കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ച സംസ്ഥാന ഭാരവാഹികള്‍ക്ക് മുന്നില്‍ പരാതിയുമായി ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനും സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരിയുമാണ് രണ്ട് ദിവസത്തെ തെളിവെടുപ്പിനായി ജില്ലയിലെത്തിയത്. ജില്ല പ്രസിഡന്റ് വി.കെ. സജീവനും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിനുമെതിരെയടക്കം പ്രവര്‍ത്തകരും നേതാക്കളും പരാതിയുയര്‍ത്തി.
കോഴിക്കോട് നോര്‍ത്തില്‍ മത്സരിച്ച എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പാളിയതായി പ്രവര്‍ത്തകര്‍ നേതാക്കളെ അറിയിച്ചു. പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഗ്രൂപ്പ് പ്രവര്‍ത്തനമാക്കിയെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് നോര്‍ത്ത് മണ്ഡലത്തിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയ സ്ഥിതിഗതികളും അറിയില്ലായിരുന്നുവെന്ന് യുവമോര്‍ച്ച പറഞ്ഞു. ഫലം വന്ന് മൂന്ന് മാസത്തോടടുത്തിട്ടും തെരഞ്ഞെടുപ്പ് കണക്കുകള്‍ ഇതുവരെ അവതരിപ്പിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു.
തളിയില്‍ ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫിസ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും ചിലര്‍ അന്വേഷണസമിതിയെ അറിയിച്ചു. ജില്ല ഓഫീസുകള്‍ നിര്‍മിക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം ആവശ്യത്തിന് ഫണ്ട് അനുവദിച്ചിരുന്നു.
എന്നാല്‍, വടകരയിലെ നിര്‍മാണരംഗത്തെ സഹകരണ സ്ഥാപനത്തില്‍നിന്നടക്കം പിരിവ് നടത്തി. സി.പി.ഐ.എമ്മിന്റെ കള്ളപ്പണ കേന്ദ്രമാണെന്ന് ബി.ജെ.പി. തന്നെ ആരോപണമുന്നയിച്ച സ്ഥാപനമാണിതെന്നും ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു.
യുവമോര്‍ച്ചയുടെ ജില്ലയിലെ പ്രധാന നേതാവ് ക്വട്ടേഷന്‍ സംഘത്തലവനെപ്പോലെ പ്രവര്‍ത്തിക്കുന്നതായും ചില യുവനേതാക്കള്‍ അന്വേഷണസമിതിക്ക് മുന്നില്‍ കുറ്റപ്പെടുത്തി.
ബാര്‍ ഹോട്ടലിനെതിരായ വാര്‍ത്ത മുക്കാന്‍ സംഘപരിവാര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ക്ക് യുവമോര്‍ച്ചയുടെ ജില്ലയിലെ പ്രമുഖ നേതാവ് പണം കൊടുക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടര്‍ പണം വാങ്ങാതെ തിരിച്ചയച്ചെന്നും ആക്ഷേപമുണ്ടായി.