തിരുവനന്തപുരം: ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ രചിച്ച വിചാരധാര 1940-50 കാലഘട്ടത്തിലുള്ളതാണെന്ന ബി.ജെ.പി നേതാവ് എം.ടി. രമേശിന്റെ വാദം കള്ളം. 1966ല്‍ രചിക്കപ്പെട്ട വിചാരധാരയെയാണ് 40കളിലേതെന്ന് പറഞ്ഞ് എം.ടി. രമേശ് തള്ളിക്കളയുന്നത്.
നാല് ഭാഗങ്ങളിലായി ആകെ 23 അധ്യായങ്ങളാണ് വിചാരധാരയിലുള്ളത്. ഇതില്‍ പേജ് 208 മുതല്‍ 236 വരെയുള്ള അധ്യായങ്ങളില്‍ ആന്തരിക ഭീഷണി എന്ന ഭാഗത്തിലാണ് ക്രിസ്ത്യാനികളെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ പരാമര്‍ശിക്കുന്നത്.
‘പുറമെനിന്നുള്ള ശത്രുക്കളേക്കാള്‍ ദേശീയഭദ്രതയ്ക്ക് കൂടുതല്‍ അപകടകാരികള്‍ രാജ്യത്തിനകത്തുള്ള ശത്രുഘടകങ്ങളാണെന്നാണ് പല രാജ്യങ്ങളുടെയും ചരിത്രത്തില്‍നിന്നുള്ള പാഠം. എന്നാല്‍,നിര്‍ഭാഗ്യവശാല്‍ ദേശീയഭദ്രതയെ സംബന്ധിച്ച ഈ പ്രഥമപാഠമാണ് ബ്രിട്ടീഷുകാര്‍ ഈ നാട് വിട്ടുപോയ നാള്‍മുതല്‍ തുടര്‍ച്ചയായി നമ്മുടെ നാട്ടില്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്,’ എന്നാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞിരിക്കുന്നത്.
ഇതില്‍ നിന്ന് തന്നെ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് പുസ്തകം ഇറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ്.
‘ക്രിസ്ത്യാനികളെ സംബന്ധിച്ചാണെങ്കില്‍ ഒരു ബാഹ്യനിരീക്ഷകന് അവര്‍ തീരെ നിരുപദ്രവികളായി മാത്രമല്ല, മനുഷ്യവര്‍ഗത്തോടുള്ള സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂര്‍ത്തിമദ്ഭാവങ്ങളായിപ്പോലും തോന്നും!
മനുഷ്യവര്‍ഗത്തെ ഉദ്ധരിക്കുന്നതിനായി സര്‍വശക്തനാല്‍ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടില്‍ സേവനം, മനുഷ്യവര്‍ഗത്തിന്റെ മുക്തി തുടങ്ങിയ വാക്കുകള്‍ അവരുടെ പ്രഭാഷണങ്ങളില്‍ ധാരാളം കേള്‍ക്കാം.
എല്ലായിടത്തും അവര്‍ വിദ്യാലയങ്ങളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും നിഷ്‌കളങ്കരുമായ നമ്മുടെ ആളുകള്‍ ഇവകൊണ്ടെല്ലാം ഭ്രമിച്ചുപോകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നതില്‍ ക്രിസ്ത്യാനികളുടെ യഥാര്‍ഥ ഉദ്ദേശ്യമെന്താണ്?’ എന്നാണ് ക്രിസ്ത്യാനികളെ കുറിച്ചുള്ള അധ്യായം തുടങ്ങുന്നത് തന്നെ.
എന്നാല്‍ വളരെ പണ്ട് പറഞ്ഞ കാര്യം എന്ന രീതിയിലാണ് എം.ടി. രമേശ് വിചാരധാരയെ സമീപിച്ചിരിക്കുന്നത്.
വിചാരധാരയിലുള്ളത് 1940കളിലും 50കളിലും പറഞ്ഞ കാര്യങ്ങളാണെന്നും ഇപ്പോള്‍ ആ പറഞ്ഞതിന് പ്രസക്തിയില്ലെന്നുമാണ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ എം.ടി. രമേശ് പറഞ്ഞത്. വിചാരധാരയെ തള്ളിപ്പറയാന്‍ ബി.ജെ.പി തയാറുണ്ടോയെന്ന് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയായാണ് അദ്ദേഹം വിചാരധാരയെ തള്ളിക്കളയുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കിയിരിക്കുന്നത്.
വിചാരധാര മന്ത്രി റിയാസ് കെട്ടിപ്പിടിച്ച് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആര്‍.എസ്.എസ് നടത്തുന്ന ആക്രമണങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പെട്ടന്ന് തോന്നി ചെയ്യുന്നതല്ലെന്നും ആര്‍.എസ്.എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയില്‍നിന്ന് പ്രചോദിതമായാണ് ഇത്തരം ആക്രമങ്ങള്‍ നടത്തുന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആര്‍.എസ്.എസ് ഇത് വരെ ക്രൈസ്തവ വിശ്വാസികളോട് കാണിച്ചിട്ടുള്ള അക്രമങ്ങള്‍ നിരത്തിക്കൊണ്ടായിരുന്നു റിയാസ് സംസാരിച്ചത്.
content highlight: mt ramesh’s argument about vicharadhara is false