ച് സ്വന്തം വിശ്വാസം പോലും സംരക്ഷിക്കാൻ പല കോൺഗ്രസ് നേതാക്കൾക്കും സാധിക്കുന്നില്ലെന്ന് പത്മജ തന്നെ തുറന്നുപറഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന് ടി.വിയിലൂടെ വളർന്ന നേതാവെന്ന് പത്മജ വേണുഗോപാൽ നൽകിയ മറുപടിയിൽ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും രമേഷ് പറഞ്ഞു.
Content Highlight: MT Ramesh says Karunakaran too would join BJP if he was alive