| Monday, 11th October 2021, 9:08 pm

സ്വയം പദവികളില്‍ അഭിരാമിക്കാതെ മറ്റുള്ളവരെ കൈ പിടിച്ചു ഉയര്‍ത്താന്‍ കാണിക്കുന്ന മനോഭാവമാണ് പക്വത; നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എം.ടി രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പുനസംഘടനയ്ക്ക് പിന്നാലെ അതൃപ്തി വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ജയപ്രകാശ് നാരായണന്റെ ജന്മദിനത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലായിരുന്നു എം.ടി. രമേശ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്.

സ്വയം പദവികളില്‍ അഭിരാമിക്കാതെ മറ്റുള്ളവരെ കൈ പിടിച്ചു ഉയര്‍ത്താന്‍ ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വതയെന്നായിരുന്നു എം.ടി. രമേശിന്റെ പ്രതികരണം.

പക്വതയും അനുഭവ പരിചയവും നേതൃത്വത്തിന് അഭികാമ്യമാണെന്നും പോസ്റ്റില്‍ പറയുന്നു.പക്വതയുള്ള നേതൃത്വത്തിന് മാത്രമേ അണികളെ കൂട്ടം തെറ്റാതെ നയിക്കാന്‍ സാധിക്കൂവെന്നും എം.ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ ബി.ജെ.പിയുടെ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനലിസ്റ്റുകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് എം.ടി. രമേശ് അടക്കമുള്ള നേതാക്കള്‍ ഒഴിവായിരുന്നു. എ.എന്‍.രാധാകൃഷ്ണന്‍, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയവരാണ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയത്.

എം.ടി. രമേശിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,

ജയപ്രകാശ് നാരായണന്റെ ജന്മദിനം.

ജനാധിപത്യത്തിന്റെ ജെ.പി.

എഴുപതുകളില്‍ ഇന്ത്യന്‍ യുവത്വത്തെ ത്രസിപ്പിച്ച വിപ്ലവ നായകന്‍ ജയപ്രകാശ് നാരായണനെ സ്മരിക്കാതെ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രം പൂര്‍ത്തിയാകില്ല.

രാഷ്ട്രീയത്തിന് സംഭവിച്ച മൂല്യശോഷണവും വ്യാപകമാവുന്ന അഴിമതിയും തൊഴിലില്ലായ്മയും വരള്‍ച്ചയും എഴുപതുകളുടെ ആരംഭത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം രൂപപ്പെടുത്തിയിരുന്നു. കലാലയങ്ങളും സര്‍വ്വകലാശാലകളും സമരഭൂമിയായി മാറി. ഈ സമരങ്ങള്‍ക്ക് ആശയപരമായ ദിശാബോധം നല്കിയതും സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയം യുവാക്കള്‍ക്കിടയില്‍ അവതരിപ്പിച്ചതും ജയപ്രകാശ് നാരായണ്‍ എന്ന നേതാവായിരുന്നു.സമരം ചെയ്യുക, ജയിലുകള്‍ നിറയട്ടെ എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ഇന്ത്യന്‍ യുവത്വം ഏറ്റെടുത്തു.

1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായി. 1977 ല്‍ അടിയന്തരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാര്‍ട്ടിക്ക് പിന്നില്‍ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു. 1902 ല്‍ ജനിച്ച ജയപ്രകാശ് നാരായണന്‍ അദ്ദേഹത്തിന്റെ മരണം വരെ ജനാധിപത്യത്തിനും ജനക്ഷേമത്തിനുമായി നിലകൊണ്ടു, അധികാരത്തോട് ഒട്ടും ആഭിമുഖ്യം കാണിക്കാതെ പൊതുപ്രവര്‍ത്തനത്തിന് മാതൃകയായി. തന്റെ എഴുപത്തിയഞ്ചാം വയസ്സിലും യുവാക്കളെ പ്രചോദിപ്പിക്കാനും നയിക്കാനും സാധിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള പരിചയവും പക്വതയും അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. സമരോത്സുക യൗവനങ്ങളെ കൂട്ടം തെറ്റാതെ സമരപാതയില്‍ നയിക്കാന്‍ ജെ.പിയുടെ അനുഭവ പരിചയവും പക്വതയും സഹായിച്ചു.

പക്വതയുള്ള അനുഭവ പരിചയമുള്ള നേതൃത്വത്തിന് മാത്രമേ സമഗ്രമായ മാറ്റത്തിനും പരിവര്‍ത്തനത്തിനും സാധിക്കു. 77 ല്‍ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി പദം പോലും അദ്ദേഹത്തിന് സ്വീകരിക്കാമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

MT Ramesh indirectly criticizes the BJP leadership

We use cookies to give you the best possible experience. Learn more